Ongoing News
റിയാദിന്റെ മുഖച്ഛായ മാറ്റാൻ 'കിംഗ് സൽമാൻ റോഡ് ഗേറ്റ്'; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ വിപ്ലവകരമായ ഡിസൈനുമായി സഊദി ആർക്കിടെക്റ്റ്
പ്രമുഖ സഊദി വാസ്തുവിദ്യാ എഞ്ചിനീയറിംഗ് കമ്പനിയായ മിഷാരി അൽ-റഷീദ് ആർക്കിടെക്ചറൽ എഞ്ചിനീയറിംഗ് കമ്പനി ആണ് റിയാദിന്റെ ആകാശരേഖയെ പുനർനിർവചിക്കാൻ പോന്ന ഈ അതിശയകരമായ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
റിയാദ്| സഊദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിന്റെ നഗരസൗന്ദര്യവൽക്കരണത്തിന് പുതിയൊരു നാഴികക്കല്ലാകാൻ പോകുന്ന ‘കിംഗ് സൽമാൻ റോഡ് ഗേറ്റ്’ പദ്ധതിയുടെ ആർക്കിടെക്ചറൽ കൺസെപ്റ്റ് ഡിസൈൻ നിർദ്ദേശം പുറത്തുവിട്ടു. പ്രമുഖ സഊദി വാസ്തുവിദ്യാ എഞ്ചിനീയറിംഗ് കമ്പനിയായ മിഷാരി അൽ-റഷീദ് ആർക്കിടെക്ചറൽ എഞ്ചിനീയറിംഗ് കമ്പനി ആണ് റിയാദിന്റെ ആകാശരേഖയെ പുനർനിർവചിക്കാൻ പോന്ന ഈ അതിശയകരമായ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
ഹൈവേയ്ക്ക് മുകളിലെ ഇരട്ട ടവറുകളും ഫ്ലോട്ടിംഗ് പ്ലാസയും
റിയാദിലെ ഏറ്റവും തിരക്കേറിയ കവലകളിലൊന്നായ കിംഗ് സൽമാൻ റോഡും അബു ബക്കർ അൽ-സിദ്ദിഖ് റോഡും സന്ധിക്കുന്ന ഭാഗത്താണ് ഈ വമ്പൻ പ്രൊജക്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്. പ്രധാന ഹൈവേയുടെ ഇരുവശത്തുമായി പരസ്പരം പൂരകങ്ങളായി നിൽക്കുന്ന രീതിയിലുള്ള രണ്ട് ആധുനിക ഇരട്ട ടവറുകളാണ് ഡിസൈനിലെ പ്രധാന ആകർഷണം. ഈ ടവറുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഹൈവേയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന ഭീമാകാരമായ ഒരു സ്കൈബ്രിഡ്ജും ഇതിലുണ്ട്. ഒരു സാധാരണ പാലം എന്നതിലുപരി വായുവിൽ ഒഴുകിനടക്കുന്ന ഒരു വലിയ പ്ലാസ പോലെയാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.

വാസ്തുവിദ്യയിൽ നിർമ്മിത ബുദ്ധി എ.ഐ പരീക്ഷണം
ഈ പ്രൊജക്റ്റിന്റെ മറ്റൊരു വലിയ സവിശേഷത ഇത് രൂപകൽപ്പന ചെയ്യുന്നതിനും ഇതിന്റെ ഡേ-നൈറ്റ് വിഷ്വലുകൾ ഒരുക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകളുടെ സഹായം തേടിയിട്ടുണ്ട് എന്നതാണ്. വാസ്തുവിദ്യാ രംഗത്ത് പുതിയ സർഗ്ഗാത്മക സാധ്യതകൾ പരീക്ഷിക്കുന്നതിനാണ് എ.ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയത്.
Content Highlights: Saudi architectural firm Mishari Al-Rasheed revealed the concept design for the King Salman Road Gate project in Riyadh. Planned at the junction of King Salman Road and Abu Bakr Al-Siddiq Road, it features twin towers connected by a floating skybridge plaza. Artificial intelligence models were utilized to develop the design and day-night visuals.




