From the print
കീമില്‍ കേരളാ സിലബസ് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയില്ല; ആശ്വാസ ഫോര്‍മുല
തമിഴ്നാട് മോഡല്‍ മാര്‍ക്ക് ഏകീകരണത്തിന് മന്ത്രിസഭയുടെ അംഗീകാരം. കീം ഫലം ഉടന്‍ പ്രഖ്യാപിച്ചേക്കും. യോഗ്യതാ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടിയാലും ഏകീകരണത്തില്‍ കുറയില്ല.

തിരുവനന്തപുരം | കേരള എന്‍ജിനീയറിംഗ് പ്രവേശനവുമായി (കീം) ബന്ധപ്പെട്ട് സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി മാര്‍ക്ക് ഏകീകരണ ഫോര്‍മുല. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്നാട് മോഡല്‍ മാര്‍ക്ക് ഏകീകരണം നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി അഞ്ച് തരം മാറ്റങ്ങളാണ് നിര്‍ദേശിച്ചിരുന്നത്. അതില്‍ നിന്ന് ഒന്ന് സ്വീകരിച്ച് എന്‍ട്രന്‍സ് കമ്മീഷണര്‍ സമര്‍പ്പിച്ച ശിപാര്‍ശയാണ് ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം അംഗീകരിച്ചത്.
ഹയര്‍ സെക്കന്‍ഡറി മാര്‍ക്കും കീമിലെ സ്‌കോറും ചേര്‍ത്താണ് ഏകീകരണം. കേരളാ സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മാറ്റം വരുത്തുന്നത്. നീറ്റ് ഫലം വന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും കീം ഫലം വരാത്തതില്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലിരിക്കെയാണ് ഫോര്‍മുല അംഗീകരിച്ചത്. ഈ സാഹചര്യത്തില്‍ കീം ഫലം ഉടന്‍ വന്നേക്കുമെന്നാണ് വിവരം. സി ബി എസ് ഇ, സംസ്ഥാന സിലബസ്, ഐ സി എസ് ഇ വിദ്യാര്‍ഥികള്‍ക്കെല്ലാം പരീക്ഷയുടെ മൊത്തം മാര്‍ക്ക് ചേര്‍ത്തായിരിക്കും ഏകീകരണം നടത്തുക.
യോഗ്യതാ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടിയാലും ഏകീകരണത്തില്‍ കുറയാത്ത വിധമാണ് ഫോര്‍മുല. നേരത്തേ, ഹയര്‍ സെക്കന്‍ഡറിയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങളിലെ മാര്‍ക്കും കീം സ്‌കോറും ചേര്‍ത്താണ് ഏകീകരണം നടത്തിയിരുന്നത്. ഈ രീതിയില്‍ സി ബി എസ് ഇ വിദ്യാര്‍ഥികളെക്കാള്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് 15 മുതല്‍ 20 വരെ മാര്‍ക്ക് കുറയുന്നുവെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന പരാതി.
അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ വ്യാഴാഴ്ച വരെ അവസരം
തിരുവനന്തപുരം | 2025 26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയിലെ ന്യൂനത പരിഹരിക്കാന്‍ അവസരം.
ജൂലൈ മൂന്നിന് ഉച്ചക്ക് 12 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താം. പ്രൊഫൈലും പരിശോധിക്കാവുന്നതാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2332120, 2338487.