സാഹിത്യം
കാരാഗൃഹത്തില്‍ വിടരുന്ന അക്ഷരപ്പൂക്കള്‍
അറബ് സാഹിത്യലോകത്തെ ഏറ്റവും മികച്ച രചനക്ക് അബൂദബി സർക്കാർ വർഷംതോറും നൽകിവരുന്നതാണ് അമ്പതിനായിരം ഡോളറിന്റെ അറബിക് ഫിക്്ഷൻ പ്രൈസ്. അന്താരാഷ്ട്ര പ്രാധാന്യമുള്ള സാഹിത്യബഹുമതികളിൽ ഏറെ വിശിഷ്ടമായ ഈ പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ ഫലസ്തീൻ എഴുത്തുകാരനാണ് ബാസിം ഖന്ദാഗ്ജി.
അറബിക് ബുക്കർ എന്ന പേരിൽ പ്രശസ്തമായ ഇന്റർനാഷനൽ അറബിക് ഫിക്്ഷൻ പ്രൈസ് (International Prize for Arabic Fiction) ഇത്തവണ ഇസ്്റാഈലിലെ കാരാഗൃഹത്തിലേക്കാണ് കടന്നുവന്നത്. പുരസ്കാര ജേതാവ്, ഇരുപതു വർഷമായി ഇസ്്റാഈൽ സൈന്യത്തിന്റെ തടവറയിൽ കഴിയുന്ന ഫലസ്തീൻ എഴുത്തുകാരൻ ബാസിം ഖന്ദാഗ്ജി. അറബ് സാഹിത്യലോകത്തെ ഏറ്റവും മികച്ച രചനക്ക് അബൂദബി സർക്കാർ വർഷംതോറും നൽകിവരുന്നതാണ് അമ്പതിനായിരം ഡോളറിന്റെ അറബിക് ഫിക്്ഷൻ പ്രൈസ്. അന്താരാഷ്ട്ര പ്രാധാന്യമുള്ള സാഹിത്യ ബഹുമതികളിൽ ഏറെ വിശിഷ്ടമായ ഈ പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ ഫലസ്തീൻ എഴുത്തുകാരനാണ് ബാസിം ഖന്ദാഗ്ജി.
ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ നബ്ലൂസ് എന്ന പട്ടണത്തിൽ 1983 ൽ ജനിച്ച ബാസിം ഖന്ദാഗ്ജി (Basim Khandagji) 2004 മുതൽ ഇസ്്റാഈൽ തടവറയിൽ കഴിയുകയാണ്. ആ വർഷം ടെൽ അവീവിലെ തിരക്കേറിയ കാർമൽ മാർക്കറ്റിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തു എന്ന കുറ്റം ആരോപിച്ചാണ് ഇസ്്റാഈൽ സൈന്യം അക്കാലത്ത് ഇരുപത്തിയൊന്ന് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ബാസിമിനെ അറസ്റ്റു ചെയ്തത്. സ്‌ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. വിചാരണക്കു ശേഷം ഇസ്്റാഈൽ കോടതി മൂന്ന് ജീവപര്യന്തമാണ് ഈ എഴുത്തുകാരന് വിധിച്ചത്.
അറബ് സാഹിത്യലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ് ബാസിം ഖന്ദാഗ്ജിയുടെ രചനകൾ. ഒട്ടേറെ കവിതകളുടെയും നാല് നോവലുകളുടെയും അസംഖ്യം ചെറുകഥകളുടെയും ഉപന്യാസങ്ങളുടെയും രചയിതാവാണ് അദ്ദേഹം. ചെറുകഥകൾ എഴുതിക്കൊണ്ട് അക്ഷരലോകത്ത് പ്രവേശിച്ച ബാസിം ജയിലിലെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും എഴുത്തിനെ കൈവിട്ടില്ല. Rituals of the First Time (2010), The Breath of a Nocturnal Poem (2013) എന്നിവയാണ് ഈ എഴുത്തുകാരന്റെ ഏറെ ശ്രദ്ധേയമായ കാവ്യസമാഹാരങ്ങൾ. The Narcissus of Isolation (2017), The Eclipse of Badr al-Din (2019), The Breath of a Woman Let Down (2020) എന്നിവ ആദ്യ നോവലുകളാണ്.
