Connect with us

Kudumbasree

കുടംബശ്രീ തിരഞ്ഞെടുപ്പ് ജനുവരി ഏഴിന് തുടങ്ങും

നിലവിലെ ഭാരവാഹികളുടെ കാലാവധി ഈ വർഷം ജനുവരി 26ന് അവസാനിച്ചു

Published

|

Last Updated

തിരുവനന്തപുരം | കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന് പുതിയ ഭരണ സാരഥികളെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് നടപടികൾ ജനുവരി ഏഴ് മുതൽ 25 വരെ നടക്കും. സി ഡി എസ്, എ ഡി എസ്, അയൽക്കൂട്ടം എന്നിങ്ങനെ മൂന്ന് തലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. നിലവിലെ ഭാരവാഹികളുടെ കാലാവധി ഈ വർഷം ജനുവരി 26ന് അവസാനിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത് വരെ നിലവിലെ സമിതിയുടെ കാലാവധി സർക്കാർ നീട്ടിനൽകിയിരുന്നു. ഇതിന് പുറമെ ജനുവരി 26ന് പുതിയ ഭരണസമിതി ചുമതലയേൽക്കുന്ന രീതിയിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിറക്കിയിരുന്നു.

ഇതു പ്രകാരമാണ് കുടുംബശ്രീയുടെ കീഴിലുള്ള 2,94,436 അയൽക്കൂട്ടങ്ങൾ, 19,489 ഏരിയാ ഡെവലപ്‌മെന്റ് സൊസൈറ്റികൾ, 1,065 കമ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികൾ എന്നിവിടങ്ങളിലേക്ക് ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തുന്നത്. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച ത്രിതല സംഘടനാ സംവിധാനത്തിലെ 729 അയൽക്കൂട്ടങ്ങൾ, 133 ഊരുസമിതികൾ, നാല് പഞ്ചായത്ത് സമിതികൾ എന്നിവയുടെ ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പും ഇതേ ദിവസങ്ങളിൽ നടക്കും. അയൽക്കൂട്ടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി ഏഴ് മുതൽ 13 വരെയും എ ഡി എസുകളിലേക്ക് ജനുവരി 16 മുതൽ 21 വരെയും നടത്തും. സി ഡി എസ് തിരഞ്ഞെടുപ്പ് ജനുവരി 25നാണ്. അതത് ജില്ലകളിലെ കലക്ടർമാർക്കാണ് തിരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല.

 

Latest