Connect with us

Business

കോർപ്പറേറ്റ് എൻവയോൺമെൻ്റൽ റെസ്പോൺസിബിലിറ്റി പദ്ധതിയുടെ ഭാഗമായി നാല് റാപ്പിഡ് റെസ്പോൺസ് ടീം വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

കെ.ഇ.എഫ്. ഹോസ്പിറ്റാലിറ്റി ചെയർമാൻ ഫൈസൽ കൊട്ടിക്കോളനും വൈസ് ചെയർവുമൺ ഷബാന ഫൈസലും സംയുക്തമായാണ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫിനും ഔദ്യോഗിക കൈമാറ്റ ചടങ്ങിനും നേതൃത്വം നൽകിയത്.

Published

|

Last Updated

കെ ഇ എഫ് ഹോസ്പിറ്റാലിറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ കോർപ്പറേറ്റ് എൻവയോൺമെൻ്റൽ റെസ്പോൺസിബിലിറ്റി (സി.ഇ.ആർ.) പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനംവകുപ്പിന് നൽകുന്ന നാല് റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി.) വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മവും കൈമാറ്റവും ഇന്ന് നിർവഹിച്ചു. ഇത് വന്യജീവി സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും ഒരേസമയം മുതൽക്കൂട്ടാകുന്ന ഒരു നിർണായക ചുവടുവയ്പ്പാണ്.

കെ.ഇ.എഫ്. ഹോസ്പിറ്റാലിറ്റി ചെയർമാൻ ശ്രീ. ഫൈസൽ കൊട്ടിക്കോളനും വൈസ് ചെയർവുമൺ ശ്രീമതി ഷബാന ഫൈസലും സംയുക്തമായാണ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫിനും ഔദ്യോഗിക കൈമാറ്റ ചടങ്ങിനും നേതൃത്വം നൽകിയത്. സ്ഥാപനം സമൂഹിക ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പദ്ധതികൾക്കു നൽകുന്ന നിർലോഭ പിന്തുണയും സാമൂഹിക പ്രതിബദ്ധതയെയും ശ്രീ. ഫൈസൽ തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ എടുത്തുകാട്ടി.

മനുഷ്യനും വന്യജീവികളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെക്കുറിച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡി.എഫ്.ഒ.) ശ്രീ. ജോഷിൽ എം. വിശദമായ പ്രഭാഷണം നടത്തി. വന്യജീവികളെയും മനുഷ്യജീവനെയും സംരക്ഷിക്കുന്നതിനായി മുൻനിരയിൽ പ്രവർത്തിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളികളും അപകടസാധ്യതകളും അദ്ദേഹം വിശദീകരിച്ചു. കെ.ഇ.എഫ്. ഹോസ്പിറ്റാലിറ്റി പി.ആർ.ഒ. ശ്രീ. രാജീവ് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ പ്രേംഷമീർ, സുധീന്ദ്രൻ, പ്രശാന്ത്, തുലാ ക്ലിനിക്കൽ വെൽനസ് ജനറൽ മാനേജർ ശ്രീ. ജാവേദ് ഖാൻ എന്നിവർക്കും കെ.ഇ.എഫ്. ഹോസ്പിറ്റാലിറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മറ്റ് പ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

കോർപ്പറേറ്റ് എൻവയോൺമെൻ്റൽ റെസ്പോൺസിബിലിറ്റി (സി.ഇ.ആർ.)

പരിസ്ഥിതി അനുമതി വ്യവസ്ഥകൾ പ്രകാരമുള്ള ഒരു നിർബന്ധിത ബാധ്യതയാണ് കോർപ്പറേറ്റ് എൻവയോൺമെൻ്റൽ റെസ്പോൺസിബിലിറ്റി (സി.ഇ.ആർ.).  പദ്ധതികൾ പരിസ്ഥിതിയിലും പ്രാദേശിക സമൂഹങ്ങളിലും ഉണ്ടാക്കിയേക്കാവുന്ന ആഘാതങ്ങൾ ലഘൂകരിക്കുന്നതിനും പരിഹരിക്കുന്നതിനുമായി കമ്പനികൾ ഇതിലൂടെ പരിസ്ഥിതി-സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു.

