Connect with us

Editorial

എതിരേൽക്കാം, നിറഞ്ഞ സന്തോഷത്തോടെ...

മുൻവർഷത്തെ നല്ല അനുഭവങ്ങളെ മനസ്സിൽ കുടിയിരുത്തി മോശമായവ തുടച്ചു നീക്കാനായിരിക്കണം നമ്മുടെ ചിന്തകൾ. ഭാവിജീവിതം കൂടുതൽ കാര്യക്ഷമമാകാനും ഫലദായകമാകാനും നമുക്ക് പ്രതിജ്ഞ പുതുക്കാം.

Published

|

Last Updated

ആയുസ്സിന്റെ നീളവും ചരിത്രത്തിന്റെ ദൈർഘ്യവും പിന്നെയും ചലിച്ച് വീണ്ടുമൊരു സംവത്സരം കൂടി സമാഗതമായിരിക്കുന്നു. അതിരറ്റ പ്രതീക്ഷകളോടെയും നിറഞ്ഞ സന്തോഷത്തോടെയുമാണ് ഈ പുതുവർഷത്തെയും നാം വരവേൽക്കുന്നത്. വർഷാവർഷ കണക്കെടുക്കുമ്പോൾ പ്രതീക്ഷകളധികവും പൂവണിഞ്ഞില്ലെന്നും പ്രതിജ്ഞകളിൽ പലതും പാലിക്കപ്പെട്ടില്ലെന്നും നാം തിരിച്ചറിയുന്നു. എങ്കിലും ജീവിതത്തിൽ നിരാശക്ക് സ്ഥാനമില്ലെന്നും പ്രത്യാശാപൂർണമായ ഭാവിയാണ് മുന്നിലുള്ളതെന്നുമുള്ള ശുഭാപ്തിയിൽ വീണ്ടും പ്രതീക്ഷകൾ തളിർക്കുന്നു. പുതുവർഷത്തിൽ സമാധാനം, മുന്നേറ്റം, അഭിവൃദ്ധി തുടങ്ങിയ ആശയങ്ങളെ അനുകൂലമാക്കി നെയ്‌തെടുക്കാനുള്ള ശ്രമമാണ് പ്രാവർത്തികമാക്കേണ്ടത്. പ്രതീക്ഷകൾ എന്നത് ശൂന്യതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന ഒന്നല്ല. അതിജീവനത്തിന്റെ ദൈനംദിനാനുഭവങ്ങളിൽ കണ്ടെത്തുന്ന ഒന്നാണത്. അതുകൊണ്ടു തന്നെ പ്രതിസന്ധികളും നിരാശകളുമാണ് ചുറ്റുമെങ്കിലും നമുക്കതിനെയൊക്കെ അതിജീവിച്ചേ മതിയാകൂ. നമ്മുടെ ജീവിതത്തിൽ നിന്ന് കൊഴിഞ്ഞുപോയ ഒരു വർഷം. നാം ആവേശത്തോടെ വിചാരിച്ചു കൂട്ടിയിരുന്ന എന്തെല്ലാം സ്വപ്നങ്ങളാണ് പൂട്ടിയിട്ടത്. എത്ര വേഗത്തിലാണ് നമ്മുടെ ജീവിതങ്ങളുടെ പതിവ് താളങ്ങൾ തെന്നിമറിഞ്ഞത്.

