Connect with us

Prathivaram

മലത്തുരപ്പിലൂടെ കാനനച്ചരിവു പറ്റി...

ആളും ആരവവും ഒഴിഞ്ഞ് അൾഷിമേഴ്‌സിലായ തെന്മല സ്റ്റേഷൻ. ആ തീവണ്ടിയാപ്പീസിലേയ്ക്ക് ഞങ്ങൾ തീവണ്ടിപ്പാത നടത്തത്തിന് ചെന്നു കയറി. ഇനിയില്ല. എന്ന ഉത്ക്കണ്ഠ സഹിതം ചുവരിലെ വണ്ടി സമയ, യാത്രാക്കൂലി ബോർഡുകൾ ആദ്യം അവസാനമായി വായിച്ചു. ടിക്കറ്റ് കൗണ്ടർ ദ്വാരത്തിലൂടെ ഉള്ളിലെ ശൂന്യതയിൽ കണ്ണുകൾ നീട്ടിപ്പരതി. ഉപേക്ഷിക്കപ്പെട്ട കടലാസു തുണ്ടുകൾ മാത്രം.

Published

|

Last Updated

മയ, സ്ഥലസങ്കൽപ്പങ്ങളെ ഛിന്നഭിന്നമാക്കിയുള്ള തീവണ്ടികളുടെ കുതിപ്പുകൾ. അതിനുള്ളിൽ കൂനിക്കൂടിയിരിക്കുന്ന വേളകൾ. ചില മോഹിത ഇടങ്ങളെ ഉരുമ്മിപ്പായുമ്പോൾ, ഇവിടൊന്നിറങ്ങിയാൽ! പുറത്തെ മനോഹാരിതയിൽ അലിഞ്ഞുചേരാനുള്ള കൊതിവരിക സ്വാഭാവികമാണ്. അന്നേരത്ത് വണ്ടിയിൽ നിന്നിറങ്ങി പിന്നോക്കം നടക്കാൻ വെമ്പാത്തവരില്ല. അത്തരത്തിൽ ചന്തംതൂവുന്ന ഇടങ്ങളാൽ സമൃദ്ധമാണ് കൊല്ലം – ചെങ്കോട്ട തീവണ്ടിപ്പാത.
ചെങ്കോട്ട ലൈനായിരുന്നു തിരുവിതാംകൂറിലേക്കുള്ള അദ്യത്തെ തീവണ്ടിവഴി. 1904 ൽ തെന്മല, പുനലൂർ വഴി കൊല്ലം വരെ കിതച്ചും പുകതുപ്പിയും അത്ഭുതാരവങ്ങളുമായി തീവണ്ടി വന്നു. സഹ്യ പർവത മലത്തുരപ്പിലൂടെ കാനനച്ചരിവു പറ്റി. അപ്രകാരമൊരു പാതവെട്ടിയൊരുക്കുന്നതിന് സർവേയിൽ തുടങ്ങി സർവ സന്നാഹങ്ങളും പൂർത്തീകരിച്ചത് ബ്രിട്ടീഷ് കമ്പനി സഹായത്താലായിരുന്നു.

