From the print
ബിഹാര്‍ വോട്ടര്‍പട്ടിക: പ്രത്യേക പരിശോധനയില്‍ ഉറച്ച് തിര. കമ്മീഷന്‍
പൗരത്വം തെളിയിക്കുന്നതിന് സമാനമായ രീതിയെന്ന് പ്രതിപക്ഷം. നീക്കം നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ.

ന്യൂഡല്‍ഹി |ബിഹാര്‍ വോട്ടര്‍പട്ടികയില്‍ പ്രത്യേക പരിശോധന നടത്താനുള്ള തീരുമാനത്തില്‍ ഉറച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ, ഇത് സംബന്ധിച്ച വിശദീകരണം കമ്മീഷന്‍ ഇന്നലെയും പുറത്തിറക്കി.
2003ലെ പട്ടികയില്‍ ഉള്‍പ്പെടാത്ത എല്ലാവരും രേഖകള്‍ സമര്‍പ്പിച്ച് വോട്ടറാണെന്ന് തെളിയിക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമവും ചട്ടവും അനുസരിച്ച് ഓരോ തിരഞ്ഞെടുപ്പിന് മുമ്പും വോട്ടര്‍പട്ടിക പുതുക്കല്‍ നിര്‍ബന്ധമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 2003ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പ്രത്യേക രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. 4.96 കോടി വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ അടങ്ങിയ ആ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയുടെ പേപ്പര്‍ കോപ്പിയും ഡിജിറ്റല്‍ കോപ്പിയും എല്ലാ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും (ബി എല്‍ ഒ) കൈമാറണം. വോട്ടര്‍ പട്ടികയിലെ പ്രത്യേക പരിശോധനാ ഫോറം പൂരിപ്പിക്കുമ്പോള്‍ വോട്ടര്‍മാര്‍ക്ക് ഈ പട്ടിക സാധുവായ രേഖയായി ഉപയോഗിക്കാം. 60 ശതമാനം വോട്ടര്‍മാര്‍ക്കും രേഖകള്‍ സമര്‍പ്പിക്കേണ്ടിവരില്ലെന്ന് കമ്മീഷന്‍ അവകാശപ്പെട്ടു. 2003ലെ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക്, മാതാപിതാക്കളുടെ പേര് അതിലുണ്ടെങ്കില്‍ തെളിവായി ഉള്‍പ്പെടുത്താം. ഇക്കാര്യത്തിലുള്ള അവസാന പുനരവലോകനം 2003ലാണ് നടന്നതെന്നും അതിനാലാണ് ആ വര്‍ഷത്തിന് മുന്പ് രജിസ്റ്റര്‍ ചെയ്തവരെ വോട്ടര്‍മാരായി കണക്കാക്കുന്നത്- കമ്മീഷന്‍ പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യവസ്ഥകള്‍ പ്രകാരമുള്ള രേഖകള്‍ സമര്‍പ്പിച്ച് പിന്നീട് രജിസ്റ്റര്‍ ചെയ്തവരെ വോട്ടര്‍മാരായി കണക്കാകാന്‍ കമ്മീഷന്‍ തയ്യാറാകുന്നില്ല. പൗരത്വം തെളിയിക്കുന്നതിന് സമാനമായ രീതിയിലാണിതെന്നാണ് പ്രതിപക്ഷ കക്ഷികളും വിവിധ സന്നദ്ധ സംഘടനകും ആരോപിക്കുന്നത്. ജനന സ്ഥലം സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാനായില്ലെങ്കില്‍ വംശാവലി തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടിവരുന്നത് വോട്ടര്‍മാരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ മാസങ്ങള്‍ ശേഷിക്കെയാണ് ഈ നടപടിയെന്നതും വോട്ടര്‍മാരെ ബുദ്ധിമുട്ടിലാക്കുന്നു.