Connect with us

Editorial

കല്ലാംകുഴി ഇരട്ടക്കൊലക്കേസ് വിധിയിലെ പാഠവും താക്കീതും

കേസിലെ 26 പ്രതികളില്‍ 25 പേര്‍ക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയുമാണ് പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. മുസ്‌ലിം ലീഗ്- ഇ കെ സമസ്ത പ്രവര്‍ത്തകരാണ് പ്രതികളെല്ലാം. ഇത്രയും കൂടുതല്‍ പേര്‍ക്ക് ഒന്നിച്ചു ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്നത് അപൂര്‍വമാണെന്നാണ് നിയമവൃത്തങ്ങളുടെ പക്ഷം.

Published

|

Last Updated

കക്ഷിരാഷ്ട്രീയത്തിന്റെ ബലത്തില്‍ നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാമെന്ന വിശ്വാസത്തില്‍ നാട്ടില്‍ അക്രമവും ഗുണ്ടായിസവും നടത്തുന്നവര്‍ക്ക് കനത്ത താക്കീതാണ് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊലക്കേസിലെ കോടതി വിധി. കേസിലെ 26 പ്രതികളില്‍ 25 പേര്‍ക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയുമാണ് പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. മുസ്ലിം ലീഗ്- ഇ കെ സമസ്ത പ്രവര്‍ത്തകരാണ് പ്രതികളെല്ലാം. ഇത്രയും കൂടുതല്‍ പേര്‍ക്ക് ഒന്നിച്ചു ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്നത് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ അപൂര്‍വമാണെന്നാണ് നിയമവൃത്തങ്ങളുടെ പക്ഷം.

2013 നവംബര്‍ 20ന് രാത്രിയാണ് സുന്നി പ്രവര്‍ത്തകരും സഹോദരങ്ങളുമായ കല്ലാംകുഴി പള്ളത്ത് വീട്ടില്‍ ഹംസയും നൂറുദ്ദീനും കൊല്ലപ്പെട്ടത്. എസ് വൈ എസ് കല്ലാംകുഴി യൂനിറ്റ് സെക്രട്ടറിയായിരുന്നു നൂറുദ്ദീന്‍. നാട്ടിലെ പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലക്ക് കാരണമായി പൊതുവെ വിലയിരുത്തപ്പെടുന്നതെങ്കിലും ലീഗിന് ഏറെ സ്വാധീനമുള്ള മേഖലയില്‍ പാര്‍ട്ടിയുടെ തിട്ടൂരം അവഗണിച്ച് സുന്നി പ്രവര്‍ത്തന രംഗത്ത് ഇവര്‍ നടത്തിയ മികച്ച മുന്നേറ്റമാണ് യഥാര്‍ഥത്തില്‍ നാടിനെ നടുക്കിയ ഈ ക്രൂരകൃത്യത്തിനു പിന്നില്‍. വളരെ ആസൂത്രിതമായാണ് കൃത്യം നടപ്പാക്കിയത്. പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കം ചര്‍ച്ച ചെയ്ത് പരിഹരിക്കാനെന്ന വ്യാജേന ഹംസയെയും നൂറുദ്ദീനെയും കോങ്ങാട് മണ്ഡലം ലീഗ് പ്രസിഡന്റിന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും അവിടേക്കുള്ള യാത്രാമധ്യേ മാരകായുധങ്ങളുമായി വഴിയില്‍ സംഘടിച്ചു നിന്ന ലീഗ് ഗുണ്ടകള്‍ രണ്ട് പേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പശുമാംസത്തിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന നിഷ്ഠൂര കൊലകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു സംഭവം. കാറില്‍ നിന്ന് ഹംസയെയും നൂറുദ്ദീനെയും വലിച്ചിറക്കി വെട്ടി വീഴ്ത്തിയ ശേഷം പ്രതികള്‍ അവരുടെ നെഞ്ചില്‍ കയറി ആഞ്ഞു ചവിട്ടുകയും കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും ചെയ്തു. വെട്ടേറ്റു വീണുകിടക്കവെ ഇരുവരും ദാഹജലത്തിന് ആവശ്യപ്പെട്ടപ്പോള്‍ വെള്ളം നല്‍കിയില്ലെന്നു മാത്രമല്ല, റോഡിലേക്ക് വലിച്ചിഴച്ച് വീണ്ടും മര്‍ദിക്കുകയും ശരീരം വെട്ടിനുറുക്കുകയും ചെയ്തു ലീഗ് കാപാലികര്‍. സമീപത്ത് വീടുകളുണ്ടായിരുന്നെങ്കിലും ലീഗ് ഗുണ്ടകളുടെ പ്രതികാരം ഭയന്ന് വീടുകളില്‍ നിന്ന് ആരും തന്നെ പുറത്തുവരികയോ സഹായത്തിനെത്തുകയോ ചെയ്തില്ല. ഹംസയുടെയും നൂറുദ്ദീന്റെയും മരണമുറപ്പാക്കിയ ശേഷമാണ് പ്രതികള്‍ സ്ഥലം വിട്ടത്. അവര്‍ക്കൊപ്പം മറ്റൊരു സഹോദരനായ പള്ളത്ത് കുഞ്ഞുമുഹമ്മദും ഉണ്ടായിരുന്നെങ്കിലും അദ്ദേഹം സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. കേസിലെ നിര്‍ണായക സാക്ഷി അദ്ദേഹമായിരുന്നു. നവംബര്‍ 13ന് ഒന്നാം പ്രതിയുടെ വീട്ടില്‍ വെച്ച് മണ്ണാര്‍ക്കാട്ടെ ലീഗ് പ്രമുഖരും ഇ കെ വിഭാഗം സുന്നി നേതാക്കളും യോഗം ചേര്‍ന്നാണ് കൊലക്ക് പദ്ധതി തയ്യാറാക്കിയതെന്നാണ് വിവരം.