അതിജീവനത്തിനായുള്ള പോരാട്ടത്തിൽ മാറ്റം വരുത്താൻ പറ്റാത്ത ഒന്നുമില്ല. എന്നാൽ പരമ്പരാഗത സങ്കൽപ്പങ്ങൾ തിരസ്‌കരിച്ച്, പൈതൃകം അവഗണിച്ച് ഒരു പുതുവഴി പ്രായോഗികമല്ല. ചലനരഹിതമായ ഉത്പാദന മേഖലയും അസാധാരാണമായ ഉപഭോഗവും അനിർവചനീയമായ ആഗോള പരിതസ്ഥിതിയും വെല്ലുവിളികൾ നിറഞ്ഞതാണ്. കൊവിഡിന് ശേഷം ആഗോള സമ്പദ് വ്യവസ്ഥയിൽ ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് പ്രതീക്ഷ ജനിപ്പിച്ചിരുന്നു. എന്നാൽ ഉത്പാദന മേഖലയിലുൾപ്പെടെ വന്നുപെട്ട മാന്ദ്യവും സാമ്പത്തിക പ്രതിസന്ധിയും നാൾക്കുനാൾ രൂക്ഷമാവുകയാണ്. വ്ളാദിമിർ പുടിന്റെ യുക്രൈൻ അധിനിവേശം യൂറോപ്പിലെ ഏറ്റവും വലിയ ഭൂമിസംഘർഷത്തിന് വഴിമരുന്നിട്ടതിനാൽ പോയ വർഷത്തിന്റെ സായാഹ്നത്തിൽ തന്നെ ശുഭാപ്തി തകർന്നു. ആസന്നമായേക്കാവുന്ന ആഗോള മാന്ദ്യത്തെ അളക്കാനാവുന്നില്ലെങ്കിലും ഭവിഷ്യത്തുക്കൾ സാമ്പത്തിക വിദഗ്ധർ വരച്ചുകാട്ടുന്നുണ്ട്. പ്രധാന സമ്പദ് വ്യവസ്ഥകളിലെ മോശമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രവണതകൾ, ചൈനയിലെ അനിശ്ചിതത്വം, കൊവിഡാനന്തര കാലം ലോക സാമ്പത്തിക പരിതസ്ഥിതിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്ക പരന്നിട്ടുണ്ട്.

കൊവിഡ് കാലത്തെ അനുഭവങ്ങൾ മനസ്സിൽ നിന്നും മിന്നിമറയും മുമ്പ് മറ്റൊരു അതിവേഗ വ്യാപന വകഭേദം ഭീഷണിയായി ലോകത്തിന് തലക്ക് മീതേയുണ്ട്. പുതുവർഷം നേരിടുന്ന വെല്ലുവിളി വൈറസ് ഭീഷണിയാകുമോയെന്ന ഉത്കണ്ഠയും മാസ്‌കും സാനിറ്റൈസറും ജീവിതത്തിന്റെ ഭാഗമാകുമോയെന്ന ശങ്കയും വഴിമാറുന്നില്ല.

വിദ്വേഷത്തിന്റെ കാർമേഘങ്ങൾ അന്തരീക്ഷത്തിൽ കുമിഞ്ഞു കൂടുന്നത് വലിയ ആശങ്കക്കും അരക്ഷിതാവസ്ഥക്കുമാണ് വഴിവെക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളും വിവേചനങ്ങളും ജനാധിപത്യ ഇന്ത്യയിൽ നാൾക്കുനാൾ ശക്തിപ്പെടുന്നു. പക്വതയോടെയുള്ള രാഷ്ട്രീയം അന്യമായിക്കൊണ്ടിരിക്കുന്നുവെന്ന് മാത്രമല്ല, അധികാരത്തിലേക്കുള്ള കുറുക്കുവഴിക്കായി ഉന്മൂലന സിദ്ധാന്തം വരെ പരീക്ഷിക്കപ്പെടുന്നു. പകയും വിദ്വേഷവും തഴച്ചുവളരാൻ വെള്ളവും വളവും മാത്രമല്ല അധികാരത്തണലും ലഭിക്കുന്നു. ആയുധബലം കൂട്ടാനും എതിരാളികളെ ഭീഷണിപ്പെടുത്താനും ഭീതിപരത്താനും കൊണ്ടുപിടിച്ച ശ്രമവും ഒരു ഭാഗത്ത്.
കുത്തക ഭീമന്മാർക്ക് രാജ്യത്തെ തീറെഴുതുന്നുവെന്ന ആരോപണങ്ങൾക്ക് കാലപ്പഴക്കമുണ്ടെങ്കിലും രാജ്യത്തിന്റെ പോക്ക് ആ വഴിക്ക് തന്നയാണെന്ന് ഇപ്പോൾ നാം തിരിച്ചറിയുന്നു. കാർഷിക ഉത്പന്നങ്ങൾക്ക് വിലയിടിയുമ്പോൾ ഉത്പാദനച്ചെലവ് പോലും ലഭിക്കാത്ത കർഷകന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വരികയാണ്. വൻകിട കോർപറേറ്റുകളുടെ വാണിജ്യ ശൃംഖലകൾ മുക്കിലും മൂലയിലും മുളച്ചുവളരുമ്പോൾ ചെറുകിട കച്ചവടവും കുടിൽ വ്യവസായങ്ങളും അന്യമാവുകയാണ്. ഇതോടെ തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനും വളക്കൂറുള്ള മണ്ണാവുകയാണ് നമ്മുടെ ഇന്ത്യ.

