Connect with us

Fathima Thahliya

ഫാത്വിമ തഹ്‌ലിയക്ക് വിലക്കേര്‍പ്പെടുത്തി ലീഗ്

സ്വീകരണം നല്‍കരുതെന്ന് നേതൃത്വം

Published

|

Last Updated

കോഴിക്കോട് | എം എസ് എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്വിമ തഹ്‌ലിയക്ക് ലീഗ് വിലക്ക്. ഷാര്‍ജ പുസ്തകോത്സവവുമായി ബന്ധപ്പെട്ട് ഗള്‍ഫിലുള്ള അവര്‍ക്ക് സ്വീകരണം നല്‍കരുതെന്ന് ഷാര്‍ജ അഴീക്കോട് മണ്ഡലം കമ്മിറ്റിക്ക് നല്‍കിയ കത്തില്‍ സ്റ്റേറ്റ് കെ എം സി സി കമ്മിറ്റി വ്യക്തമാക്കി. പരിപാടിയുമായി ബന്ധപ്പെട്ട പോസ്റ്ററുകളും നോട്ടീസും സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെ എം സി സിക്ക് ഇതുസംബന്ധിച്ച് നേതൃത്വം കത്ത് നല്‍കിയത്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് പരിപാടി ഒഴിവാക്കുകയായിരുന്നു.

അച്ചടക്ക നടപടിയുടെ പേരില്‍ പദവിയില്‍ നിന്ന് ഒഴിവാക്കുകയും ഇപ്പോഴും പാര്‍ട്ടിയുടെ നിരീക്ഷണത്തില്‍ തുടരുകയും ചെയ്യുന്ന മുന്‍ എം എസ് എഫ് നേതാവായ ഫാത്വിമ തഹ്‌ലിയക്ക് സ്വീകരണം നല്‍കുന്നത്, സാമൂഹിക മാധ്യമങ്ങള്‍ക്ക് പാര്‍ട്ടിയുടെ അഭിമാനത്തെ വേട്ടയാടുന്നതിന് അവസരമൊരുക്കുമെന്ന് കെ എം സി സി ഷാര്‍ജ സംസ്ഥാന കമ്മിറ്റിയുടെ കത്തില്‍ വ്യക്തമാക്കുന്നു.

അതിനാല്‍ പരിപാടി നിര്‍ത്തിവെക്കണമെന്നും അല്ലാത്തപക്ഷം അച്ചടക്ക നടപടിക്ക് വിധേയരാകേണ്ടി വരുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് വിവിധ കെ എം സി സി ജില്ലാ, മണ്ഡലം കമ്മിറ്റികള്‍ ഫാത്വിമ തഹ്‌ലിയക്ക് സ്വീകരണം നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഫാത്വിമ തഹ്‌ലിയക്ക് സ്വീകരണം നല്‍കി. പാര്‍ട്ടി നിര്‍ദേശം വകവെക്കാതെ വിവിധ കമ്മിറ്റികള്‍ മുന്നോട്ട് പോകുന്നത് ലീഗില്‍ രൂപപ്പെട്ട ചേരിയുടെ ഫലമായിട്ടാണെന്നാണ് വിലയിരുത്തല്‍.

എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ പരാതി നല്‍കിയ മുന്‍ ഹരിത ഭാരവാഹികളെ പിന്തുണച്ചതിനെ തുടര്‍ന്നാണ് ഫാത്വിമ തഹ്‌ലിയയെ എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്.

എന്നാല്‍ പാര്‍ട്ടി നടപടിയെടുത്ത മുഴുവന്‍ പേര്‍ക്കും എം എസ് എഫ്, യൂത്ത് ലീഗ് വേദികളില്‍ സജീവ പങ്കാളിത്തം ലഭിക്കുന്നത് പാര്‍ട്ടി നേതൃത്വത്തെ താഴെതട്ടില്‍ തള്ളുന്നുവെന്നാണ് വ്യക്തമാക്കുന്നത്. തിരൂരങ്ങാടിയില്‍ എം എസ് എഫ് നടത്തിയ പരിപാടിയില്‍ ഹരിതയുടെ മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ശീറയെ പങ്കെടുപ്പിക്കരുതെന്ന് നേതൃത്വം നിർദേശിച്ചിരുന്നെങ്കിലും അവര്‍ പങ്കെടുത്തിരുന്നു. ഹരിത ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് മുമ്പുള്ളത് പോലെയോ അതില്‍ കൂടുതലോ പരിപാടികളില്‍ ഇപ്പോള്‍ പങ്കെടുക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്.