International
പുടിനുമായി കൂടിക്കാഴ്ച നടത്തി ഇറാന് സുരക്ഷാ മേധാവി; ഖാംനഇയുടെ സന്ദേശം കൈമാറി
മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും, ഇറാനെതിരെ അമേരിക്ക നടത്തുന്ന 'ആക്രമണങ്ങള്‍' അവസാനിപ്പിക്കുന്നതിന് റഷ്യ നല്കുന്ന പിന്തുണയെക്കുറിച്ചും ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കിയതായി റെസായി.
മോസ്കോ | ഇറാനെതിരെ അമേരിക്കയും ഇസ്റാഈലും നടത്തുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങള്‍ ഊര്‍ജിതമാകുന്നതിനിടെ, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി ഇറാന് സുരക്ഷാ മേധാവി മൊഹ്സെന്‍ റെസായി. മോസ്കോയിലാണ് കൂടിക്കാഴ്ച നടന്നത്.
പ്രാദേശിക സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള കൂടിക്കാഴ്ചക്കിടെ, ഇറാന് പരമോന്നത നേതാവ് മൊജ്തബ ഖാംനഇ പുടിന് അയച്ച കത്ത് റെസായി കൈമാറിയതായി ഇറാനിയന്‍ സര്‍ക്കാര്‍ മാധ്യമമായ ‘പ്രസ് ടി വി’ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, എന്തായിരുന്നു സന്ദേശത്തിലെ ഉള്ളടക്കമെന്ന് റെസായി വെളിപ്പെടുത്തിയില്ല. മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും, ഇറാനെതിരെ അമേരിക്ക നടത്തുന്ന ‘ആക്രമണങ്ങള്‍’ അവസാനിപ്പിക്കുന്നതിന് റഷ്യ നല്കുന്ന പിന്തുണയെക്കുറിച്ചും ചര്‍ച്ചകളില്‍ ഊന്നല്‍ നല്‍കിയതായി യോഗത്തിന് ശേഷം സംസാരിക്കവേ റെസായി പറഞ്ഞു.
‘പുടിനുമായി പ്രധാനപ്പെട്ട പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. യുദ്ധാനന്തര കാലഘട്ടത്തെക്കുറിച്ചും പ്രാദേശിക സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ഗൗരവമായ സംഭാഷണങ്ങള്‍ നടന്നു.’- അദ്ദേഹം പറഞ്ഞു. റഷ്യയില്‍ നിന്ന് ഇറാനിലേക്ക് ഗ്യാസ് പൈപ്പ്ലൈനുകള് നിര്‍മിക്കുന്നത് ഉള്‍പ്പെടെ, ഊര്‍ജ മേഖലയിലെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള പദ്ധതികളും ചര്‍ച്ചാവിഷയമായെന്നും റെസായി വ്യക്തമാക്കി.
മോസ്കോ സന്ദര്‍ശനം ഏകദേശം ഒരു മാസം മുമ്പ് തന്നെ ആസൂത്രണം ചെയ്തിരുന്നതാണെന്നും, എന്നാല്‍ മേഖലയിലെ സൈനിക സാഹചര്യത്തെക്കുറിച്ചുള്ള ദൈനംദിന ചര്‍ച്ചകള്‍ കാരണം അത് മാറ്റിവെക്കുകയായിരുന്നുവെന്നും ഇറാന് സുരക്ഷാ മേധാവി പ്രതികരിച്ചു.
Content Highlights: Iranian security chief met Russian President Vladimir Putin in Moscow to convey a message from Supreme Leader Khamenei. Discussions focused on regional defense and bilateral strategies amidst rising geopolitical tensions. The meeting highlights deepening strategic ties between Tehran and Moscow.