കൊല്ലത്തു നിന്നും തെന്മലയിലെത്തിയാൽ മലമടക്കുകൾക്കിടയിലെ നീർപ്രവാഹങ്ങളോടും ഉച്ചി കാണാം. മാമലകളോടും അരുവികളോടും കിന്നാരം പറഞ്ഞാണ് തീവണ്ടിപ്പാത മുന്നോട്ട് നീങ്ങുന്നത്. കൈവശമുള്ള സർവ ആടയാഭരണങ്ങളും എടുത്തണിഞ്ഞ് തീവണ്ടിപ്പാതക്ക് സമാന്തരമായി പശ്ചിമഘട്ട മലനിരകൾ. വൻകാട്, പുൽമൊട്ടകൾ, നീർച്ചാലുകൾ, വെട്ടിത്തിളങ്ങുന്ന പാറപ്പരപ്പ് എല്ലാം യാത്രക്കാരുടെ കൈയെത്തും ചാരത്ത്. കൂട്ടത്തിൽ തീവണ്ടിയെ ഓടിത്തോൽപ്പിക്കാനെത്തിയ നാഷനൽ ഹൈവേയിലെ വാഹനങ്ങളും.
സസ്യജാലം, കാട്ടുപൂക്കൾ, കിളികൂജനങ്ങൾ, കമാനങ്ങൾ, എടുപ്പുകൾ, തുരങ്കങ്ങൾ അങ്ങനെ ഗാട്ടു പാതയോരത്തെ സർവ നിർമിതികളിലും പഴമയുടെ ഉൾത്തുടിപ്പ് അലിഞ്ഞു കിടന്നിരുന്നു. നൂറ് വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന സാങ്കേതികതയുടെ അതിശയവും എമ്പാടും തൂവിക്കിടന്നിരുന്നു.
വണ്ടിയൊഴിഞ്ഞ പാത അലസം ഇത്തരം കാഴ്ചകളിൽ മുഴുകി നടന്നുപോകാൻ പാകത്തിൽ തീവണ്ടി ഗതാഗതമില്ലാത്ത ഒരു കാലമവിടുണ്ടായി. ഉന്മാദത്തിൽ മുങ്ങി വനസ്ഥലികൾ പറയുന്നതെല്ലാം കേട്ട്, അവസരം മുതലാക്കിയന്നു പാളത്തിലൂടെ നടക്കാൻ പോയിരുന്നു. വല്ലാത്ത അനുഭവങ്ങൾ. അന്നു ഇരുട്ടു നിറച്ച ടണലുകൾ അവ പകൽനേരത്ത് രാത്രിയനുഭവമേറ്റു കൂടിയുണ്ടായി.

2010 ഒടുവിലാണ് ഈ പാളങ്ങളിൽ നിന്നും തീവണ്ടികൾ ഒഴിഞ്ഞുപോയത്. നൂറ്റാണ്ട് താണ്ടിയ മീറ്റർ ഗേജുലൈൻ ബ്രോഡ്‌ഗേജായുള്ള മാറ്റത്തിനായിരുന്നു വണ്ടിയോട്ടമവിടെ നിന്നത്. സ്റ്റേഷനുകൾ നിർജനമായി. ഉപകരണങ്ങൾ ചുമന്നു മാറ്റപ്പെട്ടു. ശൂന്യത കയറി, തകർക്കപ്പെടാൻ പുള്ളി തൊട്ട കെട്ടിടങ്ങൾ മാത്രമുണ്ടായിരുന്ന ഒരു ചെറിയ കാലമായിരുന്നു അത്. അങ്ങനെയാണ് ജീവിതങ്ങളെ വാരിയെടുത്ത് ഒരു നൂറ് വർഷങ്ങൾ വണ്ടികൾ ഓടിയ തീവണ്ടിപ്പാളത്തിലൂടെ നടന്നുപോകാൻ ഒരവസരം കിട്ടിയത്.

ആളും ആരവവും ഒഴിഞ്ഞ് അൾഷിമേഴ്‌സിലായ തെന്മല സ്റ്റേഷൻ. ആ തീവണ്ടിയാപ്പീസിലേയ്ക്ക് ഞങ്ങൾ തീവണ്ടിപ്പാത നടത്തത്തിന് ചെന്നു കയറി. ഇനിയില്ല. എന്ന ഉത്ക്കണ്ഠ സഹിതം ചുവരിലെ വണ്ടി സമയ, യാത്രാക്കൂലി ബോർഡുകൾ ആദ്യം അവസാനമായി വായിച്ചു. ടിക്കറ്റ് കൗണ്ടർ ദ്വാരത്തിലൂടെ ഉള്ളിലെ ശൂന്യതയിൽ കണ്ണുകൾ നീട്ടിപ്പരതി. ഉപേക്ഷിക്കപ്പെട്ട കടലാസു തുണ്ടുകൾ മാത്രം. കഥ പൂർത്തിയാക്കാനാവാതെ അവ കുഴങ്ങുന്നുണ്ടായിരുന്നു. ഞങ്ങൾ അഞ്ചുപേർ തുടർന്ന് ഒന്നിനു പുറകെ ഒന്നായി അഞ്ച് തീവണ്ടി മുറികൾപോലെ പാളത്തിലിറങ്ങി. ഉം. ഇപ്പോഴത്തേക്ക് പൊക്കോ. പച്ച അടയാളം കാട്ടി അനക്കമറ്റ സിഗ്നൽ കൈ കിഴക്ക് ദിക്കിലേക്കുള്ള ഞങ്ങളുടെ യാത്രയ്ക്ക് അനുമതി നൽകി. ആ നിർജനതയിൽ വഴിച്ചന്തം മാത്രം എമ്പാടും തൂവിക്കിടന്നു.