കൊലക്കു ശേഷം അന്ന് അധികാരത്തിലിരുന്ന ലീഗ് പങ്കാളിത്തമുള്ള യു ഡി എഫ് സര്‍ക്കാറിന്റെ സ്വാധീനത്തില്‍ പ്രതികളെ നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുത്താനും കേസ് അട്ടിമറിക്കാനുമായി പിന്നീട് ശ്രമം. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ കാരണമായിരിക്കാം, സംഭവത്തില്‍ കേസെടുക്കാനും പ്രതികള്‍ കണ്‍മുമ്പിലുണ്ടായിട്ടും അവരെ അറസ്റ്റ് ചെയ്യാനും തുടക്കത്തില്‍ പോലീസ് വിമുഖത കാണിച്ചു. ചില പ്രതികള്‍ക്ക് വിദേശത്തേക്കു കടക്കാന്‍ ഒത്താശ ചെയ്യുകയുമുണ്ടായി. കോടതിയുടെ നിര്‍ദേശ പ്രകാരം ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയാണ് ഈ പ്രതികളെ പിന്നീട് പിടികൂടിയത്. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് പ്രതികള്‍ക്കെതിരെ കേസെടുത്തെങ്കിലും കോടതിയില്‍ പോലീസും അസി. പബ്ലിക് പ്രോസിക്യൂട്ടറും നടത്തിയ കളികളുടെ ഫലമായി പെട്ടെന്നു തന്നെ ജാമ്യം ലഭിച്ചു. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വീണ്ടും മരണപ്പെട്ട സഹോദരങ്ങളുടെ വീടിനുനേരേ ഭീഷണി ഉയര്‍ത്തുകയും തെറിയഭിഷേകം നടത്തുകയും ചെയ്തു. കേസിലെ സാക്ഷികളില്‍ പലരും ക്രൂരമായി ആക്രമിക്കപ്പെട്ടു. സാക്ഷികളെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഹൈക്കോടതി ചില പ്രതികളുടെ ജാമ്യം പിന്നീട് റദ്ദ് ചെയ്യുകയുണ്ടായി. മുഴുവന്‍ പ്രതികളും അറസ്റ്റിലായപ്പോഴും വിചാരണ നടത്താതെ പബ്ലിക് പ്രോസിക്യൂട്ടര്‍ വിചാരണ നീട്ടിക്കൊണ്ടുപോയി. കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹരജി പരിഗണിച്ച് കേസ് വിചാരണ നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനു ശേഷമാണ് കേസ് നടത്തിപ്പ് സുഗമമായി മുന്നോട്ടു പോയത്. ഒടുവില്‍ രണ്ട് മക്കള്‍ അകാരണമായി കൊല്ലപ്പെട്ടതിലുള്ള ദുഃഖത്തില്‍ ശിഷ്ട ജീവിതം കണ്ണീരോടെ തള്ളിനീക്കിയ ഹംസയുടെയും നൂറുദ്ദീന്റെയും മാതാവിന്റെയും കുടുംബത്തിന്റെയും സുന്നി പ്രവര്‍ത്തകരുടെയും പ്രാര്‍ഥനയുടെ കൂടി ഫലമായി പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വിധിക്കുകയും ചെയ്തിരിക്കുന്നു കോടതി.

പള്ളത്ത് സഹോദരന്മാര്‍ക്കു പുറമെ വേറെയും നിരവധി സുന്നി പ്രവര്‍ത്തകര്‍ ഇരയായിട്ടുണ്ട് ലീഗ്-ഇ കെ സുന്നി കൊലക്കത്തിക്ക്. സൂഫിവര്യനായ കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ മകന്‍ കുഞ്ഞു, ഓമശ്ശേരി അമ്പലക്കണ്ടി അബ്ദുല്‍ ഖാദര്‍ തുടങ്ങി എട്ടോളം സുന്നി പ്രവര്‍ത്തകര്‍ക്ക് അവരുടെ കഠാരയില്‍ ജീവന്‍ നഷ്ടമായി. കാരന്തൂര്‍ മര്‍കസ് ശരീഅത്ത് കോളജ് ഹദീസ് വിഭാഗം തലവനായിരുന്ന മര്‍ഹൂം നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാര്‍ ഉള്‍പ്പെടെ ഒട്ടേറെ സുന്നി നേതാക്കളും പ്രവര്‍ത്തകരും അവരുടെ ആക്രമണത്തിനു വിധേയരായി. അധികാര സ്വാധീനമുപയോഗിച്ച് സുന്നി സ്ഥാപനങ്ങളെ തകര്‍ക്കാനും ശ്രമിച്ചു. സംസ്ഥാനത്തുടനീളം സുന്നി പൊതുയോഗങ്ങള്‍ ആക്രമിക്കപ്പെട്ടു. തങ്ങള്‍ക്ക് സ്വാധീനമുള്ള സ്ഥാപനങ്ങളില്‍ നിന്ന് അകാരണമായി സുന്നി പണ്ഡിതരെ പുറത്താക്കി. ഈ എതിര്‍പ്പുകളെയെല്ലാം അതിജീവിച്ചാണ് സുന്നി പ്രസ്ഥാനം ഇന്ന് കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലുടനീളം വളര്‍ന്നു പന്തലിച്ചത്. പ്രസ്ഥാനത്തിന്റെ ഈ മുന്നേറ്റത്തില്‍ പള്ളത്ത് ഹംസയെയും നൂറുദ്ദീനെയും പോലുള്ളവരുടെ പങ്ക് എക്കാലവും ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും.

 

---- facebook comment plugin here -----