Connect with us

Kerala

സംസ്ഥാന പോലീസ് മേധാവിയായി റവാ‍ഡ ചന്ദ്രശേഖർ ചുമതലയേറ്റു

പോലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച് വെങ്കിടേഷ് പുതിയ പോലിസ് മേധാവിക്ക് ബാറ്റണ്‍ കൈമാറി.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് രാവിലെ ഏഴു മണിക്ക് നടന്ന ചടങ്ങിലാണ് റവാഡ ചന്ദ്രശേഖര്‍ പോലീസ് മേധാവിയായി ചുമതലയേറ്റത്.പോലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച് വെങ്കിടേഷ് പുതിയ പോലിസ് മേധാവിക്ക് ബാറ്റണ്‍ കൈമാറി. പോലീസ് ആസ്ഥാനത്ത് ധീരസ്മൃതി ഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നതടക്കം ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ഭാര്യക്കൊപ്പമാണ് റവാഡ ചന്ദ്രശേഖര്‍ ചുമതലയേല്‍ക്കാനെത്തിയത്.

ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം രാവിലെ പത്തരയ്ക്കുള്ള വിമാനത്തില്‍ അദ്ദേഹം കണ്ണൂരിലേക്ക് പോകും. ചുമതലയേറ്റെടുത്ത ശേഷം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി എസ് ശ്രീജിത്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ്, ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. പോലീസ് മേധാവിയായി ചുമതലയേല്‍ക്കാന്‍ ഇന്നു രാവിലെയാണ് റവാഡ ചന്ദ്രശേഖര്‍ തലസ്ഥാനത്തെത്തിയത്. തിരുവനന്തപുരത്ത് എത്തിയ റവാഡ ചന്ദ്രശേഖറെ എഡിജിപി എം ആര്‍ അജിത് കുമാര്‍, സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, എഐജി ജി പൂങ്കുഴലി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇതിനുശേഷമാണ് ചുമതലയേറ്റെടുക്കാനായി പോലീസ് ആസ്ഥാനത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കണ്ണൂരിലാണ് റവാഡ ചന്ദ്രശേഖറിന്റെ ആദ്യ പൊതുപരിപാടി.

സംസ്ഥാനത്തിന്റെ 41മത് പോലീസ് മേധാവിയാണ് റവാഡ ചന്ദ്രശേഖര്‍. 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖര്‍. ഇന്റലിജന്‍സ് ബ്യൂറോയില്‍ സ്പെഷല്‍ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഈയടുത്താണ് റവാഡയെ കേന്ദ്ര കാബിനറ്റില്‍ സെക്യൂരിറ്റി സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസുള്ളത്. പോലീസ് മേധാവിയായതോടെ റവാഡ ചന്ദ്രശേഖറിന് ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും.

 

 

---- facebook comment plugin here -----

Latest