Connect with us

മണ്ഡല പര്യടനം

കോട്ടയം: ആരുടെ തലവര മാറ്റും

നാല് പതിറ്റാണ്ടിനു ശേഷം കോട്ടയത്ത് കേരള കോൺഗ്രസ്സുകൾ തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Published

|

Last Updated

ഒരേ കുടുംബത്തിൽപ്പെട്ടവർ തമ്മിൽ ജയിക്കാൻ പോരടിക്കുമ്പോൾ ആ മത്സരത്തിന് ആവേശം കൂടും. കൂടുതൽ വിയർപ്പൊഴുകും, വീണ് പോകാതിരിക്കാൻ പഠിച്ച അടവുകൾ ഓരോന്നും വെട്ടിനോക്കും. അങ്ങനെയൊരു പോരിനാണ് കോട്ടയം സാക്ഷിയാകുന്നത്. നേർക്കുനേർ ഏറ്റുമുട്ടുന്നത് പലപ്പോഴായി ഒരുമിച്ചുണ്ടുറങ്ങിയ രണ്ട് പേരാകുമ്പോൾ ആര് വീഴും ആര് വാഴുമെന്ന് ഒറ്റവാക്കിൽ പറയാനും വയ്യ.

നാല് പതിറ്റാണ്ടിനു ശേഷം കോട്ടയത്ത് കേരള കോൺഗ്രസ്സുകൾ തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയുമുണ്ട്. 44 വർഷം മുമ്പ് 1980ലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്ര സ്സിലെ ഇരുവിഭാഗങ്ങളും അവസാനമായി നേർക്കുനേർ ഏറ്റുമുട്ടിയത്. കഴിഞ്ഞ തവണ യു ഡി എഫിനൊപ്പം നിന്ന് പിടിച്ച മണ്ഡലത്തിൽ ഇക്കുറി എൽ ഡി എഫിന് വേണ്ടിയാണ് കേരള കോൺഗ്രസ്സ് മാണി വിഭാഗത്തിന്റെ തോമസ് ചാഴികാടൻ ഇറങ്ങുന്നത്. അപ്പുറത്ത് രണ്ട് തവണ ഇടുക്കിയിൽ ഇടതിനൊപ്പം നിന്ന് എം പിയായ ഫ്രാൻസിസ് ജോർജാണ് യു ഡി എഫ് സ്ഥാനാർഥി. അപ്പുറവും ഇപ്പുറവും ചാടി മാറി നിന്നുള്ള മത്സരം കോട്ടയത്തെ വോട്ടർമാർ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം.

ഈഴവ വോട്ടുകളിൽ കണ്ണുവെച്ച് എൻ ഡി എക്കായി ബി ഡി ജെ എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കൂടി ഇറങ്ങിയതോടെ സമാനതകളില്ലാത്ത ആവേശമാണ് അക്ഷര നഗരിയിൽ തിളച്ചു മറിയുന്നത്.

ഇടത്തോട്ടും വലത്തോട്ടും ചായ്‌വ്
1952ലെ ആദ്യ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ സി പി മാത്യുവായിരുന്നു കോട്ടയത്തിന്റെ പ്രതിനിധിയായി പാർലിമെന്റിൽ എത്തിയത്. 1957 ലും 1962ലും മാത്യു മണിയങ്ങാടൻ കോൺഗ്രസ്സ് പ്രതിനിധിയായി പാർലിമെന്റിലെത്തി.

1964ലാണ് കോൺഗ്രസ്സിനെ പിളർത്തി കേരള കോൺഗ്രസ്സ് എന്ന മധ്യ തിരുവിതാംകൂർ പാർട്ടി രൂപവത്കൃതമാകുന്നത്.എന്നാൽ, കേരള കോൺഗ്രസ്സ് രൂപവത്കൃതമായ ശേഷം 1967ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ലഭിക്കേണ്ട വോട്ടിനെ കേരള കോൺഗ്രസ്സ് നെടുകെ പിളർത്തിയപ്പോൾ വിജയം സി പി എമ്മിലെ കെ എം എബ്രഹാമിനായിരുന്നു. കേരള കോൺഗ്രസ്സ് സ്ഥാനാർഥിയായ കെ പി മാത്യു മൂന്നാം സ്ഥാനത്തായി.1971ലെ അഞ്ചാം പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് കേരള കോൺഗ്രസ്സിന്റെ വർക്കി ജോർജ് ജയിച്ചു കയറി.