ചായക്കോപ്പയിൽ കുടുങ്ങിയ തീവണ്ടി !
മൺസൂൺ പെയ്ത്തിനായി പ്രകൃതി മുന്നൊരുക്കം നടത്തിയ ദിവസങ്ങളിലൊന്നായിരുന്നു അത്. ഞങ്ങൾ താണ്ടിവന്ന സമതലങ്ങൾ അപ്പോഴേക്കും കാലവർഷപ്പിടിയിലായിക്കഴിഞ്ഞിരുന്നു. മഴ! മഴ! ഇതാ വീഴാൻ പോകുന്നു. അതു തെന്മലയിൽ എപ്പോൾ വേണമെങ്കിലും കോരിച്ചൊരിയാവുന്ന അവസ്ഥയിലാണ്. കിഴക്കൻ മലയടിവാരത്തിലെ വർഷക്കാഴ്ചയെ കുറിച്ചുള്ള ആകാംക്ഷയും വളർന്നു. തീവണ്ടിപ്പാളത്തിലെ മനുഷ്യബോഗികൾക്ക് മേൽ വർഷമേഘങ്ങൾ ഓടിവന്നു മേലാപ്പു പിടിച്ചു തന്നു. മുകളിലെ കുട തെന്നി ഇടയ്ക്കിടെ വെയിൽ മുഖത്തടിച്ചു. മലകളും വന്മരങ്ങളുമുണ്ടായിട്ടും ചേക്കയിരിക്കാൻ ഇടം കിട്ടാത്തയാ കരിമേഘപ്പക്ഷികൾ അന്നേരത്ത് മാനത്ത് അലഞ്ഞു തിരിഞ്ഞു.

മഴ ചുരത്താൻ പാകത്തിൽ വമ്പൻ മലക്കെട്ടുകളും അടിവാരങ്ങളും സങ്കീർണ മുഖഭാവം പൂണ്ടുനിന്നു. അവയങ്ങ് പുകയാൻ തുടങ്ങി. വഴി തെറ്റിയലഞ്ഞു തളർന്ന മേഘങ്ങൾ ഇടക്കിടെ മനുഷ്യത്തീവണ്ടിക്കുമേൽ പനിനീർ തളിച്ചവയും ഒടുങ്ങി. കരിമ്പാറ കാർന്നാണ് തുരങ്കനിർമിതി നടത്തിയിരിക്കുന്നത്. മൂന്ന്, രണ്ട് നമ്പർ തുരങ്കഭിത്തികളിൽ മനുഷ്യ ഇച്ഛാശക്തിയുടെ ഉളിപ്പാടുകൾ തെളിഞ്ഞു കാണാം. പതിനൊന്ന് കണ്ണറപ്പാലത്തിനടുത്തെത്തിയപ്പോൾ, തീവണ്ടിപ്പാതയുടെ വക്കത്ത് നദി, നാഷനൽ ഹൈവേ എന്നിവ അലുക്കു തുന്നിയതു പോലെ. സ്വജീവനും കണ്ണറപ്പാലവും മാത്രം. ഈ ഭൂമിയും അപാരമായ ഓർമകളും ചിന്തകളിൽ നിന്നേ ഒതുങ്ങിപ്പോയ നിമിഷങ്ങൾ! ഭൂത, ഭാവി കാലങ്ങൾ എവിടെയോ ഒടുങ്ങിപ്പോയി. വർത്തമാന കാലത്തിന്റെ രൂപത്തിൽ തീവണ്ടിപ്പാലം മാത്രം.

ഇപ്പോൾ ഈ പാലത്തിനപ്പുറത്തും ഇപ്പുറത്തും പൊന്തകളെ വകഞ്ഞുമാറ്റി ഇരുവണ്ടികൾ മുഖാമുഖം വന്നെങ്കിൽ! അത്തരത്തിലൊരു അതിശയക്കുറവ് മാത്രം കാനനതീരത്ത് ആ നിമിഷങ്ങളിൽ അനുഭവപ്പെട്ടു.

