Connect with us

local body election 2025

കാസർകോട്ട് പ്രചാരണത്തില്‍ മുന്നേറി ഇടതുമുന്നണി; തര്‍ക്കങ്ങള്‍ വിട്ടൊഴിയാതെ യു ഡി എഫ്

പത്രികാ സമര്‍പ്പണത്തിന് ശേഷം മിക്കയിടങ്ങളിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളുമായാണ് കളം നിറയുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥികളെ ആദ്യം പ്രഖ്യാപിച്ച് ഗോദയില്‍ ഇറങ്ങിയത് സി പി എമ്മാണ്.

Published

|

Last Updated

കാസര്‍കോട് | തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്രികാ സമര്‍പ്പണവും പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ജില്ലയില്‍ ഇടതുമുന്നണി മുന്നേറുമ്പോള്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ യു ഡി എഫ് ക്യാമ്പ്. ഇടതിനോടോപ്പം എന്‍ ഡി എയും പ്രചാരണത്തില്‍ സജീവമാണ്.

പത്രികാ സമര്‍പ്പണത്തിന് ശേഷം മിക്കയിടങ്ങളിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളുമായാണ് കളം നിറയുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥികളെ ആദ്യം പ്രഖ്യാപിച്ച് ഗോദയില്‍ ഇറങ്ങിയത് സി പി എമ്മാണ്. ആകെയുള്ള 18 സീറ്റുകളില്‍ സി പി എം 10 സീറ്റുകളിലാണ് മത്സരിക്കുന്നത്. ചെറുവത്തൂര്‍, കയ്യൂര്‍, മടിക്കൈ, കുറ്റിക്കോല്‍, ബേക്കല്‍, ചിറ്റാരിക്കല്‍, പുത്തിഗെ, കുമ്പള, ചെങ്കള, ദേലമ്പാടി ഡിവിഷനുകളിലാണ് സി പി എം അങ്കത്തിനിറങ്ങിയിരിക്കുന്നത്. സി പി ഐ രണ്ടും കേരള കോണ്‍ഗ്രസ്സ് -ഒന്ന്, ആര്‍ ജെ ഡി -ഒന്ന്, എന്‍ സി പി -ഒന്ന്, എന്‍ സി പി (എസ്) -ഒന്ന്, ഐ എന്‍ എല്‍ രണ്ടും ഡിവിഷനുകളില്‍ മത്സരിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കുറ്റിക്കോല്‍ ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന സാബു എബ്രഹാമിനെയാണ് സി പി എം ഉയര്‍ത്തിക്കാണിക്കുന്നത്. കേരള ബേങ്ക് ഡയറക്ടര്‍ കൂടിയായ സാബു എബ്രഹാം വെസ്റ്റ് എളേരി സഹകരണ ബേങ്ക് പ്രസിഡന്റാണ്. ചെറുവത്തൂര്‍, കയ്യൂര്‍, മടിക്കൈ, കുറ്റിക്കോല്‍, ബേക്കല്‍ ദേലംപാടി, കള്ളാര്‍, പിലിക്കോട്, പെരിയ ഡിവിഷനുകള്‍ തങ്ങളോടൊപ്പം നില്‍ക്കുമെന്ന കണക്കുകൂട്ടലിലാണ് എല്‍ ഡി എഫ്.

ജില്ലാ പഞ്ചായത്തും മൂന്ന് നഗരസഭകളില്‍ രണ്ടും ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലും ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളും കൈവശമുള്ള എല്‍ ഡി എഫ് കൂടുതല്‍ സീറ്റുകളിലെ ജയമാണ് ഇത്തവണ ലക്ഷ്യം വെക്കുന്നത്. 38 ഗ്രാമപഞ്ചായത്തുകളില്‍ 19 ഇടത്ത് എല്‍ ഡി എഫ് ഭരണം നടത്തുമ്പോള്‍ 15 ഇടത്താണ് യു ഡി എഫ് ഭരണം. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മുമ്പ് തന്നെ താഴെത്തട്ടിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും ഒരുക്കങ്ങളും ഇടതുമുന്നണി പൂര്‍ത്തിയാക്കിയിരുന്നു. സംസ്ഥാനസര്‍ക്കാറും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും നടപ്പാക്കിയ വികസനവും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഉയര്‍ത്തിക്കാട്ടിയാണ് എല്‍ ഡി എഫ് പ്രചാരണ രംഗത്ത് സജീവമാകുന്നത്.

