Connect with us

Kerala

കിഡ്‌നി രോഗികളുടെ മരുന്ന് വിലയിലെ കൊള്ള ലാഭം നിയന്ത്രിക്കണം: ഇ ടി

നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയെ നോക്കുകുത്തിയാക്കിയാണ് മരുന്ന് കമ്പനികള്‍ തോന്നിയ വിലയ്ക്ക് മരുന്നുകള്‍ വിറ്റഴിക്കുന്നത്.

Published

|

Last Updated

മലപ്പുറം | കിഡ്‌നി രോഗികള്‍ക്കുള്ള മരുന്ന് വില്‍പ്പനയിലൂടെ വന്‍കൊള്ളയാണ് നടക്കുന്നതെന്നും ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചു കെമിക്കല്‍സ് & ഫാര്‍മസ്യൂട്ടിക്കള്‍സിന്റെ ചുമതല കൂടി വഹിക്കുന്ന കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് ഇ. ടി. കത്തയച്ചു.

കിഡ്‌നി തകരാറിലായി ഡയാലിസിസിന് വിധേയമാകുന്ന രോഗികള്‍ക്ക് രക്തത്തിലെ ഹീമോഗ്ലോബീന്‍ വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ‘എറിത്രോപോയിറ്റീന്‍’ ഇഞ്ചക്ഷന്‍ വില്‍പ്പന നടത്തുന്നത് ആറിരട്ടി ലാഭം എടുത്താണ്. 220 രൂപയ്ക്കാണ് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ഈ ഇഞ്ചക്ഷന്‍ ലഭിക്കുന്നത്. എന്നാല്‍ ഇതില്‍ രേഖപ്പെടുത്തിയ പരമാവധി വില്‍പന വില 1307 രൂപയാണ്. ഇതിലൂടെയാണ് വന്‍തോതിലുള്ള തട്ടിപ്പ് നടത്തുന്നത്. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ലഭിക്കുന്ന വിലയേക്കാള്‍ 1087 രൂപ അധികമായി നല്‍കിയാല്‍ മാത്രമേ സാധാരണക്കാരായ രോഗികള്‍ക്ക് മരുന്ന് ലഭ്യമാകുന്നുള്ളു.

നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍.പി.പി.എ) യാണ് മരുന്നുകളുടെ പരമാവധി വില്‍പന വില നിര്‍ണയിക്കേണ്ടത്. എന്നാല്‍ അതോറിറ്റിയെ നോക്കുകുത്തിയാക്കിയാണ് മരുന്ന് കമ്പനികള്‍ തോന്നിയ വിലയ്ക്ക് മരുന്നുകള്‍ വിറ്റഴിക്കുന്നത്. ഇക്കര്യത്തില്‍ അടിയന്തരമായി ഇടപെട്ട് ഡയാലിസിസിന് വിധേയമാകുന്ന രോഗികള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഇഞ്ചക്ഷനും അമിത ലാഭത്തില്‍ വില്‍ക്കുന്നത് നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും എം.പി കത്തില്‍ ആവശ്യപ്പെട്ടു.