Kerala
എ ഐ പഠിക്കാം കേന്ദ്ര സഹായത്തോടെ
സർക്കാർ അംഗീകാരത്തോടെ നടത്തുന്ന ഡിജിറ്റൽ സ്കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമാണിത്.
ഇന്നത്തെ ഡിജിറ്റൽ ലോകത്ത് നിർമിത ബുദ്ധിയാണ് നമ്മുടെ കരിയർ നിയന്ത്രിക്കുന്നത്. ഓരോ തൊഴിൽ മേഖലയും എ ഐ അധിഷ്ഠിതമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാറിന്റെ സഹായത്തോടെ എ ഐ പഠനത്തിന് അവസരമൊരുങ്ങുന്നത്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം നാസ്‌കോമുമായി സഹകരിച്ച് നടത്തുന്ന ഫ്യൂച്ചർ സ്കിൽ പ്രൈം (എഫ് എസ് പി) പ്രോഗ്രാമിന്റെ ഭാഗമാകാനാണ് അവസരമൊരുങ്ങുന്നത്. സർക്കാർ അംഗീകാരത്തോടെ നടത്തുന്ന ഡിജിറ്റൽ സ്കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമാണിത്.
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് 12,000 രൂപ വരെ ഫീസ് റീ ഇംബേഴ്സ്‌മെന്റ് ലഭിക്കും. ഐ ടി, ഐ ടി ഇതര മേഖലകളിലായി തൊഴിൽ ചെയ്യുന്നവർ, തൊഴിലന്വേഷകർ തുടങ്ങി എ ഐ പഠിക്കണമെന്നുള്ളവർക്ക് കോഴ്സിന്റെ ഭാഗമാകാം. മൈക്രോസോഫ്റ്റ്, എ ഡബ്ല്യൂ എസ്, സിസ്‌കോ തുടങ്ങി വമ്പൻ കമ്പനികളുമായി ചേർന്നാണ് കോഴ്‌സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഫ്യൂച്ചർ സ്കിൽസ് പ്രൈം
സാങ്കേതികവിദ്യാ വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയെ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും നാസ്‌കോമും സംയുക്തമായി നടപ്പാക്കുന്ന ദേശീയ ഡിജിറ്റൽ നൈപുണ്യവികസന പദ്ധതിയായായ ഫ്യൂച്ചർ സ്കിൽസ് പ്രൈം ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് നടപ്പാക്കുന്നത്. ഡിജിറ്റൽ സാക്ഷരത ഉറപ്പുവരുത്തി തൊഴിൽ സാധ്യത വർധിപ്പിക്കുകയെന്നതാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകളിലാണ് പരിശീലനം ലഭിക്കുക.
അപേക്ഷകർ ആരൊക്കെ
16 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. വിദ്യാർഥികൾ, ഫ്രെഷേഴ്സ് ജോലി അന്വേഷിക്കുന്നവർ തുടങ്ങി എല്ലാ കാറ്റഗറിയിലുള്ളവർക്കും കോഴ്സിന്റെ ഭാഗമാകാം. ഐ ടി, ഐ ടി ഇതര വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രോഗ്രാമിൽ ചേരാം.
കോഴ്സുകൾ
നൈപുണ്യവികസനത്തിന് സഹായകരമാകുന്ന ഇരുനൂറിലധികം കോഴ്സുകളാണ് പഠിപ്പിക്കുന്നത്. ചില കോഴ്‌സുകൾ സൗജന്യമായി പഠിക്കാൻ അവസരമുണ്ട്. മറ്റു ചില കോഴ്‌സുകൾക്ക് നിശ്ചിത തുക ഫീസായി ഈടാക്കുന്നുണ്ട്. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ ഫീസ് തിരികെ ലഭിക്കും. മാർക്കറ്റിൽ ഏറ്റവും ഡിമാൻഡുള്ള കോഴ്‌സുകൾ പഠിക്കാം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജൻ എ ഐ സൈബർ സെക്യൂരിറ്റി, ഡാറ്റ പ്രൊസസിംഗ്, ഡാറ്റ സയൻസ്, ക്ലൗഡ് കന്പ്യൂട്ടിംഗ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ഫുൾ സ്റ്റാക് ജാവ ഡെവലപ്പർ, ബ്ലോക് ചെയിൻ പ്രോഗ്രാം, ത്രീഡി പ്രിന്റിംഗ് ആൻഡ് കാഡ് മോഡലിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, മൊബൈൽ ആപ്ലിക്കേഷൻ സെക്യൂരിറ്റി, മെഷീൻ ലേണിംഗ്, ഡിജിറ്റൽ ഫോറൻസിക്, വെബ് ഡെവലപ്‌മെന്റ് തുടങ്ങി പുതിയകാലത്ത് സാധ്യതകളുള്ള വിവിധ വിഷയങ്ങളിൽ കോഴ്സുകൾ ലഭ്യമാണ്.