രൂപവത്കൃതമായി 13ാം വർഷത്തിൽ 1977 ലാണ് കേരള കോൺഗ്രസ്സ് ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പിള്ള വിഭാഗമെന്നും കെ എം മാണിയുടെ നേതൃത്വത്തിൽ മാണി വിഭാഗമെന്നും രണ്ടായത്. പിള്ള വിഭാഗം ഇടത് മുന്നണിയിലും മാണി വിഭാഗം കോൺഗ്രസ്സ് മുന്നണിയിലും നിലയുറപ്പിച്ചു. അതേവർഷം നടന്ന ലോക്്സഭാ തിരഞ്ഞെടുപ്പിൽ ഇരു കേരള കോൺഗ്രസ്സുകളും ആദ്യമായി ഏറ്റുമുട്ടി. ഇതിൽ മാണി വിഭാഗം സ്ഥാനാർഥി സ്‌കറിയ തോമസിനായിരുന്നു വിജയം. 1979 നവംബർ ഒന്നിന് മാണി വിഭാഗം കോൺഗ്രസ്സ് മുന്നണി വിട്ട് എൽ ഡി എഫിലെത്തി. 1980ൽ സിറ്റിംഗ് എം പി സ്‌കറിയ തോമസ് ഇടതു മുന്നണി സ്ഥാനാർഥിയായി മത്സരിച്ച് കോൺഗ്രസ്സിലെ കെ എം ചാണ്ടിയെ പരാജയപ്പെടുത്തി.

1981 ഒക്ടോബർ 20ന് കെ എം മാണി ഇടത് ബന്ധം ഉപേക്ഷിച്ച് വീണ്ടും മറുകണ്ടം ചാടി യു ഡി എഫിലെത്തി. 1984ലെ ലോക്്സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച സ്‌കറിയ തോമസ് പരാജയപ്പെട്ടു. സി പി എമ്മിലെ സുരേഷ്‌കുറുപ്പിനായിരുന്നു ജയം. തുടർന്ന് നടന്ന 1989, 1991, 1996 തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി കോൺഗ്രസ്സിലെ രമേശ് ചെന്നിത്തലക്കായിരുന്നു വിജയം. 1998ലും 1999ലും 2004ലും സുരേഷ് കുറുപ്പ് കോട്ടയത്തിന്റെ പ്രതിനിധിയായി. 2009ലും 2014ലും കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പിന്റെ ജോസ് കെ മാണി യു ഡി എഫിന്റെ ഒപ്പം നിന്ന് പാർലിമെന്റിൽ എത്തി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് പക്ഷത്തായിരുന്ന കേരള കോൺഗ്രസ്സിലെ തോമസ് ചാഴികാടൻ കോട്ടയം മണ്ഡലത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്.

2020ൽ മാണി വിഭാഗം യു ഡി എഫ് ബന്ധമുപേക്ഷിച്ച് എൽ ഡി എഫ് പക്ഷത്തേക്ക് പോയതോടെ ചാഴികാടനും എൽ ഡി എഫിലെത്തി. ഇപ്പോൾ വീണ്ടും കേരള കോൺഗ്രസ്സുകൾ ഇരുമുന്നണികളിൽ നിന്നായാണ് ഏറ്റുമുട്ടുന്നത്.

സമുദായ വോട്ടുകൾ നിർണായകം
ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, വൈക്കം നിയമസഭാമണ്ഡലങ്ങളും എറണാകുളത്തെ പിറവവും അടക്കം ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് കോട്ടയം പാർലിമെന്റ് മണ്ഡലം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരിഗണിച്ചാൽ യു ഡി എഫിന് മേൽക്കൈ കോട്ടയത്തുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം നിയസഭാ മണ്ഡലങ്ങളെ മുൻനിർത്തി പരിശോധിച്ചാൽ വൈക്കം ഒഴികെ ആറ് മണ്ഡലങ്ങളും യു ഡി എഫിനൊപ്പം നിന്നു.

ഇതിൽ വൈക്കവും ഏറ്റുമാനൂരും എൽ ഡി എഫിന് സ്വാധീനമുള്ള പ്രദേശങ്ങളാണ്. യു ഡി എഫിനൊപ്പം നിന്ന മണ്ഡലങ്ങളിൽ കടുത്തുരുത്തിയിൽ മാത്രമാണ് ജോസഫ് വിഭാഗത്തിന് സ്വാധീനം. കേരള കോൺഗ്രസ്സ് ചേരിമാറിയതോടെ ഫലത്തിൽ കടുത്തുരുത്തി, പിറവം, പാല, പുതുപ്പള്ളി എന്നീ മണ്ഡലങ്ങളിൽ യു ഡി എഫിന് ഇത്തവണ വോട്ടുകളിൽ കുറവ് വന്നേക്കാമെന്നും കരുതുന്നുണ്ട്. സാമുദായിക വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ അത് ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് മുന്നണികൾ. ക്രിസ്ത്യൻ വോട്ടർമാർ നിർണായക സ്വാധീനം വഹിക്കുന്ന മണ്ഡലത്തിൽ ഈഴവ, നായർ വോട്ടുകൾക്കും വലിയ പ്രാധാന്യമാണുള്ളത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി