National
സംബലിൽ വീണ്ടും ബുൾഡോസർ രാജ്; വിവാഹ മണ്ഡപവും മദ്റസയും ഇടിച്ചുനിരത്തി; തൊട്ടടുത്ത മസ്ജിദ് സ്വയം പൊളിച്ച് നാട്ടുകാർ
ബുൾഡോസർ നടപടി കണ്ടതിനെത്തുടർന്ന്, സമീപത്തുള്ള മസ്ജിദ് സ്വയം പൊളിച്ചുമാറ്റുന്നതിനായി നാല് ദിവസത്തെ സമയം അനുവദിക്കണമെന്ന് പ്രദേശവാസികൾ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെൻസിയയോട് അഭ്യർത്ഥിക്കുകയായിരുന്നു

സംബൽ | സംബലിൽ വീണ്ടും ബുൾഡോസർ രാജുമായി അധികൃതർ. കുളത്തിന്റെ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതെന്ന് ആരോപിച്ച് ഒരു വിവാഹ മണ്ഡപവും മദ്റസയും ബുൾഡോസർ ഉപയോഗിച്ച് തകർത്തു. രാവിലെ 11:30 ന് തുടങ്ങിയ നടപടി ഉച്ചയ്ക്ക് 3:30 വരെ നീണ്ടുനിന്നു. ഈ സമയത്തിനുള്ളിൽ അനധികൃതമായി നിർമ്മിച്ച മണ്ഡപം പൂർണ്ണമായും തകർത്തു. സംബൽ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ അകലെയുള്ള രായ ബുസുർഗ് ഗ്രാമത്തിലാണ് സംഭവം.
ബുൾഡോസർ നടപടി കണ്ടതിനെത്തുടർന്ന്, സമീപത്തുള്ള മസ്ജിദ് സ്വയം പൊളിച്ചുമാറ്റുന്നതിനായി നാല് ദിവസത്തെ സമയം അനുവദിക്കണമെന്ന് പ്രദേശവാസികൾ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെൻസിയയോട് അഭ്യർത്ഥിച്ചു. ഡി എമ്മിന്റെ അനുമതി ലഭിച്ച ഉടൻ തന്നെ, ഹോളിന് അടുത്തുള്ള മസ്ജിദ് ആളുകൾ സ്വയം പൊളിച്ചുനീക്കാൻ തുടങ്ങി.
സംഭവസ്ഥലത്ത് ഡി എം രാജേന്ദ്ര പെൻസിയയും എസ് പി കൃഷ്ണ ബിഷ്‌ണോയിയും കൂടാതെ ഏകദേശം 200 പോലീസുകാരെയും പി എ സി ജവാന്മാരെയും വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം തുടരുകയാണ്. മസ്ജിദും വിവാഹ മണ്ഡപവും കുളത്തിന്റെ ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ അവകാശവാദം. 550 ചതുരശ്ര അടിയിലാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്. വിവാഹ മണ്ഡപം 30,000 ചതുരശ്ര അടിയിലാണ് സ്ഥിതിചെയ്തിരുന്നത്.
അതേസമയം, ബിൽഡോസർ നടപടിയെ വിമർശിച്ച് അസദുദ്ദീൻ ഒവൈസി ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു. ബിൽഡോസർ ഉപയോഗിച്ച് വലിയ അതിക്രമമാണ് നടക്കുന്നതെന്നും സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മസ്ജിദും വിവാഹ മണ്ഡപവും 10 വർഷം മുൻപാണ് നിർമ്മിച്ചതെന്ന് തഹസിൽദാർ ധീരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. ഗ്രാമത്തിലെ മിൻസാർ എന്ന വ്യക്തിയാണ് ഇവ പണികഴിപ്പിച്ചത്.