അംഗീകാരം
ഫ്യൂച്ചർ സ്കിൽസ് പ്രൈമിലെ കോഴ്സുകളും സർട്ടിഫിക്കേഷനുകളും ദേശീയ തൊഴിൽ മാനദണ്ഡങ്ങളായ National Occupational Standards (NOS), National Skills Qualification Framework (NSQF) എന്നിവയുമായി സമന്വയിപ്പിച്ചിട്ടുണ്ട്. പദ്ധതിക്ക് കീഴിൽ അംഗീകരിച്ചിരിക്കുന്ന കോഴ്സുകൾക്കും അസ്സസ്‌മെന്റുകൾക്കും മാത്രമാണ് റീ ഇംബേഴ്സ്‌മെന്റ് ലഭിക്കുക. എല്ലാ കോഴ്‌സുകൾക്കും ഫീസ് റീ ഇംബേഴ്സ്‌മെന്റ് ലഭിക്കണമെന്നില്ല. അതിനാൽ, കോഴ്‌സിൽ ചേരുന്നതിന് മുന്പ് ഗവൺമെന്റ് ഓഫ് ഇന്ത്യ സ്കീമിൽ ഉൾപ്പെട്ടതാണോ എന്ന് ഉറപ്പാക്കണം.
ഫീസ്
രജിസ്ട്രേഷൻ സൗജന്യമായിരിക്കും. ചില അഡ്വാൻസ്‌ഡ് കോഴ്‌സുകൾ പഠിക്കാനും അസ്സസ്‌മെന്റ് പൂർത്തിയാക്കാനും ഫീസ് ഈടാക്കുന്നുണ്ട്. അസ്സസ്മെന്റ് പരീക്ഷ വിജയിച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ഈ ഫീസ് തിരികെ ലഭിക്കും. കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്ന യോഗ്യരായവർക്ക് ഒന്നിലധികം തവണ ഫീസ് റീ ഇംബേഴ്‌സ്‌മെന്റിന് അപേക്ഷിക്കാനാകും. മൂന്ന് കാറ്റഗറികളിലായാണ് ഫീസ് റീ ഇംബേഴ്സ്‌മെന്റ് ലഭിക്കുക.
ഡീപ് സ്കില്ലിംഗ് കോഴ്സ് (പെയ്ഡ്): ഈ കാറ്റഗറി വഴി കോഴ്സ് ഫീസിന്റെ 50 ശതമാനം തുക ഫീസ് റീ ഇംബേഴ്സ്‌മെന്റ് ലഭിക്കും. കുറഞ്ഞത് 2,500 രൂപവരെയാണ് ഒരു കോഴ്സിന് ലഭിക്കുക.
ഡീപ് സ്കില്ലിംഗ് ഗ്ലോബൽ ഒ ഇ എം സർട്ടിഫിക്കേഷൻ: ഈ കാറ്റഗറി വഴി കോഴ്സ് ഫീസിന്റെ 50 ശതമാനം തുക ഫീസ് റീ ഇംബേസ്‌മെന്റ് ലഭിക്കും. കുറഞ്ഞത് 5,500 രൂപയാണ് പരിധി.
ഇൻഡസ്ട്രി ഇന്റേൺഷിപ്പ്: 4,000 രൂപ (ഒരുമാസം 2,000 രൂപ) ഫീസ് റീ ഇംബേഴ്സ്‌മെന്റായി ലഭിക്കും.
അപേക്ഷ
www.futureskillsprime.in/govt-of-india-incentives എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുക. അഭിരുചിക്കനുസരിച്ച് അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുത്ത് പഠനം പൂർത്തിയാക്കാം. പോർട്ടലിൽ രജിസ്റ്റർ ചെയ്ത് Government of India Incentive Schemeൽ ചേർന്നിരിക്കണം. പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കോഴ്സിൽ പ്രവേശനം നേടുകയും കോഴ്സ് വിജയകരമായി പൂർത്തിയാക്കുകയും വേണം. പരീക്ഷ വിജയിച്ചാൽ മാത്രമാണ് അസ്സസ്‌മെന്റ് ഫീസ് റീ ഇംബേഴ്‌സ് ചെയ്യുക.
പ്ലാറ്റ്‌ഫോമിലെ ലേണർ ലെഡ്ജർ വഴിയാണ് ഇൻസെന്റീവിന് അപേക്ഷിക്കേണ്ടത്. കോഴ്‌സ് സർട്ടിഫിക്കറ്റ് ലഭിച്ച് 90 ദിവസത്തിനുള്ളിൽ അപേക്ഷാ നടപടികൾ തുടങ്ങണം. സർട്ടിഫിക്കറ്റ് തീയതി മുതൽ 180 ദിവസത്തിനുള്ളിൽ നിർബന്ധമായും ഇൻസെന്റീവിന് അപേക്ഷിക്കണം. കുറഞ്ഞത് 30 ദിവസത്തിനുള്ളിൽ ഇൻസെന്റീവ് ലഭിക്കും. വിവരങ്ങൾക്ക് www. futureskillsprime.in സന്ദർശിക്കുക.
Content Highlights: The Central Ministry of Electronics and Information Technology, in collaboration with NASSCOM, is offering AI and digital skill training through the FutureSkills Prime initiative. Participants can receive up to 12,000 rupees in fee reimbursement upon course completion. Eligible candidates can register online via the FutureSkills Prime portal.



