Uae
ട്രാക് ലെസ് ട്രാം വരുന്നു; ബസ്സുകൾക്കും ടാക്‌സികൾക്കുമായി കൂടുതൽ പാതകൾ
ദുബൈയിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ വൻ പദ്ധതികൾ
ദുബൈ|നഗരത്തിലെ യാത്രാ സൗകര്യങ്ങൾ കൂടുതൽ വേഗമേറിയതും സുസ്ഥിരവുമാക്കാൻ ലക്ഷ്യമിട്ട് അത്യാധുനിക ട്രാക് ലെസ് ട്രാം സംവിധാനവും കൂടുതൽ പ്രത്യേക ബസ്-ടാക്‌സി പാതകളും ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ ടി എ) പ്രഖ്യാപിച്ചു. പരമ്പരാഗത ട്രാം പോലെ റെയിലുകൾ ആവശ്യമില്ലാത്തതും റോഡിലെ അടയാളങ്ങൾ പിന്തുടർന്ന് ഓടുന്നതുമായ വൈദ്യുത വാഹനമാണിത്. റെയിലുകൾക്ക് പകരം റോഡിലെ വെർച്വൽ ട്രാക്കുകൾ ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെ തിരിച്ചറിഞ്ഞാണ് ഈ ട്രാം ഓടുന്നത്. മൂന്ന് കോച്ചുകളുള്ള ഒരു ട്രാമിൽ ഒരേസമയം 300 യാത്രക്കാർക്ക് സഞ്ചരിക്കാം.
പരമാവധി മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ വാഹനത്തിന് ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ ദൂരം പിന്നിടാനാകും. ദുബൈയിലെ പ്രധാനപ്പെട്ട എട്ട് കേന്ദ്രങ്ങളിലാകും ആദ്യഘട്ടത്തിൽ ഈ ട്രാം സർവീസ് നടത്തുക. ബസ്സുകൾക്കും ടാക്‌സികൾക്കുമായി ആറ് പുതിയ ഇടനാഴികളിലായി 13 കിലോമീറ്റർ പ്രത്യേക പാതകൾ കൂടി നിർമിക്കും. ഇതോടെ ദുബൈയിലെ ഇത്തരം പാതകളുടെ ആകെ ദൈർഘ്യം 20 കിലോമീറ്ററാകും. ഇത് ബസ് യാത്രക്കാരുടെ യാത്രാസമയത്തിൽ 41 ശതമാനം കുറവുണ്ടാക്കുമെന്നും ബസ്സുകളുടെ കൃത്യനിഷ്ഠ 42 ശതമാനം മെച്ചപ്പെടുത്തുമെന്നും ആർ ടി എ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു.



