Articles
ഓരോ ചുവടിലും തീ പാറി കര്‍ണാടക
ദേശീയ രാഷ്ട്രീയ ഗതിക്ക് വിപരീതമായി സംസ്ഥാന രാഷ്ട്രീയം നിര്‍ണയിച്ചു പരിചയിച്ച കര്‍ണാടക ജനത തങ്ങളുടെ ശീലം കൈവിടുന്നില്ല എന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യാ ടുഡെ - കര്‍വി, ടൈംസ് നൗ - വി എം ആര്‍, ടി വി 9 സി വോട്ടര്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കുന്നു. സംഘ്പരിവാര്‍ വിധേയത്വത്തിനു പേരുകേട്ട ഇത്തരം മാധ്യമ സ്ഥാപനങ്ങളില്‍ ചിലതിന്റെ സര്‍വേയില്‍ കോണ്‍ഗ്രസ്സിന് നൂറിലധികം സീറ്റുകളും പ്രവചിച്ചിട്ടുണ്ട്.

രാജ്യത്തെ മൊത്തം ജനസം ഖ്യയുടെ അഞ്ച് ശതമാനത്തിലധികം വരുന്ന കര്‍ണാടകയിലെ അഞ്ചേ കാല്‍ കോടിയോളം വോട്ടര്‍മാര്‍ വിധി നിര്‍ണയത്തിന് സജ്ജമായിക്കഴിഞ്ഞു. തെക്കേ ഇന്ത്യയില്‍ നങ്കൂരമിടാന്‍ ബി ജെ പി കേന്ദ്രബിന്ദുവായി കണക്കാക്കുന്നത് കര്‍ണാടകയെയാണ്. എന്നാല്‍ ഇന്ന് വരെയുള്ള ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ബി ജെ പിക്ക് ലഭിച്ചിട്ടില്ല. 2018ലെ തിരഞ്ഞെടുപ്പില്‍ 224 അംഗ നിയമസഭയില്‍ 104 ആയിരുന്നു ബി ജെ പിയുടെ സമ്പാദ്യം. അന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും വോട്ടിംഗ് ശതമാനത്തില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ രണ്ട് ശതമാനം പിന്നിലായിരുന്നു. അധികാര കുത്തക അവസാനിച്ചുവെങ്കിലും രൂപവത്കരണത്തിനു ശേഷം കൃത്യമായ വോട്ടിംഗ് ശതമാനവും സീറ്റുകളും കോണ്‍ഗ്രസ്സ് നിലനിര്‍ത്തുന്ന സംസ്ഥാനമായി കര്‍ണാടക ഇപ്പോഴും തുടരുന്നു.
രാജ്യത്തെ വിസ്മയിപ്പിച്ചിട്ടുള്ള ജനവിധികള്‍ കന്നഡിഗര്‍ പലപ്പോഴും നല്‍കിയിട്ടുണ്ട്. രാജ്യം ചിന്തിക്കുന്നതിന് വിരുദ്ധമായ കര്‍ണാടകയുടെ അത്തരം സമ്മതിദാനങ്ങള്‍ വിഖ്യാതമാണ്. 1980ല്‍ ഇന്ദിരാ ഗാന്ധി കൊടുങ്കാറ്റു പോലെ തിരിച്ചുവന്നതിനെ തുടര്‍ന്ന് ജനതാ പാര്‍ട്ടിയില്‍ നിന്ന് ജനസംഘം പുറത്തിറങ്ങി ബി ജെ പി രൂപവത്കരിച്ചു. ആ പ്രതികൂല സാഹചര്യത്തില്‍ 1983ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി കര്‍ണാടകയില്‍ അധികാരം പിടിച്ചു. കോണ്‍ഗ്രസ്സ് ആദ്യമായി അധികാരത്തില്‍ നിന്ന് പുറത്തായി. 