Connect with us

Haritha Issue

കുഞ്ഞാലിക്കുട്ടിയുടെ അന്ത്യശാസനവും തള്ളി; 'ഹരിത' നേതാക്കള്‍ക്കെതിരെ നടപടിക്കു സാധ്യത

പാണക്കാട് കുടപ്പനക്കല്‍ തറവാട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ പാര്‍ട്ടി നേതാക്കള്‍ നല്‍കിയ അന്ത്യശാസനം ഹരിത തള്ളിയതോടെ പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമാവുകയാണ്. 

Published

|

Last Updated

കോഴിക്കോട് | മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ അന്ത്യാശനവും തള്ളി എം എസ് എഫിന്റെ വനിതാ വിഭാഗമായ ഹരിത മുന്നോട്ടു പോകുന്നതും പാര്‍ട്ടിക്കു കീഴ്‌പെട്ടു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് ഹരിതാ നേതാക്കള്‍ക്കു നല്‍കിയ താക്കീതും മുസ്‌ലിം ലീഗില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ വനിതാ കമീഷനില്‍ നല്‍കിയ പരാതി 24 മണിക്കൂറിനകം പിന്‍വലിക്കണമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശമാണ് ഹരിത നേതാക്കള്‍ തള്ളിയത്. പരാതിയില്‍ അച്ചടക്ക നടപടിയെടുക്കാതെ പിന്നോട്ടില്ലെന്നു ഹരിത നേതാക്കള്‍ വ്യക്തമാക്കിയതോടെ കുഞ്ഞാലിക്കുട്ടിയെ കൂടാതെ ചര്‍ച്ചയില്‍ പങ്കെടുത്ത യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, എം എസ് എഫ് ദേശീയ അധ്യക്ഷന്‍ ടി പി അഷ്‌റഫലി എന്നിവരെല്ലാം നിരാശരായി.

ഹരിതയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയുമാണ് ചര്‍ച്ചയില്‍ സംബന്ധിച്ചത്. പാണക്കാട് കുടപ്പനക്കല്‍ തറവാട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ പാര്‍ട്ടി നേതാക്കള്‍ നല്‍കിയ അന്ത്യശാസനം ഹരിത തള്ളിയതോടെ പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമാവുകയാണ്.

വനിതാ കമീഷനില്‍ കൊടുത്ത പരാതി പിന്‍വലിച്ചാല്‍ പി കെ നവാസിനെ പരസ്യമായി ശാസിക്കാമെന്നാണ് കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ ഹരിത നേതാക്കളെ അറിയിച്ചത്. നടപടി ആദ്യം സ്വീകരിച്ചാല്‍ പരാതി പിന്‍വലിക്കാമെന്ന നിലപാട് ഹരിത നേതാക്കള്‍ ആവര്‍ത്തിച്ചു.

പാര്‍ട്ടിയെ ഗണ്‍ പോയിന്റില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാനുള്ള നീക്കത്തിനെതിരെ കുഞ്ഞാലിക്കുട്ടി രോഷംകൊണ്ടെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല. പരാതി പിന്‍വലിച്ചാല്‍ നവാസിനെ പരസ്യമായി ശാസിക്കാമെന്നും ഒരു മാസത്തിന് ശേഷം എം എസ് എഫ് തലപ്പത്ത് മാറ്റങ്ങള്‍ കൊണ്ടുവരുന്ന കാര്യം ആലോചിക്കാമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

മോശം പരാമര്‍ശം നടത്തിയ മലപ്പുറം ജില്ലാ സെക്രട്ടറി വി എ വഹാബിനെതിരെയെങ്കിലും ആദ്യം നടപടി സ്വീകരിച്ചാല്‍ പരാതി പിന്‍വലിക്കാമെന്നതരത്തില്‍ ഹരിത നേതാക്കള്‍ നിലപാട് മയപ്പെടുത്തി. എന്നാല്‍, മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാന്‍ തയാറല്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് കുഞ്ഞാലിക്കുട്ടി നയം വ്യക്തമാക്കി. എം എസ് എഫ് നേതാക്കളായ നവാസും അബ്ദുള്‍ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്ന് കാണിച്ച് നേരത്തെ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആത്മാഭിമാനം സംരക്ഷിക്കാനാണു തങ്ങള്‍ വനിതാ കമ്മീഷനെ സമീപിച്ചതെന്നും ഹരിത നേതാക്കള്‍ വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ ഹരിതയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്ത എം എസ് എഫ് സംസ്ഥാന കമ്മിറ്റിയില്‍ ഹരിതയുടെ വീശദീകരണം ആവശ്യപ്പെട്ട എം എസ് എഫ് പ്രസിഡന്റ് പി കെ നവാസ് വേശ്യക്കും ന്യായീകരണം ഉണ്ടാവുമെന്ന പ്രയോഗം നടത്തിയെന്നാണു പരാതി. പെണ്‍കുട്ടികളുടെ സ്വഭാവശുദ്ധിയെ സംശയത്തില്‍ നിര്‍ത്തുന്ന തരത്തില്‍ ആയിരുന്നു പ്രസിഡന്റിന്റെ സംസാരം. ജൂണ്‍ 22നാണ് എം എസ് എഫ് ആസ്ഥാന കേന്ദ്രമായ ഹബീബ് സെന്ററില്‍ വെച്ച് മലപ്പുറം ജില്ലയിലെ ഹരിത രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്. ഇതില്‍ എം എസ് എഫ് പ്രസിഡന്റ് പി കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് പരാതിക്ക് ആധാരമായത്.

 

Latest