MUSLIM LEAGE MEET
ലീഗ് ഉന്നതാധികാര സമിതി ഇന്ന്; സാദിഖലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കും
ഉച്ചക്ക് രണ്ടിന് മലപ്പുറത്താണ് യോഗം

മലപ്പുറം | ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം തീര്‍ത്ത നിരാശക്കിടെ മുസ്ലിം ലീഗിന്റെ പ്രത്യേക ഉന്നതാധികാര സമിതി യോഗം ഇന്ന്. ഉച്ചക്ക് 2.30നാണ് യോഗ സമയം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ സമയക്രമത്തില്‍ ചില മാറ്റങ്ങള്‍ വന്നേക്കാമെന്നും ലീഗ് നേതൃത്വം അറിയിച്ചു. യോഗത്തില്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും.
നേരത്തെ ഹൈദരലി ശിഹാബ് തങ്ങള്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിയുമ്പോള്‍ സംസ്ഥാന പ്രസിഡന്റിന്റെ ചുമതല താത്കാലികമായി നിര്‍വഹിച്ചിരുന്നത് സാദിഖലി തങ്ങളായിരുന്നു. ഈ ഒരു സാഹചര്യത്തില്‍ അദ്ദേഹത്തെ ഔദ്യോഗികമായി തിരഞ്ഞെടുക്കുക എന്ന ചടങ്ങ് മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. ഇത് ഇന്നത്തെ ഉന്നതാധികാര യോഗത്തിലുണ്ടാകും.
അതിനിടെ ഹൈദരലി തങ്ങളുടെ ഖബറടക്കം പൂര്‍ത്തിയായെങ്കിലും പാണക്കാട്ടേക്ക് പ്രവര്‍ത്തകരുടേയും വിവിധ മത, സാമുദായിക, രാഷ്ട്രീയ നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. ഇ കെ വിഭാഗം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രാവിലെ പാണക്കാട് എത്തി. കൂടാതെ താമരശ്ശേരി രൂപത അധ്യക്ഷന്‍, കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ ജോസ് കെ മാണി തുടങ്ങിയരും പാണക്കാട് വസതിയിലെത്തി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് പാണക്കാട് എത്തും.