Connect with us

Kerala

ഉണ്ണികൃഷ്ണന്‍ പോറ്റി മറ്റു സംസ്ഥാനങ്ങളില്‍ വ്യാപക പണപ്പിരിവ് നടത്തിയതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തി

സ്വര്‍ണ പാളി വിവാദത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്

Published

|

Last Updated

പത്തനംതിട്ട | ശബരിമല സ്വര്‍ണപാളി വിവാദത്തിലെ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശുന്നതിനും അന്നദാനത്തിന്റെ പേരിലും വ്യാപക പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി. സ്വര്‍ണ പാളി ബെംഗളൂരൂവില്‍ കൊണ്ടുപോയതും പണപിരിവിന്റെ ഭാഗമെന്നാണ് സംശയം. മറ്റ് സംസ്ഥാനങ്ങളില്‍ പണപ്പിരിവ് നടത്തിയതടക്കം കൂടുതല്‍ ഗുരുതരമായ കാര്യങ്ങളാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

ശബരിമലയുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് കര്‍ണ്ണാടക സ്വദേശികളായ സമ്പന്നരായ അയ്യപ്പഭക്തരില്‍ നിന്ന് പണപ്പിരിവ് നടത്തിയെന്ന ആരോപണം ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ നേരത്തെതന്നെ ഉണ്ടായിരുന്നു. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വര്‍ണ്ണപാളി ശബരിമല ശ്രീകോവില്‍ വാതില്‍ എന്ന പേരില്‍ ബംഗലൂരുവിലെ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ എത്തിച്ച് പൂജിച്ച വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

അതിനിടെ, സ്വര്‍ണ പാളി വിവാദത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. കോടതി അവര്‍ക്ക് മുന്നില്‍ വന്ന കാര്യങ്ങള്‍ വച്ചാണ് സംസാരിച്ചത്. സന്നിധാനത്തെ സ്വര്‍ണവുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് ബോര്‍ഡിന്റെ പക്കലുണ്ട്. 18 ലോക്കറുകളിലായി സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ട്.

ഇതില്‍ 467 കിലോഗ്രാം സ്വര്‍ണം മോണിറ്റൈസേഷനായി റിസര്‍വ് ബാങ്കിന് നല്‍കിയിട്ടുണ്ട്. ഇതിന്റെയെല്ലാം കൃത്യമായ രേഖകള്‍ ഉണ്ട്. എന്നാല്‍ ഈ രേഖകള്‍ ഹൈക്കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റി. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വയം കുഴിച്ച കുഴിയില്‍ വീണതാണെന്നും അയാളുടെ കാര്യം തീരുമാനമാകുമെന്നും പ്രശാന്ത് പറഞ്ഞു.

 

 

Latest