Connect with us

kodiyeri Balakrishnan

സി പി എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തിരിച്ചെത്തും

ബിനീഷിനെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരത്ത് ബിനീഷിന്റെ വീട് റെയ്ഡ് ചെയ്യുന്ന ഘട്ടം വരെയെത്തിയിരുന്നു. ഇത് കോടിയേരി ബാലകൃഷ്ണനും പാർട്ടിക്കും വലിയ ക്ഷീണമാണുണ്ടാക്കിയത്. ഇതിന് ശേഷമായിരുന്നു കോടിയേരിയുടെ രാജി

Published

|

Last Updated

കണ്ണൂർ | കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ച സാഹര്യത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്താനുള്ള സാധ്യത തെളിയുന്നു. ബിനീഷ് കോടിയേരിയുടെ വിവാദം കത്തി നിൽക്കുന്നതിനിടെ കഴിഞ്ഞ വർഷം നവംബർ 13 നായിരുന്നു കോടിയേരി സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതും പകരം ആക്ടിംഗ് സെക്രട്ടറിയായി എ വിജയരാഘവനെ തിരഞ്ഞെടുത്തതും.

ചികിത്സാർഥം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ അനുവദിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ കോടിയേരി അറിയിക്കുകയും പാർട്ടി അത് അംഗീകരിക്കുകയുമായിരുന്നുവെന്നായിരുന്നു പാർട്ടി വിശദീകരണം. ബിനീഷിനെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരത്ത് ബിനീഷിന്റെ വീട് റെയ്ഡ് ചെയ്യുന്ന ഘട്ടം വരെയെത്തിയിരുന്നു. ഇത് കോടിയേരി ബാലകൃഷ്ണനും പാർട്ടിക്കും വലിയ ക്ഷീണമാണുണ്ടാക്കിയത്. ഇതിന് ശേഷമായിരുന്നു കോടിയേരിയുടെ രാജി.

അടുത്ത വർഷം ഫെബ്രുവരിയിലാണ് പാർട്ടി സംസ്ഥാന സമ്മേളനം നടക്കുന്നത്. ബിനീഷ് ജയിലിൽ തന്നെയാണെങ്കിൽ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി വരുന്നതിനെതിരെ എതിർപ്പുയരാൻ സാധ്യതയുണ്ടാകുമായിരുന്നു. എന്നാൽ, ബിനീഷിന്റെ ജാമ്യത്തോടെ കോടിയേരിക്ക് വീണ്ടും സാധ്യത തെളിഞ്ഞിരിക്കുകയാണ്.

പാർട്ടി മാനദണ്ഡമനുസരിച്ച് ഒരു ടേം കൂടി സെക്രട്ടറിയായി കോടിയേരിക്ക് വരാം. താത്കാലികമായാണ് എ വിജയരാഘവൻ സംസ്ഥാന സെക്രട്ടറി പദവിയിലെത്തിയത്.
2015ൽ ആലപ്പുഴയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിൻഗാമിയായി കോടിയേരി സെക്രട്ടറി സ്ഥാനത്തെത്തിയത്. 2018ൽ തൃശൂർ സമ്മേളനത്തിൽ കോടിയേരി സെക്രട്ടറിയായി തുടരുകയായിരുന്നു. സെക്രട്ടറി സ്ഥാനമൊഴിഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ തന്ത്രം മെനഞ്ഞതും മുന്നണിയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിന് നേതൃത്വം നൽകിയതും കോടിയേരി തന്നെയാണ്.

സീറ്റുവിഭജനത്തെ ചൊല്ലിയുള്ള തർക്കങ്ങളും ഘടകകക്ഷികൾ തമ്മിലുള്ള തർക്കവും പരിഹരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അർബുദ രോഗ ബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്ന കോടിയേരി ഇപ്പോൾ പൂർണമായി ആരോഗ്യ നില വീണ്ടെടുത്തിട്ടുണ്ട്. അടുത്ത വർഷം ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ്സിന്റെ പ്രധാന ചുമതലയും കോടിയേരിക്ക് തന്നെയാണ്.

---- facebook comment plugin here -----

Latest