ഈ ലോകത്തിലെ ഏറ്റവും ചന്തമുള്ള കുഞ്ഞുസ്ഥലികളിലൊന്നായ കണ്ണറപ്പാലത്തിനരികിൽ പാറമേൽ കിടന്ന് നാല് ദിക്കുകളിലേക്കും നോക്കി. ചുറ്റിലും വൻമലകൾ വകഞ്ഞൊരുക്കിയ ഒരു വലിയ ചായക്കോപ്പക്കുള്ളിലാണ് ഞങ്ങൾ കിടക്കുന്നതെന്നു തോന്നിപ്പോയി. അതിന്റെ വക്കിൽ തട്ടുന്ന മഴപ്പുക, അതെയതു ചായക്കോപ്പയിലെ വലിയ ആവിക്കൊടുങ്കാറ്റു തന്നെ. മുന്നോട്ടുള്ള നടത്തത്തിനിടയിൽ ഞങ്ങൾക്ക് കൂട്ടുവന്നത് കിളിയൊച്ചകളും മേയാനെത്തിയ പൈക്കളുടെ കുശലവുമാണ്. പാതമുറിച്ച് അയ്യത്തു പോകുന്ന കുട്ടികൾ ഞങ്ങളുടെ ഒരാവശ്യവുമില്ലാ നടപ്പിൽ അതിശയിച്ചില്ല. മാസങ്ങൾക്ക് മുമ്പ് അവസാന വണ്ടികളിൽ രണ്ടും മൂന്നും തവണ ടിക്കറ്റില്ലാതെ നടത്തിയ യാത്രോർമകൾ അയവിറക്കി അവരും ഞങ്ങളുടെ ഉച്ചപ്രാന്തിനൊപ്പം നിന്നു. കഴുതുരുട്ടി, ഇടപ്പാളയം സ്റ്റേഷനുകളെ വകഞ്ഞ മൂകതയും കടന്നു മുേന്നറുമ്പോൾ ദൂർലക്ഷണങ്ങൾ! ഫിഷ്‌പ്ലേറ്റിലെ നട്ടുകൾ അഴിച്ചത് ഞങ്ങളാകുന്ന തീവണ്ടിയെ ജാഗ്രതപ്പെടുത്തി. പാളം തീർന്നു. ഇരുമ്പുകളാലുള്ള ഊടും പാവും വലിച്ചു മാറ്റിക്കളഞ്ഞിരിക്കുന്നു. പാതയിലിപ്പോൾ കരിങ്കല്ല് കഷണങ്ങൾ മാത്രം.

