Kerala
കാസര്‍ക്കോട്, മലപ്പുറം വിജയം; തന്റെ പ്രസ്താവന വളച്ചൊടിച്ചതായി മന്ത്രി സജി ചെറിയാന്‍
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സംഭവിക്കാവുന്ന രാഷ്ട്രീയ ദുരന്തം ഞാന്‍ പറഞ്ഞപ്പോള്‍ അത് വേറൊരു രീതിയില്‍ വ്യഖ്യാനിക്കുകയായിരുന്നു
തിരുവനന്തപുരം | കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം അറിയാമെന്ന തന്റെ പ്രസ്താവന വളച്ചൊടിച്ചുുവെന്ന വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍.
ആര്‍ എസ് എസ് ഉയര്‍ത്തുന്ന വര്‍ഗീയത പ്രതിരോധിക്കേണ്ടതുണ്ട്. ആര്‍ എസ് എസുകാര്‍ ഉയര്‍ത്തുന്ന വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് നേരിടാന്‍ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്നും സജി ചെറിയാന്‍ പറഞ്ഞു. ജനങ്ങള്‍ ഭൂരിപക്ഷ വര്‍ഗീയതയോടും ന്യൂനപക്ഷ വര്‍ഗീയതയോടും അടുക്കുന്ന സാഹചര്യമുണ്ട്. അത് കാസര്‍കോട് കണ്ടു. ഇത് കേരളത്തില്‍ ആവര്‍ത്തിക്കാനിടയുണ്ട്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സംഭവിക്കാവുന്ന രാഷ്ട്രീയ ദുരന്തം ഞാന്‍ പറഞ്ഞപ്പോള്‍ അത് വേറൊരു രീതിയില്‍ വ്യഖ്യാനിക്കുകയായിരുന്നു.
മലപ്പുറം ജില്ലാ പഞ്ചായത്തില്‍ മതേതരത്വം പറഞ്ഞ സി പി എമ്മിന്റെ ഒരാളും ജയിച്ചില്ല. മുസ്ലിം ജനവിഭാഗത്തില്‍നിന്ന് സിപിഐഎമ്മില്‍ മത്സരിച്ചയാള്‍ പൊന്നാനിയില്‍നിന്ന് പോലും തോറ്റു. മതേതരത്വം പറയുമ്പോള്‍ സ്വാഭാവികമായും ഞങ്ങള്‍ അവിടെ ജയിക്കണമായിരുന്നു. എന്നാല്‍ അവിടെ ലീഗിന്റെ പിന്തുണയോടെ കോണ്‍ഗ്രസാണ് ജയിച്ചത്.
കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയില്‍ ആകെ 39 സീറ്റ് ഉണ്ട്. മതേതരത്വം പറഞ്ഞ ഞങ്ങള്‍ക്ക് കിട്ടിയത് ഒരു സീറ്റാണ്. കോണ്‍ഗ്രസിന് 2 സീറ്റ്. വര്‍ഗീയത പറഞ്ഞ ബിജെപിക്ക് ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ 12 സീറ്റ് കിട്ടി. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്ത് ലീഗിന് 22 സീറ്റ് ലഭിച്ചു. ഈ അവസ്ഥ കേരളത്തില്‍ മറ്റൊരിടത്തും വരരുത് എന്നെ താന്‍ ആഗ്രഹിച്ചുള്ളൂ. കാസര്‍കോട് നഗരസഭയിലെ ഒരു പ്രശ്നമാണ് താന്‍ ഉന്നയിച്ചത്. അത് കേരളത്തിലെവിടെയും വരാന്‍ പാടില്ലെന്നത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
22 സീറ്റ് ലീഗിന് കിട്ടിയതും 12 സീറ്റ് ബിജെപിക്ക് കിട്ടിയതും കാസര്‍കോട് മുനിസിപ്പാലിറ്റിയെ മുന്നില്‍നിര്‍ത്തി പറഞ്ഞതാണ്. അതുകൊണ്ട് കേരളത്തിലെ മറ്റ് സ്ഥലങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കണം. ഭൂരിപക്ഷ വര്‍ഗീയതയെയോ ന്യൂനപക്ഷ വര്‍ഗീയതയെയോ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്റ്റേറ്റ്മെന്റും ഉണ്ടാകാന്‍ പാടില്ല- സജി ചെറിയാന്‍ പറഞ്ഞു. വര്‍ഗീയമായ ചേരിതിരിവ് വന്നുകഴിഞ്ഞാല്‍ ആളുകള്‍ വര്‍ഗീയമായി ചിന്തിക്കുമ്പോള്‍ അവരില്‍ തീവ്രവാദപരമായ അല്ലെങ്കില്‍ ജാതി രാഷ്ട്രീയം പ്രത്യേകിച്ച് എടുത്തുപറയുന്ന ആളുകള്‍ക്ക് കൂടുതല്‍ സഹായകരമായ നിലപാടുകള്‍ വരുന്നു.