കിടപ്പാടം നഷ്ടപ്പെടുമോയെന്ന ആശങ്കക്കിടയിൽ മലയോര മേഖലകളിൽ കഴിയുന്ന പച്ച മനുഷ്യരുടെ ജീവിതം ബഫർസോൺ ഭീഷണിയിലാണ്. അവരുടെ ആശങ്ക ദൂരീകരിക്കാനും ജീവിത സാഹചര്യം മെച്ചപ്പെടുത്താനും ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന് പുതുവർഷത്തിൽ ആത്മാർഥ ശ്രമമുണ്ടാവേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥരെ നിയോഗിച്ച് യഥാർഥ ബഫർ സോൺ കണ്ടെത്താനും അവിടത്തെ ജനജീവിത സാഹചര്യങ്ങൾ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തി ഇളവ് നേടാനും കഴിയണം. ഇപ്പോൾ തന്നെ ഭൂപ്രശ്‌നങ്ങളും വന്യജീവി ശല്യവും വിലയിടിവും മൂലം പൊറുതിമുട്ടിയ ജനതക്ക് ആശ്വാസം നൽകാൻ നമുക്ക് കഴിയണം.

ഏകസിവിൽകോഡെന്ന ഭീഷണി ഒട്ടേറെ മനുഷ്യർ വിശിഷ്യാ രാജ്യത്ത് പ്രത്യേകം വ്യക്തിനിയമങ്ങൾ ജീവിത ചിട്ടയായി പാലിച്ചുപോരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. നാനാത്വത്തിൽ ഏകത്വമെന്ന പൈതൃകവും പാരമ്പര്യവും മുറുകെ പിടിച്ച് പുതുയുഗത്തിൽ അധികാരികൾ മാറിച്ചിന്തിക്കുമെന്ന പ്രതീക്ഷയിലാണ് അവർ കഴിഞ്ഞുകൂടുന്നത്. വെല്ലുവിളികൾ ഒരു ഭാഗത്ത് ഭീതി പടർത്തുമ്പോഴും നാളെ പുലരുന്ന പ്രതീക്ഷകളിൽ നന്മ വിളയുമെന്ന ശുഭാപ്തിയാണ് അവരെ നയിക്കുന്നത്. സന്തോഷവും സങ്കടവും വരുമ്പോഴും സമാധാനിക്കാനാകണം. രാജ്യത്ത് സ്‌നേഹച്ചരടിൽ വർഗ, വർണ ഭേദമന്യേ ഒത്തിണങ്ങിയ കണ്ണികൾ അറ്റുപോകാതിരിക്കണം. ജീവിത ബന്ധങ്ങളെ സന്തോഷച്ചരടിൽ കൂട്ടിയോജിപ്പിക്കണം. മുൻവർഷത്തെ നല്ല അനുഭവങ്ങളെ മനസ്സിൽ കുടിയിരുത്തി മോശമായവ തുടച്ചു നീക്കാനായിരിക്കണം നമ്മുടെ ചിന്തകൾ. ഭാവിജീവിതം കൂടുതൽ കാര്യക്ഷമമാകാനും ഫലദായകമാകാനും നമുക്ക് പ്രതിജ്ഞ പുതുക്കാം.