ഇടത് ക്യാമ്പില്‍ ഇങ്ങനെയൊക്കെയാണ് സ്ഥിതിയെങ്കിലും യു ഡി എഫ് പാളയത്തില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെ തലേദിവസമായ ഇന്നലെ വൈകിട്ടാണ് ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുകയായിരുന്നു. ഇന്നലെ കെ പി സി സി വൈസ് പ്രസിഡന്റ് എം ലിജുവിന്റെ സാന്നിധ്യത്തില്‍ ഡി സി സി ഓഫീസില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് കോര്‍ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമായത്. ഇതിനിടയില്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് ഡി സി സി ഓഫീസില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയുമുണ്ടായി.

സീറ്റ് വിഭജനത്തെ ചൊല്ലി കാസര്‍കോട് കോണ്‍ഗ്രസ്സില്‍ കഴിഞ്ഞ കുറേ ദിവസങ്ങളിലായി നിലനില്‍ക്കുന്ന തര്‍ക്കവും അഭിപ്രായ ഭിന്നതയുമാണ് നേതാക്കളുടെ കൂട്ടയടിയില്‍ കലാശിച്ചത്. ഇന്നലെ രാവിലെ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിലാണ് നേതാക്കള്‍ ചേരി തിരിഞ്ഞ് പരസ്യമായി ഏറ്റുമുട്ടിയത്. ഡി സി സി വൈസ് പ്രസിഡന്റ്ജെയിംസ് പന്തമാക്കനും കോണ്‍ഗ്രസ്സിന്റെ കര്‍ഷക സംഘടനയായ ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ഡി കെ ടി എഫ്) ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് എറ്റുമുട്ടിയത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കമാണ് നേതാക്കളുടെ തമ്മില്‍ തല്ലില്‍ കലാശിച്ചത്. സീറ്റ് വിഭജനത്തെയും സ്ഥാനാര്‍ഥി നിര്‍ണയത്തെയും ചൊല്ലി ഉടലെടുത്ത പടലപ്പിണക്കവും തര്‍ക്കങ്ങളും പരിഹരിച്ച് പ്രചാരണ രംഗത്ത് സജീവമാകാന്‍ യു ഡി എഫിന് ഇനിയും സമയമെടുക്കേണ്ടി വരും.

ഉദുമ, ചിറ്റാരിക്കാല്‍, ചെങ്കള, കുമ്പള, മഞ്ചേശ്വരം, സിവില്‍ സ്റ്റേഷന്‍, കുഞ്ചത്തൂര്‍ ഡിവിഷനുകള്‍ ലഭിക്കുമെന്ന് യു ഡി എഫും പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. സിറ്റിംഗ് സീറ്റുകളായ പുത്തിഗെയും ബദിയടുക്കയും നിലനിര്‍ത്തുമെന്നാണ് ബി ജെ പിയുടെ അവകാശവാദം. എന്നാല്‍ ദേലംപാടിയും പുതുതായി രൂപവത്കരിച്ച ബേക്കലും യു ഡി എഫിനും എല്‍ ഡി എഫിനും കടുപ്പമാണെന്നാണ് വിലയിരുത്തല്‍. ഈ ഡിവിഷനുകളിലെ ഫലമാണ് കാസര്‍കോട് ജില്ലാപഞ്ചായത്ത് ഭരണം ആര്‍ക്ക് അനുകൂലമാവുമെന്ന് തീരുമാനിക്കുക.

ജില്ലാപഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എന്‍ ഡി എയും പ്രചാരണം തുടങ്ങിയിട്ടുണ്ട്.

---- facebook comment plugin here -----

Latest