പ്രതിപക്ഷ നേതാവ് കാന്തപുരത്തിന്റെ കേരള യാത്രയുടെ സമ്മേളനത്തില്‍ പറഞ്ഞ കാര്യം പറയാന്‍ പാടില്ലായിരുന്നുവെന്നേ താന്‍ പറഞ്ഞിട്ടുള്ളൂ. കേരളത്തിലെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് അങ്ങനെ പറഞ്ഞതെന്ന് സതീശന്‍ ഇപ്പോള്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയെ പോലൊരു മതേതരവാദി ഇന്ത്യയിലുണ്ടോ?. ഏത് പ്രതിസന്ധിയിലാണ് ന്യൂനപക്ഷത്തിനൊപ്പം മുഖ്യമന്ത്രി നില്‍ക്കാതിരുന്നിട്ടുള്ളത്. എല്ലാ ഘട്ടത്തിലും നിന്നിട്ടുള്ള രാഷ്ട്രീയ നേതാവാണ് അദ്ദേഹം. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ കാലത്ത് ഒരിക്കല്‍ പോലും വര്‍ഗീയ കലാപം നടന്നിട്ടില്ല. മാറാട് കലാപത്തിന്റെ കാലത്ത് അവിടെ പോയി ജനങ്ങളെ ഐക്യപ്പെടുത്തിയ നേതാവാണ് പിണറായി വിജയന്‍.
അദ്ദേഹത്തെ ടാര്‍ജറ്റ് ചെയ്യാന്‍ എന്തിനാണ് വെള്ളാപ്പള്ളി നടേശനെയും ജി സുകുമാരന്‍ നായരെയും ഉപയോഗിക്കുന്നത്- സജി ചെറിയാന്‍ പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ത്ത് ന്യൂനപക്ഷ വര്‍ഗീയതയെ നിങ്ങള്‍ സഹായിക്കുമ്പോള്‍ ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടും.
താന്‍ മതേതരവാദിയാണ്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കുന്നയാളാണ്. ഇവിടെ എല്ലാമതവിഭാഗങ്ങള്‍ക്കും സമാധാനത്തോടെ കേരളത്തില്‍ ജീവിക്കാനാകണം.
അതിനുള്ള അന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്തും വിധമുള്ള ഇടപെടല്‍ ബി ജെ പിയുടെയോ സംഘപരിവാറിന്റെയോ ലീഗിന്റെയോ ജമാഅത്തെയുടെയോ ഭാഗത്ത് നിന്നുണ്ടാകുന്നു. അത് അപകടമാണ് എന്നാണ് താന്‍ പറഞ്ഞതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.ലീഗ് ജയിച്ചത് വര്‍ഗീയ വോട്ടുകള്‍ കൊണ്ടാണോ എന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് മന്ത്രി ക്ഷുഭിതനായി.


