Kerala
സര്‍വകലാശാലാ ഭേദഗതി ബില്‍ നിയമസഭ പാസാക്കി; എതിര്‍ത്ത് പ്രതിപക്ഷം
വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലറുടെ അധികാരം കുറച്ച് സര്‍ക്കാരിന് മേല്‍ക്കൈ ലഭിക്കുന്ന തരത്തിലുള്ളതാണ് ബില്‍.

തിരുവനന്തപുരം | സര്‍വകലാശാല ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സര്‍വകലാശാലാ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലറുടെ അധികാരം കുറച്ച് സര്‍ക്കാരിന് മേല്‍ക്കൈ ലഭിക്കുന്ന തരത്തിലുള്ളതാണ് ബില്‍.
നിയമതടസം ഒഴിവാക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന് പകരം പ്രതിനിധിയെ ഉള്‍പ്പെടുത്തിയുള്ളതാണ് ഭേദഗതി. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ അഞ്ചംഗ സെര്‍ച്ച് കമ്മിറ്റിയില്‍ ഉണ്ടാവില്ല. പകരം വൈസ് ചെയര്‍മാന്‍ നിര്‍ദേശിക്കുന്ന ആളെ അംഗമാക്കും. നിലവില്‍ കണ്‍വീനര്‍ എന്ന പദവി ഇല്ല. സമിതിയിലെ ഭൂരിപക്ഷ തീരുമാനമനുസരിച്ചാണ് നിയമനം. ഗവര്‍ണര്‍ നേരത്തെ എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു ഇക്കാര്യത്തില്‍ മാറ്റം വരുത്തിയത്.
ബില്ലിനെതിരെ നിലപാടെടുത്തിട്ടുള്ള പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാരിന്റെ പാവകളെ വി സിമാരായി നിയമിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ബില്ലെന്നും കമ്മ്യൂണിസ്റ്റ് വത്ക്കരണമാണ് ലക്ഷ്യമെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം, ഗവര്‍ണര്‍ വഴി ആര്‍ എസ് എസ് നയങ്ങള്‍ നടപ്പാക്കുന്നത് തടയാനും ജനാധിപത്യം നിലനിര്‍ത്താനുമാണ് ഭേദഗതിയെന്ന് ഭരണപക്ഷം വാദിച്ചു. അക്കാദമിക് താത്പര്യങ്ങള്‍ ഉറപ്പാക്കുക കൂടി ലക്ഷ്യമിട്ടുള്ളതാണ് ഭേദഗതി ബില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.