National
ലഡാക്കിലെ പ്രക്ഷോഭം: നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്
ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള ഭരണഘടനാപരമായ സംരക്ഷണങ്ങളും ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടെയാണ് നാല് പേർ കൊല്ലപ്പെട്ടത്.

ശ്രീനഗർ | ഒരാഴ്ചത്തെ കർഫ്യൂവിന് ശേഷം ലേയിൽ സാധാരണ ജീവിതം ക്രമേണ പുനഃസ്ഥാപിക്കപ്പെടുന്നതിനിടെ, സെപ്തംബർ 24ലെ സംഘർഷത്തിൽ നാല് സാധാരണക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ലഡാക്ക് ഭരണകൂടം മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള ഭരണഘടനാപരമായ സംരക്ഷണങ്ങളും ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടെയാണ് നാല് പേർ കൊല്ലപ്പെട്ടത്.
നൂബ്ര സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (എസ് ഡി എം.), മുകുൾ ബേനിവാൾ ഐ എ എസിനാണ് അന്വേഷണ ചുമതല. നാല് ആഴ്ചക്കുള്ളിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾക്കും പോലീസ് നടപടികൾക്കും തൽഫലമായുണ്ടായ മരണങ്ങൾക്കും കാരണമായ വസ്തുതകളും സാഹചര്യങ്ങളും അന്വേഷണ പരിധിയിൽ വരും.
സംഭവത്തെക്കുറിച്ച് അറിവുള്ളവർക്ക് ഒക്ടോബർ 4 മുതൽ 18 വരെ ലേയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ കോൺഫറൻസ് ഹാളിൽ എത്തി മൊഴി രേഖപ്പെടുത്താം.
അതേസമയം, പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയയുടെ പങ്ക് പോലീസും ഇന്റലിജൻസ് ഏജൻസികളും അന്വേഷിക്കുന്നുണ്ട്. ദീർഘകാലമായി നിഷ്‌ക്രിയമായിരുന്ന നിരവധി അക്കൗണ്ടുകളും മൊബൈൽ നമ്പറുകളും സെപ്റ്റംബർ 23 ന് രാത്രി പെട്ടെന്ന് സജീവമാവുകയും ലേയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെ വിളിച്ചുവരുത്തുന്നതിനുള്ള ആഹ്വാനങ്ങൾ നൽകുകയും ചെയ്‌തെന്ന് വൃത്തങ്ങൾ അറിയിച്ചു. അടുത്ത ദിവസം അക്രമത്തിലും തീവെപ്പിലും കലാശിച്ച ഈ സംഘാടനത്തെ ഏകോപിപ്പിക്കാൻ ഈ അക്കൗണ്ടുകൾ സഹായിച്ചതായും പറയപ്പെടുന്നു. ഇവയിപ്പോൾ സൂക്ഷ്മ നിരീക്ഷണത്തിലാണ്.
കൊലപാതകങ്ങൾ നടന്ന് രണ്ട് ദിവസത്തിന് ശേഷം, കാലാവസ്ഥാ പ്രവർത്തകനായ സോനം വാങ്ചുക്കിനെ ദേശീയ സുരക്ഷാ നിയമം (എൻ എസ് എ.) പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന് വിദേശ ബന്ധങ്ങൾ ഉണ്ടെന്നും അക്രമത്തിന് പിന്നിലെ പ്രധാന പ്രചോദകൻ ആണെന്നും പോലീസ് ആരോപിച്ചു.
സോനം വാങ്ചുക്കിന്റെ അറസ്റ്റിനെ തുടർന്ന് ലേ, കാർഗിൽ മേഖലകളെ പ്രതിനിധീകരിക്കുന്ന ലേ അപെക്സ് ബോഡി (എൽ എ ബി.), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ ഡി എ.) എന്നീ കൂട്ടായ്മകൾ ഒക്ടോബർ 6-ന് ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി നടത്താനിരുന്ന ചർച്ചകളിൽ നിന്ന് പിന്മാറി. ജനാധിപത്യപരമായ പ്രക്ഷോഭത്തെ കുറ്റകരമാക്കിയെന്നും ലഡാക്കിനായുള്ള ഭരണഘടനാപരമായ സംരക്ഷണങ്ങളെക്കുറിച്ചുള്ള മുൻ ഉറപ്പുകളിൽ നിന്ന് കേന്ദ്രം പിന്നോട്ട് പോയെന്നും ഈ രണ്ട് കൂട്ടായ്മകൾ ആരോപിച്ചു.