95 സീറ്റ് നേടിയ ജനതാ പാര്‍ട്ടി 16 സ്വതന്ത്രരുടെയും ഇടതിന്റെയും 18 ബി ജെ പി. എം എല്‍ എമാരുടെയും പിന്തുണയില്‍ രാമകൃഷ്ണ ഹെഗ്ഡെയെ മുഖ്യമന്ത്രിയാക്കി. ഇന്ദിരാ വധത്തെ തുടര്‍ന്ന് 1984ല്‍ നടന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 സീറ്റില്‍ കോണ്‍ഗ്രസ്സ് 24 ഇടങ്ങളിലും, ജനത നാല് സീറ്റിലും ജയിച്ചു. ഇതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തെ അമ്പരിപ്പിച്ച അവിശ്വസനീയമായ ഒരു രാഷ്ട്രീയ ചുവടുവെപ്പ് ഹെഗ്ഡെ നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതിനാല്‍ മുഖ്യമന്ത്രിയായി തുടരാന്‍ തനിക്ക് ധാര്‍മിക അര്‍ഹതയില്ലെന്നും രാജിവെക്കുകയാണെന്നും ഹെഗ്ഡെ പ്രഖ്യാപിച്ചു. 1985ല്‍ കര്‍ണാടക വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോയി. 139 സീറ്റിന്റെ ആധികാരിക വിജയവുമായി രാമകൃഷ്ണ ഹെഗ്ഡെ വീണ്ടും മുഖ്യമന്ത്രിയായി. കോണ്‍ഗ്രസ്സ് അതിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ജനപിന്തുണയില്‍ നില്‍ക്കുന്ന ഒരു കാലത്താണ് ഹെഗ്ഡെ രാഷ്ട്രീയ റിസ്‌കിനെ സ്വയം വരിച്ച് അത്ഭുതം കാട്ടിയത്. ഇതോടെ രാഷ്ട്രീയ ധാര്‍മികതയുടെ ഉദാത്ത മാതൃകയായി ഹെഗ്ഡെയും, ജനാധിപത്യ വിശകലന ശേഷിയുള്ള ഉദ്ബുദ്ധ വോട്ടര്‍മാരായി കന്നഡിഗരും വാഴ്ത്തപ്പെട്ടു.
ദേശീയ രാഷ്ട്രീയ ഗതിക്ക് വിപരീതമായി സംസ്ഥാന രാഷ്ട്രീയം നിര്‍ണയിച്ചു പരിചയിച്ച കര്‍ണാടക ജനത തങ്ങളുടെ ശീലം കൈവിടുന്നില്ല എന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യാ ടുഡെ – കര്‍വി, ടൈംസ് നൗ – വി എം ആര്‍, ടി വി 9 സി വോട്ടര്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കുന്നു. സംഘ്പരിവാര്‍ വിധേയത്വത്തിനു പേരുകേട്ട ഇത്തരം മാധ്യമ സ്ഥാപനങ്ങളില്‍ ചിലതിന്റെ സര്‍വേയില്‍ കോണ്‍ഗ്രസ്സിന് നൂറിലധികം സീറ്റുകളും പ്രവചിച്ചിട്ടുണ്ട്. ട്വിറ്റര്‍ നടത്തിയ മുഖ്യമന്ത്രി സര്‍വേയില്‍ സിദ്ധരാമയ്യ 35.4 ശതമാനം വോട്ടുമായി ഒന്നാമതായി. നിലവിലെ മുഖ്യമന്ത്രി ബൊമ്മെക്ക് ലഭിച്ചത് 8.6 ശതമാനം വോട്ടാണ്. 140 സീറ്റുകള്‍ നേടുമെന്ന് ഡി കെ ശിവകുമാര്‍ ഉറപ്പിക്കുന്നുണ്ട്. പുതിയ കാല ഇന്ത്യയില്‍ ആധികാരിക ഭൂരിപക്ഷത്തില്‍ കുറഞ്ഞ ഒന്നും ബി ജെ പി ഇതര പാര്‍ട്ടികള്‍ക്ക് ഭൂഷണമല്ല.
