Connect with us

International

ലോകമെമ്പാടും എക്സ് സേവനങ്ങൾ വീണ്ടും തടസ്സപ്പെട്ടു

പ്രശ്നങ്ങൾ ആരംഭിച്ച് ഏകദേശം ഒരു മണിക്കൂറിനുള്ളിൽ മിക്കയിടങ്ങളിലും സേവനങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും സാങ്കേതിക തകരാറിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Published

|

Last Updated

ന്യൂഡൽഹി | ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് (ട്വിറ്റർ) ആഗോളതലത്തിൽ പ്രവർത്തനരഹിതമായി. ഫെബ്രുവരി 16 തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ സേവനം തടസ്സപ്പെട്ടതെന്ന് വെബ്സൈറ്റ് നിരീക്ഷകരായ ഡൗൺ ഡിറ്റക്റ്റർ റിപ്പോർട്ട് ചെയ്തു. ലോഗിൻ ചെയ്യുന്നതിനും ഫീഡുകൾ റിഫ്രഷ് ചെയ്യുന്നതിനും പുതിയ പോസ്റ്റുകൾ പങ്കുവെക്കുന്നതിനും ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്.

ഇന്ത്യയിൽ ഏകദേശം 3,357 ഉപയോക്താക്കൾ പരാതിയുമായി രംഗത്തെത്തി. ഇതിൽ 46 ശതമാനം പേർ വെബ്സൈറ്റിലും 45 ശതമാനം പേർ മൊബൈൽ ആപ്ലിക്കേഷനിലും പ്രശ്നങ്ങൾ നേരിട്ടു. ഒൻപത് ശതമാനം പേർക്ക് ഫീഡ് പുതുക്കാൻ സാധിച്ചില്ല. അമേരിക്കയിലും ബ്രിട്ടനിലും സമാനമായ രീതിയിൽ വലിയ തോതിൽ സേവനം തടസ്സപ്പെട്ടു. ബ്രിട്ടനിൽ വൈകുന്നേരം 7:11 ഓടെ പരാതിക്കാരുടെ എണ്ണം 10,958 ആയി ഉയർന്നു. അമേരിക്കയിൽ ഇതേ സമയത്ത് 41,369 പേരാണ് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്.

പ്രശ്നങ്ങൾ ആരംഭിച്ച് ഏകദേശം ഒരു മണിക്കൂറിനുള്ളിൽ മിക്കയിടങ്ങളിലും സേവനങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും സാങ്കേതിക തകരാറിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൃത്യം ഒരു മാസം മുൻപും സമാനമായ രീതിയിൽ എക്സ് സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. അന്ന് ഏകദേശം രണ്ട് ലക്ഷത്തോളം പേരാണ് പരാതിയുമായി എത്തിയത്. റിപ്പോർട്ടുകൾ പ്രകാരം 56 ശതമാനം പ്രശ്നങ്ങളും മൊബൈൽ ആപ്പുമായി ബന്ധപ്പെട്ടതായിരുന്നു.

---- facebook comment plugin here -----

Latest