Connect with us

From the print

കൊടകര കുഴല്‍പ്പണക്കേസ്: തുടരന്വേഷണത്തിന് പോലീസിന് നിയമോപദേശം

തിരൂര്‍ സതീഷിന്റെ മൊഴിയെടുക്കും.

Published

|

Last Updated

തിരുവനന്തപുരം | കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് സര്‍ക്കാറിന് നിയമോപദേശം. ബി ജെ പി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിന്റെ മൊഴി രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡി ജി പി), ഈ മൊഴിയെ അടിസ്ഥാനമാക്കി മുന്നോട്ടുപോകാമെന്നും നിയമോപദേശം നല്‍കി. നിയമോപദേശം ലഭിച്ചതിന് പിന്നാലെ അന്വേഷണ ചുമതലയുള്ള ഡിവൈ എസ് പി. വി കെ രാജു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഹൈക്കോടതിയിലെ ഡി ജി പിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം ഉടന്‍ ചേരും. ഇതിന് ശേഷം ജെ എഫ് എം കോടതിയില്‍ തുടരന്വേഷണത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനും തിരൂര്‍ സതീഷിന്റെ മൊഴി രേഖപ്പെടുത്താനുമാണ് പ്രത്യേക അന്വേഷണ സംഘം ആലോചിക്കുന്നത്.

കവര്‍ച്ചാ കേസിനെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൊണ്ടുവന്ന ഹവാലാ പണവുമായി ബന്ധപ്പെടുത്തി എങ്ങനെ അന്വേഷിക്കുമെന്നത് സംബന്ധിച്ചാണ് ഡി ജി പി ഓഫീസിനോട് അഭിപ്രായം തേടിയത്. കവര്‍ച്ചാ കേസുമായി ബന്ധപ്പെടുത്തി ഇതന്വേഷിച്ചാല്‍ ഭാവിയില്‍ അതിന്റെ സാധുത കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനാല്‍ നിയമോപദേശത്തില്‍ ഇതിനുകൂടി മറുപടി തേടിയിരുന്നു.

ഇതിനിടെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് പലയിടങ്ങളിലായി ബി ജെ പിക്കായി ഹവാലാ പണം എത്തിച്ചെന്ന ഇടനിലക്കാരന്റെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങളും പുറത്തുവന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ബി ജെ പി കേരളത്തിലേക്ക് എത്ര കള്ളപ്പണം എത്തിച്ചെന്ന് കൃത്യമായി പറയുന്നതാണ് ധര്‍മരാജന്‍ നല്‍കിയ മൊഴി.

കേരളത്തിലേക്ക് ആകെ 41.40 കോടി രൂപയാണ് അയച്ചിരുന്നത്. ഇതില്‍ സേലത്ത് വെച്ച് 4.40 കോടി രൂപയും കൊടകരയില്‍ വെച്ച് 3.50 കോടി രൂപയും കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ശേഷിക്കുന്ന 33.5 കോടി രൂപയാണ് തിരഞ്ഞെടുപ്പുകള്‍ക്കായി വിതരണം ചെയ്തതെന്നാണ് ധര്‍മരാജന്‍ മൊഴി നല്‍കിയിരുന്നത്. 14.40 കോടി രൂപയാണ് കര്‍ണാടകയില്‍ നിന്ന് നേരിട്ട് കൊണ്ടുവന്നത്. 27 കോടി രൂപ മറ്റ് ഹവാല റൂട്ടുകളിലൂടെയും കൊണ്ടുവന്നുവെന്നും ധര്‍മരാജന്‍ നല്‍കിയ മൊഴിയിലുണ്ട്. കേരളത്തിലേക്ക് എത്തിച്ച പണത്തില്‍ ഏറ്റവും കൂടുതല്‍ തുക കൊണ്ടുവന്നത് തൃശൂരിലേക്കാണെന്നും തിരുവനന്തപുരത്തേക്കും പത്തനംതിട്ടയിലേക്കും പാലക്കാട്ടേക്കുമെല്ലാം പണം കൊണ്ടുവന്നിരുന്നുവെന്നും മൊഴിയിലുണ്ട്.

1.4 കോടി രൂപയാണ് കണ്ണൂരില്‍ നല്‍കിയത്. കോഴിക്കോട് മേഖലാ സെക്രട്ടറിക്ക് കൈമാറിയത് ഒന്നരക്കോടിയാണ്. തൃശൂരില്‍ പന്ത്രണ്ട് കോടിയാണ് എത്തിയത്.

 

---- facebook comment plugin here -----

Latest