ഈ പാലത്തിലൂടെ അതിസൂക്ഷ്മതയോടെ വേണം നടക്കാൻ. ജാഗ്രതയാണ് തുടക്കത്തിൽ വന്നുതൊട്ടത്. നീണ്ട പാലം. അടിയിൽ ആഴത്തിൽ വെള്ളമില്ലാത്ത നദിയുടെ മണൽപ്പാടുകൾ. കാലടികൾ വെച്ചുപോകാൻ മാത്രം വീതിയിൽ പാലത്തിന്റെ മധ്യത്തിൽ സ്റ്റീൽപ്ലേറ്റ് അപ്പോഴുമുണ്ടായിരുന്നു. കണ്ണുകൾ അതിലുറപ്പിക്കണം. അന്നേരത്ത് വിടവിലൂടെ കാഴ്ച താഴേക്ക് തെന്നിവീണ് നമുക്കൊപ്പം പാലവും അടിയിലെ താഴ്ചയും ഒപ്പം വരുന്നോ? പാലം കുലുങ്ങുന്നോ? ഒരു തരം വിഭ്രമവും വന്നു നിറഞ്ഞു. വല്ലവിധത്തിലും വൈതരണി കടന്നുപോന്നു. അനുമതിയുണ്ട്. പോന്നോളൂ. മടിക്കണ്ടന്നേ. നിങ്ങൾ കയറിക്കോളൂ. കൈയൊടിഞ്ഞ സിഗ്നൽ പോസ്റ്റ് അത് ആര്യങ്കാവ് സ്റ്റേഷൻ ഔട്ടറിൽ നിന്ന് ഞങ്ങളെ മാടിവിളിച്ചു. ഇനിയൊരിക്കലും ഇവിടെ, ഇങ്ങനെ തണുപ്പിൽ ഇരിക്കാനാകില്ല. സത്യത്തിലൂന്നി പതിനൊന്നു കിലോമീറ്ററുകൾ അതിനോടകം നടന്നതിന്റെ ക്ഷീണം മാറ്റാൻ അവിടിട്ടിരുന്ന സിമന്റു ബഞ്ചിൽ ഞങ്ങളിരുന്നു. കട്ടയിരുട്ട്, അതും ഒരു കുഴൽ നിറയെ. ആര്യങ്കാവിൽ വെച്ച് നാഷനൽ ഹൈവേ ഒരു കുഞ്ഞുപാലത്തിലൂടെ ഇടതുവശത്തേക്ക് അന്നകന്നു മാറി. തീവണ്ടിവഴിയിൽ എത്തുന്ന വാഹനമുരൾച്ചകൾ അതിപ്പോൾ ആകാശത്തിൽ നിന്നാണ് താഴ്ന്നു തൊടുന്നതെന്ന് തോന്നിപ്പിച്ചു. മലഞ്ചരിവിലൂടെ നടന്നപ്പോൾ ആ ഭാവത്തിൽ മുഗ്ദനായിപ്പോയിരുന്നു.
************
ഒന്നാം ടണൽമുഖത്തെ ഇരുട്ടിന്റെ കട്ടവൃത്തത്തിനു മുന്നിലാണിപ്പോൾ ഞങ്ങളുടെ പത്തുകണ്ണുകളും. ഇടത് വശത്ത് ഉയരമല. മുന്നിലെ ഈ പാറത്തുരപ്പു നൂഴ്ന്നാണ് തീവണ്ടികളെല്ലാം ചെങ്കോട്ടയിൽ നിന്നും വന്നിരുന്നത്. കാലുകൾക്ക് കൗതുകം അടക്കാനായില്ല. അവ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. മീറ്ററുകൾ മാത്രം. ടണലിനുള്ളിലെ സായാഹ്ന സൗമ്യപ്രകാശവും നിശ്ശേഷം വറ്റിപ്പോയി. കട്ടയിരുട്ട്. കുഴൽരൂപത്തിൽ തമിരത്തിന്റെ പ്രഭവമായിരുന്നു ചുറ്റിലും. ഒരു കിലോമീറ്റർ അകലെ ഇട്ടയിരുട്ടിന്റെ മറ്റേയറ്റത്ത് കണ്ണാടിത്തുണ്ടു മാതിരി പ്രതീക്ഷാത്തിളക്കം കാണാം. അവിടെ പകലാണ്.

ഇരുമ്പുളി വിരലുകളാൽ അസംഖ്യം മനുഷ്യർ തുരന്നുമാറ്റിയ കരിമ്പാറച്ചുവരിലും തുരങ്ക മേലാപ്പിലും ഒരു നൂറ്റാണ്ട് കാലം കിതച്ച തീവണ്ടികൾ തുപ്പിയ കൽക്കരി, ഡീസൽ പുകക്കറുപ്പ് ഇരുട്ടിനു കട്ടിയേറ്റിയിരുന്നത് ടോർച്ച് മിന്നിച്ചപ്പോൾ തെളിയുന്നുണ്ടായിരുന്നു. നട്ടാപ്പകൽ തുള്ളിവെളിച്ചം തേടി കാതങ്ങൾ തപ്പിത്തടഞ്ഞു നടക്കുക, മനസ്സും ശരീരവുമായി വീണ്ടുമൊരിക്കൽ നമ്മൾ മാത്രമായി തീരുക. ഇരുട്ടൊരുക്കിയ ശൂന്യതയുമായി നിശ്ശബ്ദത കൂടിക്കുഴയുമ്പോൾ തളംകെട്ടുന്ന ഏകാഗ്രത. അതു വന്നുതൊട്ടു. മറ്റെല്ലാ ക്രയവിക്രയങ്ങളും അന്നേരത്ത് കൈവിട്ടുപോയിരുന്നു.