ബാസിമിന്റെ നാലാമത്തെ നോവലാണ് പുരസ്‌കൃത രചനയായ “A Mask, the Colour of the Sky’. 2021 ൽ എഴുതിത്തുടങ്ങിയ നോവൽ ആറ് മാസംകൊണ്ട് പൂർത്തിയാക്കിയെങ്കിലും അതിനുവേണ്ടിയുള്ള പഠനഗവേഷണങ്ങൾക്കായി വർഷങ്ങളാണ് അദ്ദേഹം ചെലവഴിച്ചത്. രാമല്ലയിലെ ഒരു അഭയാർഥി ക്യാമ്പിലെ അന്തേവാസിയായ നൂർ ആണ് ഈ നോവലിലെ നായകൻ.
ഫലസ്തീനിലെ ആർക്കിയോളജിസ്റ്റായിരുന്ന അയാൾക്ക് ഒരിക്കൽ യാദൃച്ഛികമായി പഴയൊരു കോട്ടിന്റെ കീശയിൽനിന്നും ഏതോ ഒരു ഇസ്്റാഈലി പൗരന്റെ നീല തിരിച്ചറിയൽ കാർഡ് ലഭിക്കുന്നു. അതൊരു മുഖംമൂടിയായി ഉപയോഗിച്ചുകൊണ്ട് ഇസ്റാഈലി സൈന്യത്തിന്റെ നിയന്ത്രണങ്ങളെ അതിജീവിക്കാൻ ശ്രമിക്കുന്ന കഥാനായകന്റെ പിന്നീടുള്ള ജീവിതത്തിലെ സംഭവബഹുലമായ മുഹൂർത്തങ്ങൾ തികഞ്ഞ യാഥാർഥ്യബോധത്തോടെ ചിത്രീകരിക്കുകയാണ് നോവലിസ്റ്റ്.
ഇത്തവണത്തെ അറബിക് ഫിക്്ഷൻ അവാർഡിന് പരിഗണിക്കപ്പെട്ടത് 2022 ജൂലൈ മുതൽ 2023 ജൂലൈ വരെ അറബിയിൽ പ്രസിദ്ധീകരിച്ച നോവലുകളാണ്. അതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച നൂറ്റിമുപ്പത്തിമൂന്ന് എൻട്രികളിൽ നിന്നാണ് ബാസിമിന്റെ ഈ നോവൽ തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കഴിഞ്ഞ ഏപ്രിൽ 28 ന് അബൂദബി ബുക്ക് ഫെസ്റ്റിവലിന്റെ തലേന്ന് സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങിൽ ബാസിമിനു വേണ്ടി അദ്ദേഹത്തിന്റെ പ്രസാധകർ ഈ പുരസ്‌കാരം ഏറ്റുവാങ്ങി. പുരസ്‌കാര നിർണയ സമിതിയുടെ ചെയർമാൻ, സിറിയൻ എഴുത്തുകാരനായ നബീൽ സുലേയ്മാൻ ഈ നോവലിനെ വിലയിരുത്തിയത് ഇങ്ങനെയാണ്. “കുടുംബ ബന്ധങ്ങൾക്ക് സംഭവിക്കുന്ന വിള്ളലുകൾക്കും, അതോടൊപ്പം സ്ഥാനഭ്രംശം, വംശഹത്യ, വംശീയത തുടങ്ങിയ സാമൂഹികപ്രശ്നങ്ങൾക്കും പിന്നിലെ സങ്കീർണവും കഠിനവുമായ യാഥാർഥ്യങ്ങളെ ഇഴകീറി പരിശോധിക്കുന്നു ബാസിമിന്റെ ഈ നോവൽ.’