National
കനത്ത മഴയില്‍ കൊല്‍ക്കത്ത നഗരം വെള്ളത്തിനടിയില്‍; അപകടങ്ങളില്‍ 10 പേര്‍ മരിച്ചു
റിപ്പോര്‍ട്ട് ചെയ്ത 10 മരണങ്ങളില്‍ 8 എണ്ണം വൈദ്യുതാഘാതം മൂലമാണുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

കൊല്‍ക്കത്ത| കനത്ത മഴയില്‍ കൊല്‍ക്കത്തയും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ജനജീവിതം ദുഷ്‌കരമായി തുടരുകയാണ്. ഇതിനെത്തുടര്‍ന്ന് അപകടങ്ങളില്‍ 10 പേര്‍ മരിച്ചു. നഗരം ദുര്‍ഗ്ഗാ പൂജാ ആഘോഷത്തിനൊരുങ്ങിയിരിക്കുന്നതിനിടെയാണ് മഴ ശക്തമായത്. മഴ ഇനിയും തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. നിലവില്‍ നഗരത്തില്‍ മഴയില്ലെങ്കിലും കൊല്‍ക്കത്തയിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. നഗരത്തിലെ ഗാരിയാഹത്ത്, ജോക്ക, സര്‍സുന, തന്താനിയ, ആംഹെര്‍സ്റ്റ് സ്ട്രീറ്റ് പ്രദേശങ്ങളിലെ റോഡുകള്‍ വെള്ളത്തിനടിയിലാണ്.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വൈദ്യുതി വിച്ഛേദിക്കപ്പെട്ട പല സ്ഥലങ്ങളിലും ഇതുവരെ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. റിപ്പോര്‍ട്ട് ചെയ്ത 10 മരണങ്ങളില്‍ 8 എണ്ണം വൈദ്യുതാഘാതം മൂലമാണുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ 39 വര്‍ഷത്തിനിടെ നഗരത്തില്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രവലിയ മഴ പെയ്തിട്ടില്ല. നിലവില്‍ കൊല്‍ക്കത്തയിലെ എല്ലാ സ്‌കൂളുകളും അടച്ചിരിക്കുകയാണ്. കടകളും അടച്ചിട്ടിരിക്കുകയാണ്. ജനങ്ങളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഇന്നലെ മേയര്‍ ഫിര്‍ഹാദ് ഹക്കീം അഭ്യര്‍ത്ഥിച്ചിരുന്നു. വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍, മെട്രോ സര്‍വീസുകള്‍ റോഡ് ഗതാഗതവും തടസപ്പെട്ടു. 91 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കാരണം വരും ദിവസങ്ങളില്‍ കൊല്‍ക്കത്തയിലും നിരവധി ദക്ഷിണ ബംഗാള്‍ ജില്ലകളിലും മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴ, ശക്തമായ കാറ്റ്, ഇടിമിന്നല്‍ എന്നിവയുമുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.