nurse death
കോട്ടയത്ത് നഴ്സിൻ്റെ മരണം: ഭക്ഷ്യവിഷബാധയെന്ന് എഫ് ഐ ആറിലില്ല
അസ്വാഭാവിക മരണമെന്ന് മാത്രമാണുള്ളത്.

കോട്ടയം | ഹോട്ടലിലെ ഭക്ഷണം കഴിച്ച് ചികിത്സയിലായിരുന്ന കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിലെ എഫ് ഐ ആറിൽ ഭക്ഷ്യവിഷബാധയെന്നില്ല. അസ്വാഭാവിക മരണമെന്ന് മാത്രമാണുള്ളത്. ഇത് ഗുരുതര വീഴ്ചയാണെന്ന് രശ്മിയുടെ കുടുംബം ആരോപിച്ചു.
ഭക്ഷ്യവിഷബാധയേറ്റതായി കുടുംബം നൽകിയ പരാതിയിലുണ്ടായിരുന്നു. ഛർദിയും വയറിളക്കവുമാണ് മരണകാരണമെന്നാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയത്. അതേസമയം, പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് ഇല്ലാത്തതിനാലാണ് എഫ് ഐ ആറിൽ അക്കാര്യം പറയാത്തതെന്ന് പോലീസ് പറഞ്ഞു.
നഴ്സിൻ്റെ ആന്തരികാവയവങ്ങളിലുണ്ടായ അണുബാധ മൂലമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപോർട്ട്. കരൾ, വൃക്ക, ശ്വാസകോശം എന്നിവയിൽ കടുത്ത അണുബാധയുണ്ടായി. എന്നാൽ ഏതു തരത്തിലുള്ള അണുബാധയെന്ന് സ്ഥിരീകരിക്കാൻ രാസപരിശോധനോ ഫലം ലഭിക്കണം. ഹോട്ടലിൽ നിന്ന് വാങ്ങിയ അൽഫാമിൽ നിന്നാണ് വിഷബാധയേറ്റത്. ശരീര സ്രവങ്ങൾ രാസ പരിശോധനക്കായി തിരുവനന്തപുരം റീജ്യനൽ ലാബിലേക്ക് അയക്കും.
ഇതിന്റെ ഫലം കൂടി വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് രതീഷ് അറിയിച്ചു. തിങ്കളാഴ്ച രാത്രി ഏഴിന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് രശ്മി മരിച്ചത്. പോസ്റ്റ്മോർട്ടം നടപടി പൂർത്തീകരിച്ചതിനെ തുടർന്ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് പാഴ്സൽ ഭക്ഷണം വാങ്ങി കഴിച്ചതിനെ തുടർന്നാണ് ശാരീരിക അസ്വസ്ഥതകളുണ്ടായത്.