പ്രാദേശിക മേഖലകള്‍
ചരിത്രപരവും ഭൂമിശാസ്ത്ര പരവുമായ പ്രത്യേകതകള്‍ മുന്‍ നിര്‍ത്തി കര്‍ണാടകയെ ആറ് മേഖലകളാക്കി തിരിച്ച് എണ്ണാറുണ്ട്. ഹൈദരാബാദ് കര്‍ണാടക, മുംബൈ കര്‍ണാടക, മധ്യ കര്‍ണാടക, തീരദേശം, പഴയ മൈസൂര്‍, ബെംഗളൂരു കര്‍ണാടക എന്നിവയാണവ. ഇവിടങ്ങളിലെ സാഹചര്യവും സമവാക്യങ്ങളും വ്യത്യസ്തമാണ്. ഏഴ് ശതമാനം കുറുബയുള്‍പ്പെടെ 28 ശതമാനം വരുന്ന ഒ ബി സി, 24 ശതമാനം വരുന്ന പട്ടിക ജാതി- വര്‍ഗ വിഭാഗങ്ങള്‍, 18 ശതമാനം വരുന്ന ലിംഗായത്ത്, 13 ശതമാനം വീതം വരുന്ന വൊക്കലിഗ – മുസ്ലിം വിഭാഗങ്ങള്‍, രണ്ടര ശതമാനം വരുന്ന ക്രിസ്ത്യാനികള്‍ എന്നിവര്‍ വ്യത്യസ്ത മേഖലകളിലായി പരന്നു കിടക്കുന്നു.
കൂടുതല്‍ സീറ്റുകളുള്ളത് പഴയ മൈസൂര്‍ മേഖലയിലാണ്. 57 സീറ്റുകള്‍. ഇവിടെ കോണ്‍ഗ്രസ്സും ജെ ഡി എസും നേര്‍ക്കുനേര്‍ പോരാടുന്നു. ബി ജെ പി മൂന്നാമതാണ്. ന്യൂനപക്ഷ – ദളിത് – ഒ ബി സി സങ്കലനമായ അഹിന്ദ ഫോര്‍മുലയാണ് ഇവിടെ കോണ്‍ഗ്രസ്സിന്റെ ശക്തി. മറ്റൊരു പ്രധാന വിഭാഗമായ വൊക്കലിഗ ഏറെക്കുറെ ജെ ഡി എസിനൊപ്പമാണ്.
ജെ ഡി എസിന് വേരുകളുള്ള മറ്റൊരു മേഖല മധ്യ കര്‍ണാടകയാണ്. 26 സീറ്റുകളുള്ള ഇവിടെ മൂന്ന് പാര്‍ട്ടികളും ഒരു പോലെ പ്രതീക്ഷ വെക്കുന്നു. ലിംഗായത്തുകളും ശൃംഗേരി, പുരി അടക്കമുള്ള മഠങ്ങളും ഇവിടെ വോട്ടിനെ സ്വാധീനിക്കുന്നു. തീരദേശ മേഖലയില്‍ നിന്ന് പടരുന്ന ഹിന്ദുത്വ രാഷ്ട്രീയം മധ്യ മേഖലയിലെ ഷിമോഗ, ചിക്കമംഗളൂര്‍ എന്നിവിടങ്ങളെ ഗ്രസിച്ചിട്ടുണ്ട്. ഷിമോഗ യെദിയുരപ്പയുടെ ജന്മദേശമാണ്.