ഏകദേശം നൂറ്റിപ്പത്ത് വർഷങ്ങൾക്കു മുമ്പവിടെ സംഭവിച്ച മനുഷ്യ ഇച്ഛാശക്തിയുടെ പാടുകൾ തേടിടോർച്ചിലെ ഇത്തിരിവെട്ടം കൂട്ടുനടന്നു. നീണ്ട കുടുസ്സിൽ, മറ്റൊരു ആവേഗത്തിലാണ്, കാൽച്ചുവട്ടിൽ കരിങ്കല്ലുരസുന്ന ഒച്ച തെറിച്ചുകൊണ്ടിരുന്നത്. അകലെ തുരങ്ക കവാടത്തെ വെളിച്ചത്തിന്റെ വട്ടപ്പാളി കൊണ്ടാണടച്ചിരിക്കുന്നത്. അതു തീർച്ചയായി. അതിലൂടെ ഇരച്ചുവരുന്നത് പാണ്ടാക്കാറ്റാണ്. കാറ്റു ചുമന്നു കൊണ്ടുവന്ന അന്യദേശത്തിലെ ഗന്ധവൈവിധ്യമതും പറഞ്ഞു തന്നു. ഞങ്ങൾ വേഗത്തിൽ നടന്നു. ഒരു കിലോമീറ്റർ നീണ്ട അന്ധകാരനഴി നീന്തിക്കയറി അങ്ങേവശത്തെ പുറം ലോകത്തിലെത്തിയപ്പോൾ കണ്ണുകളിൽ വെളിച്ചം ഞെട്ടി. പകൽവെട്ടത്തെ തുടർന്നുൾക്കൊണ്ടത് കണ്ണുകളെ തിരുമ്മിയുണർത്തിയിട്ടായിരുന്നു.

തുരങ്കമുഖത്ത് കുറിച്ച മനുഷ്യാധ്വാന പെരുമയെ ഇങ്ങനെ വായിക്കാം. ഒന്നാം ടണൽ നിർമിതി വർഷങ്ങൾ 1901 മുതൽ 1903 വരെ നീളം 906.78 മീ. ഉയരം 4.816 മീ. മൃദുപാറ നീളം 249.936 മീ. കഠിനപാറ നീളം 656.894 മീ. മൺഭാഗം 249.936 മീ. അവിടെക്കണ്ട മറ്റൊരു ബോർഡിൽ ഇങ്ങനെയും കണ്ടു. തുരങ്കമുഖത്തു നിന്നും 249.93 മീ. ഉള്ളിൽ വെച്ച് നമ്മൾ തമിഴ്‌നാട്ടിലേക്ക് കടന്നുപോയി. ഹോ. ഇരുട്ടിൽ തപ്പിത്തടയും നേരം അറിയാതെ അതിർത്തി താണ്ടിപ്പോയിരിക്കുന്നു. അതെയോ. കണ്ണുകെട്ടിയ ഇരുട്ടിന്റെ വലിയ കട്ടയ്ക്കുള്ളിൽ വെച്ചായിരുന്നു കേരളത്തിനോട് വിട പറഞ്ഞത്. അതു മറ്റൊരു വമ്പൻ കൗതുകം.

കേരളനാടിന് കോട്ടകെട്ടിയ സഹ്യന്റെ മറുവശത്ത് എത്തിയിട്ടും നടപ്പ് തുടർന്നു. അതു മുതൽ വഴി മറ്റൊരു രീതിയിലായി. മണ്ണുമാന്തികൾ തച്ചിനു പണിഞ്ഞുനിരത്തിയ പുതിയ റെയിൽവഴി. അവിടെ? കോട്ടവാസൽ റെയിൽ ആപ്പീസ് കാണുന്നില്ല. റബ്ബർക്കട്ടക്ക് മായ്ചുകളഞ്ഞതു മാതിരി. മൺപരപ്പിൽ തീവണ്ടിയാപ്പീസിന്റെ ഒരടയാളവുമില്ല. സായാഹ്ന വെളിച്ചത്തിൽ ചെങ്കോട്ടയിലെ കാറ്റാടിപ്പാടങ്ങളുടെ തലപ്പുകൾ വെള്ളിവെളിച്ചത്തിൽ തിളങ്ങി കൊതിപ്പിച്ചു.
അങ്ങനെ ചൂളംവിളികളും ഇരുമ്പുരയുന്ന ആരവങ്ങളുമില്ലാതെ പകൽനേരത്ത് ശാന്തമായി തീവണ്ടിപ്പാളത്തിലൂടെ നടന്നു ഞങ്ങൾ തെങ്കാശി – കൊല്ലം നാഷനൽ ഹൈവേയിലെ വളവിലെത്തി. ഇനി മടക്കം. അടുത്ത് വരാനിടയുള്ള ബസ് കാത്ത് ആ വടവൃക്ഷച്ചുവട്ടിൽ ഞങ്ങളഞ്ചും നിന്നു.

Latest