Connect with us

Kerala

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; ജില്ലാ കലക്ടര്‍ ഇന്ന് സ്ഥലം സന്ദര്‍ശിക്കും

അശാസ്ത്രീയ നിര്‍മാണമെന്ന് ആരോപണം

Published

|

Last Updated

മലപ്പുറം| മലപ്പുറം കൂരിയാട് നിര്‍മാണത്തിനിടെ ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ജില്ലാ കലക്ടര്‍ ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ജനപ്രതിനിധികളയുമായും കലക്ടര്‍ ഇന്ന് ചര്‍ച്ച നടത്തും. ഇന്നലെ ഉച്ചയ്ക്ക് 2.45നാണ്  കൂരിയാട് ഓവര്‍പാസില്‍ മതില്‍ തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് വീണത്. സര്‍വീസ് റോഡിലൂടെ കടന്നുപോയ മൂന്ന് കാറുകള്‍ക്ക് കേടുപാടുണ്ടായി. ഈ സമയം സര്‍വീസ് റോഡിലൂടെ കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകാതിരുന്നത് ദുരന്തമൊഴിവാക്കി.

കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. കാറുകള്‍ക്കു മേല്‍ മണ്ണും കോണ്‍ക്രീറ്റ് കട്ടകളും വീണു. കാറിലുണ്ടായിരുന്നവര്‍ റോഡ് ഇടിയുന്നത് കണ്ട് വാഹനം നിര്‍ത്തി ഓടി രക്ഷപ്പെട്ടു. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വാഹനങ്ങള്‍ വി കെ പടിയില്‍ നിന്നും മമ്പുറം- കക്കാട് റോഡിലൂടെ വഴിതിരിച്ചുവിടുകയായിരുന്നു.

ദേശീയ പാത നിര്‍മാണത്തില്‍ അശാസ്ത്രീയതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. ജില്ലാ കലക്ടര്‍ സ്ഥലത്ത് എത്തുമെന്ന് തഹസില്‍ദാര്‍ നല്‍കിയ ഉറപ്പിന്മേലായിരുന്നു നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്.

 

 

Latest