Kerala
തൃശ്ശൂരില്‍ ആളൊഴിഞ്ഞ വീടിന്റെ ചായ്പ്പിൽ അസ്ഥികൂടം കണ്ടെത്തി
വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി തറ പൊളിക്കുന്നതിനിടെയാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്
തൃശ്ശൂര്‍| എരുമപ്പെട്ടി നെല്ലിക്കുന്നില്‍ പാടശേഖരത്തിന് സമീപത്തെ അടച്ചിട്ട വീടിന്റെ ചായ്പ്പില്‍ കുഴിച്ചിട്ട നിലയില്‍ അസ്ഥികൂടം കണ്ടെത്തി. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി തറ പൊളിക്കുന്നതിനിടെയാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. വീട് വാങ്ങിയ പുതിയ ഉടമസ്ഥന്‍ ചായ്പ്പിന്റെ നിലം പൊളിക്കുന്നതിനിടെ ഇന്നലെ വൈകുന്നേരമാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തോടൊപ്പം തുണികളുടെയും പായയുടെയും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് വര്‍ഷം മുമ്പ് ഇവിടെ സ്ത്രീകളടങ്ങുന്ന ഒരു കുടുംബവും ഇതര സംസ്ഥാന തൊഴിലാളികളും വാടകയ്ക്ക് താമസിച്ചിരുന്നു. അതിനുശേഷം വീട് മറ്റൊരാള്‍ക്ക് വില്‍ക്കുകയായിരുന്നു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. അസ്ഥികൂടത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കുന്നത് കേസില്‍ നിര്‍ണ്ണായകമാകും.
വീട്ടില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തില്‍ കുന്നംകുളം എസിപിയുടെ നേതൃത്വത്തില്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.




