National
ഇന്ത്യക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാകില്ല; വിവാദ പ്രസ്താവനയുമായി ബി ജെ പി നേതാവ്
മതേതരത്വത്തിന്റെ പേരില്‍ വിശ്വാസത്തിനും സംസ്‌കാരത്തിനും മേല്‍ കടന്നുകയറ്റം നടത്തുകയാണ് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സും.

ന്യൂഡല്‍ഹി | കടുത്ത വര്‍ഗീയത തുളുമ്പുന്ന വിവാദ പ്രസ്താവനയുമായി ബി ജെ പി നേതാവും എം പിയുമായ സുധാന്‍ഷു ത്രിവേദി. ഇന്ത്യക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാകില്ലെന്ന് ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവേ ത്രിവേദി പറഞ്ഞു. ദേശീയ ചിഹ്നത്തിലെ അശോക ചക്രം ഹിന്ദു ചിഹ്നമാണെന്ന് മറക്കരുത്.
മതേതരത്വത്തിന്റെ പേരില്‍ വിശ്വാസത്തിനും സംസ്‌കാരത്തിനും മേല്‍ കടന്നുകയറ്റം നടത്തുകയാണ് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സും. കമ്മ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയതോടെയാണ് ഭാരതീയ സംസ്‌കാരത്തെ തച്ചുടക്കാന്‍ ശ്രമം തുടങ്ങിയത്. മലപ്പുറത്ത് ഒരു വിഭാഗം വിവാഹ പ്രായം പതിനാറിലേക്ക് ചുരുക്കിയപ്പോള്‍ അതിനെ പിന്തുണച്ചവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ എന്നും സുധാന്‍ഷു ത്രിവേദി ആരോപിച്ചു.
ഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാണല്‍ സെന്ററിലെ മള്‍ട്ടിപ്പര്‍പ്പസ് ഹാളിലായിരുന്നു പുസ്തക പ്രകാശന ചടങ്ങ്. മതപരിവര്‍ത്തനം നടത്തി മലയാളി പെണ്‍കുട്ടികളെ ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് കടത്തിയെന്ന പ്രമേയത്തില്‍ നിര്‍മിച്ച ‘ദി അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന സിനിമയുടെ പുസ്തകമാണ് പ്രകാശനം ചെയ്തത്.