40 സീറ്റുകളുള്ള ഹൈദരാബാദ് കര്‍ണാടക മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രദേശമാണ്. പട്ടിക ജാതി – വര്‍ഗ, മുസ്ലിം വോട്ടുകള്‍ നിര്‍ണായകമാണ്. ലിംഗായത്തുകള്‍ക്കും സ്വാധീനമുണ്ട്. ബെല്ലാരിയിലെ റെഡ്ഡിമാരുടെ പുതിയ പാര്‍ട്ടി ബി ജെ പിക്ക് ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. 50 സീറ്റുകളുള്ള മുംബൈ കര്‍ണാടക ലിംഗായത്തുകളുടെ ഹൃദയ ഭൂമിയായി അറിയപ്പെടുന്നു. തീരദേശ മേഖലയില്‍ മംഗളൂരുവും ഉഡുപ്പിയുമടങ്ങുന്നു. കര്‍ണാടകയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയായ ഈ മേഖലയില്‍ 19 സീറ്റുകളുണ്ട്. വര്‍ഗീയ കൊലകളും കടുത്ത ചേരി തിരിവുമുള്ള ഇവിടം ബി ജെ പിയുടെ ശക്തി കേന്ദ്രമാണ്. 32 സീറ്റുകളാണ് ബെംഗളൂരു കര്‍ണാടകയിലുള്ളത്. വര്‍ഗീയ- ജാതി രാഷ്ട്രീയത്തേക്കാള്‍ വികസനവും രാഷ്ട്രീയ നിലപാടുകളും നഗര ജീവിത സൗകര്യങ്ങളുമാണ് ഇവിടെ വോട്ടിന്റെ ഗതി നിര്‍ണയിക്കുക.
ബി ജെ പിയുടെ നേതൃശൂന്യത
1982 മുതല്‍ ക്രമാനുഗതമായി കര്‍ണാടക രാഷ്ട്രീയത്തില്‍ പിടിമുറുക്കിയ ബി ജെ പിക്ക് യെദിയുരപ്പയെ ഒഴിച്ചു നിര്‍ത്തിയാല്‍ ആശ്രയിക്കാവുന്ന മറ്റൊരു നേതാവില്ല എന്നതാണ് പാര്‍ട്ടി നേരിടുന്ന ദുര്യോഗം. നേതാക്കളുടെ പുതിയ നിരയെ വാര്‍ത്തെടുക്കാന്‍ സമുദായം തോറും ബി ജെ പി ശ്രമിച്ചിരുന്നു. വൊക്കലിഗയില്‍ നിന്ന് ആര്‍ അശോകയെയും സി എന്‍ അശ്വന്ത് നാരായണിനെയും ഉപ മുഖ്യമന്ത്രിമാരാക്കിയിരുന്നു. സമാനമായി കുറുബയില്‍ നിന്ന് കെ എസ് ഈശ്വരപ്പയെയും ലിംഗായത്തില്‍ നിന്ന് ലക്ഷ്മണ സാവിഡിയെയും പട്ടിക വിഭാഗത്തില്‍ നിന്ന് ഗോവിന്ദ് കാര്‍ജലിനെയും ഉപ മുഖ്യമന്ത്രിമാരാക്കി. ആരും പ്രതീക്ഷ കാത്തില്ല.
ആദ്യകാല സംസ്ഥാന പ്രസിഡന്റുമാരായ എ കെ സുബ്ബയ്യ, ബി ബി ശിവപ്പ, മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ, കേന്ദ്ര മന്ത്രിമാരായ അനന്തകുമാര്‍, ധനഞ്ജയ കുമാര്‍ തുടങ്ങി ബി എല്‍ സന്തോഷ്, സി ടി രവി, നളിന്‍ കുമാര്‍ അടക്കമുള്ളവര്‍ യെദിയുരപ്പയുടെ ഒതുക്കല്‍ രാഷ്ട്രീയത്തിനു മുന്നില്‍ കരിഞ്ഞുണങ്ങി പോയവരാണ്. മുഖ്യമന്ത്രി ബൊമ്മെ ജനപ്രീതിയില്‍ വളരെ പിന്നിലാണ്. വനവാസത്തിനയച്ച യെദിയുരപ്പയെ തിരിച്ചു വിളിച്ച് മുന്നില്‍ നിര്‍ത്തേണ്ടി വരുന്ന ബി ജെ പിയുടെ ഗതികേട് ജനം മനസ്സിലാക്കുന്നുണ്ട്.