വന്യജീവി സംരക്ഷണവും ജനങ്ങളുടെ സുരക്ഷയും ശക്തിപ്പെടുത്തൽ

മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കൈകാര്യം ചെയ്യുക, വന്യജീവികളെ പുനരധിവസിപ്പിക്കുക എന്നീ പ്രവർത്തനങ്ങളിൽ വനംവകുപ്പിൻ്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമതയുള്ളതാക്കി മാറ്റുന്നതിൽ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങളുടെ സി.ഇ.ആർ. പദ്ധതിയുടെ ഭാഗമായി കെ.ഇ.എഫ്. ഹോസ്പിറ്റാലിറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മികച്ച വാഹനങ്ങളും ഉപകരണങ്ങളും രക്ഷാപ്രവർത്തന സാമഗ്രികളും സംഭാവന ചെയ്തത്.

സംഭാവന ചെയ്ത വാഹനങ്ങളും ഉപകരണങ്ങളും

ബൊലേറോ ക്യാമ്പർ 4WD വാഹനങ്ങൾ – 3 എണ്ണം, ബൊലേറോ B6 OPT വാഹനം – 1 എണ്ണം, റിമോട്ട് കൺട്രോൾ സംവിധാനമുള്ള ഡ്രോണുകൾ – 2 എണ്ണം,  ജി.പി.എസ് സംവിധാനമുള്ള ജി.എസ്.എം. ക്യാമറ ട്രാപ്പുകൾ – 40 എണ്ണം,
ലാപ്ടോപ്പും പ്രിൻ്ററുകളും, മൊബൈൽ ഹാൻഡ്‌ഹെൽഡ് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ, കടുവ/പുലി എന്നിവയെ പിടികൂടുന്നതിനുള്ള കൂട്, കുരങ്ങുകളെ പിടികൂടുന്നതിനുള്ള കൂട്.

പ്രകൃതി സംരക്ഷണത്തിനായുള്ള നിക്ഷേപം

ഈ നാല് പ്രത്യേക വാഹനങ്ങൾ വാങ്ങുന്നതിനും സജ്ജീകരിക്കുന്നതിനുമായി ഏകദേശം 92 ലക്ഷം രൂപയാണ് കെ.ഇ.എഫ്. ഹോസ്പിറ്റാലിറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെലവഴിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, പ്രാദേശിക സമൂഹങ്ങളുടെ ക്ഷേമം എന്നിവയോടുള്ള സ്ഥാപനത്തിൻ്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.

ഒരു സ്ഥാപനത്തിൻ്റെ വിജയം കേവലം ബിസിനസ്സ് നേട്ടങ്ങൾക്കപ്പുറം സമൂഹത്തിന് അർത്ഥവത്തായതും ശാശ്വതവുമായ നേട്ടങ്ങൾ സൃഷ്ടിക്കുന്നതിലായിരിക്കണം എന്ന് ശ്രീ. ഫൈസൽ എക്കാലത്തും ഊന്നിപ്പറഞ്ഞിട്ടുണ്ട്. കാരുണ്യം, സാമൂഹിക പ്രതിബദ്ധത, സുസ്ഥിരമായ സാമൂഹിക വികസനം എന്നിവയിൽ അധിഷ്ഠിതമാണ് അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട്. ആരോഗ്യം, വിദ്യാഭ്യാസം, പൊതുസുരക്ഷ, പരിസ്ഥിതി സംരക്ഷണം, ദുർബല വിഭാഗങ്ങൾക്കുള്ള പിന്തുണ എന്നീ പ്രവർത്തനങ്ങളിലാണ് ഇതിലൂടെ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നത്.

ഈ നാല് റാപ്പിഡ് റെസ്പോൺസ് ടീം വാഹനങ്ങളുടെ കൈമാറ്റം വന്യജീവി പരിപാലനം ശക്തിപ്പെടുത്തുന്നതിനും ദുർബല സമൂഹങ്ങളെ സംരക്ഷിക്കുന്നതിനും മനുഷ്യരും വന്യജീവികളും തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ്. ഇത്തരം സംരംഭങ്ങളിലൂടെ പ്രകൃതി സംരക്ഷണം, പൊതുസേവനം, സുസ്ഥിര സാമൂഹിക വികസനം എന്നിവയോടുള്ള തങ്ങളുടെ പ്രതിബദ്ധത കെ.ഇ.എഫ്. ഹോസ്പിറ്റാലിറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടർന്നും തെളിയിച്ചു കൊണ്ടിരിക്കുന്നു.

Content Highlights:
KEF Hospitality donated four Rapid Response Team vehicles and advanced equipment worth 92 lakh rupees to the Kerala Forest Department. The handover was led by KEF Chairman Faizal Kottikollon as part of corporate environmental responsibility. The initiative aims to mitigate human wildlife conflict.

 

---- facebook comment plugin here -----

Latest