അഴിമതി – വര്‍ഗീയത
കരാര്‍ ജോലികള്‍ക്ക് 40 ശതമാനം കൈക്കൂലി നിജപ്പെടുത്തിയ സര്‍ക്കാര്‍ എന്ന പഴി കേട്ടാണ് ബൊമ്മെ സ്ഥാനമൊഴിയുന്നത്. സന്തോഷ് പാട്ടില്‍, ടി എന്‍ പ്രസാദ എന്നീ കരാറുകാര്‍ മന്ത്രി ഈശ്വരപ്പയുടെ പേരെഴുതി വെച്ചാണ് ആത്മഹത്യ ചെയ്തത്. വലിയ ജനരോഷമുയര്‍ന്നിരുന്നു. ബിറ്റ് കോയിന്‍, 545 എസ് ഐമാരുടെ നിയമന തട്ടിപ്പ്, കൊവിഡ് പര്‍ച്ചേസ്, മാര്‍ക്ക് കാര്‍ഡ് ക്രമക്കേട് തുടങ്ങി പട്ടിക നീളുകയാണ്.
എല്ലാ ദൗര്‍ബല്യങ്ങളെയും മൂടിവെക്കാന്‍ പതിവു പോലെ വര്‍ഗീയതയിലും ധ്രുവീകരണത്തിലും തന്നെയാണ് ബി ജെ പി അഭയം തേടുന്നത്. എന്നാല്‍ കര്‍ണാടകയില്‍ അത് കടുത്ത രീതിയിലാണ് പ്രയോഗിക്കുന്നത്. മുസ്ലിംകളുടെ നാല് ശതമാനം ഒ ബി സി സംവരണം എടുത്തു മാറ്റി ലിംഗായത്തിനും വൊക്കലിഗക്കും ദാനം നല്‍കിയതാണ് ഏറ്റവും പുതിയ അധ്യായം. ഇതോടെ ബ്രാഹ്മണ, മുതലിയാര്‍, ജൈന വിഭാഗങ്ങള്‍ക്കൊപ്പം മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പട്ടികയില്‍ ഭാഗ്യാന്വേഷണം നടത്തേണ്ട അവസ്ഥയിലേക്ക് മുസ്ലിംകള്‍ തള്ളിമാറ്റപ്പെട്ടു. ടിപ്പു സുല്‍ത്താന്‍, ശ്രീരംഗപട്ടണത്തെ മുസ്ലിം പള്ളി ഹനുമാന്‍ ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതാണ് തുടങ്ങിയ ആക്ഷേപങ്ങള്‍ക്ക് മന്ത്രിമാര്‍ നേരിട്ട് നേതൃത്വം നല്‍കുന്നു. കൊപ്പല്‍ ജില്ലയിലെ ഗംഗാവതിയിലെ അഞ്ജനാദ്രി ഹനുമാന്റെ ജന്മസ്ഥലമാണെന്ന് ബജ്റംഗ്ദള്‍ പറയുന്നുണ്ട്. ശബരിമല മോഡല്‍ ഹനുമാന്‍ മല യാത്ര സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നിലുണ്ട്. ഹിജാബും വാങ്കും ഹലാലുമൊക്കെ ലവ് ജിഹാദിനകമ്പടിയായി ബി ജെ പി മുഴക്കുന്നു. കര്‍ണാടകയിലെ വോട്ടര്‍മാരുടെ വേറിട്ട മുന്‍ഗണനകളും മാനദണ്ഡങ്ങളും ഇതിനെല്ലാം മുകളിലാണെന്ന പാരമ്പര്യം ആവര്‍ത്തിക്കുന്ന പക്ഷം രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്ക് വലിയ ആശ്വാസം പകരുന്ന വാര്‍ത്തക്ക് ദക്ഷിണേന്ത്യ വേദിയാകുക തന്നെ ചെയ്യും.