editorial
വെറുതേ കുറേ വാചാടോപങ്ങള്‍
നിബന്ധനകള്‍ക്ക് വിധേയമാക്കുന്നതിലൂടെ ബഹുഭാര്യത്വം ദുരുപയോഗം ചെയ്യുന്നത് തടയുകയാണ്. ഇസ്‌ലാമിലെ ബഹുഭാര്യത്വത്തില്‍ സ്ത്രീകള്‍ക്കു നിലയും വിലയുമുണ്ട്.

ഏകസിവില്‍ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെടുന്ന സ്വകാര്യബില്‍ രാജ്യസഭയുടെ പരിഗണനയിലിരിക്കെ മുസ്‌ലിംകള്‍ക്കിടയിലെ ബഹുഭാര്യത്വത്തിനെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തു വന്നിരിക്കയാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയും. നാല് ഭാര്യമാരെ വിവാഹം കഴിക്കുന്നത് പ്രകൃതിവിരുദ്ധമാണെന്നാണ് നിതിന്‍ ഗാഡ്കരി പറയുന്നത്. വിദ്യാസമ്പന്നരും പുരോഗമന വാദികളും നാല് വിവാഹം കഴിക്കില്ലത്രേ. മുസ്‌ലിം പുരുഷന്മാര്‍ ഒന്നിലധികം ഭാര്യമാരെ വിവാഹം ചെയ്യുന്നുണ്ട്. തന്റെ പാര്‍ട്ടി അതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നാണ് ഹിമന്ദ ബിശ്വ ശര്‍മയുടെ പ്രസ്താവം.
വലിയ നിലയില്‍ ചര്‍ച്ചയാകുകയും വിമര്‍ശകര്‍ വിവാദമാക്കുകയും ചെയ്ത വിഷയമാണ് ബഹുഭാര്യത്വം, ത്വലാഖ് തുടങ്ങിയവ. ലോകത്ത് ഇസ്‌ലാമില്‍ മാത്രമാണ് ബഹുഭാര്യത്വ സമ്പ്രദായമുള്ളതെന്നും ഇസ്‌ലാമാണ് ഈ സമ്പ്രദായം കൊണ്ടുവന്നതെന്നുമുള്ള മട്ടിലാണ് അവരുടെ വിമര്‍ശം. എന്നാല്‍ പൗരാണിക നാഗരികതയില്‍ മിക്ക സമൂഹങ്ങളിലും ബഹുഭാര്യത്വ സമ്പ്രദായം നിലനിന്നിരുന്നതായി എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. നിയമാനുസൃതമായ ഭാര്യക്ക് പുറമേ അനവധി സ്ത്രീകളെ വെച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായം നിലനിന്നിരുന്ന ചൈനയില്‍ അത് സദാചാരത്തിനോ മാന്യതക്കോ വിരുദ്ധമായി കണക്കാക്കപ്പെട്ടിരുന്നില്ല. വെപ്പാട്ടിമാരെ ഉപയോഗിക്കുന്ന സമ്പ്രദായം ജപ്പാനില്‍ 1880 വരെ നിലനിന്നിരുന്നു. രാജഭരണ കാലത്ത് രാജാക്കന്മാര്‍ക്കിടയില്‍ ഇത് പതിവായിരുന്നുവെന്നും എന്‍സൈക്ലോപീഡിയ രേഖപ്പെടുത്തുന്നു.
ഇന്ത്യയില്‍ ആധുനിക കാലഘട്ടത്തിലും നടപ്പുള്ളതാണല്ലോ ഒന്നില്‍ കൂടുതല്‍ സ്ത്രീകളുമായി ലൈംഗിക ബന്ധവും സൗഹൃദവും.
ലൈംഗിക വേഴ്ചക്കു ഭാര്യമാരെ പരസ്പരം കൈമാറുന്ന “വൈഫ് സ്വാപ്പിംഗ്’ മൂംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ കാലങ്ങളായി നടന്നു വരുന്നതാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി ഷെയര്‍ ചാറ്റിലൂടെ ഭാര്യാവിക്രയം രാജ്യത്തെമ്പാടും നടക്കുന്നുണ്ട്. പങ്കാളികളെ കൈമാറി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരുടെ നിരവധി പേജുകളും ഗ്രൂപ്പുകളും സാമൂഹിക മാധ്യമങ്ങളിലുണ്ട്. ഇത്തരം അവിഹിത ബന്ധങ്ങള്‍ “നിയമാനുസൃത’വുമാണ് രാജ്യത്ത്. ബഹുഭാര്യത്വത്തിനെതിരെ ശക്തമായി സംസാരിക്കുന്നവരില്‍ പലരും ഇത്തരം അസാന്മാര്‍ഗിക ലൈംഗികബന്ധങ്ങളുടെ അടിമകളാണെന്നതാണ് വസ്തുത. ബഹുഭാര്യത്വമല്ല, ഇത്തരം അവിഹിത ബന്ധങ്ങളാണ് യഥാര്‍ഥത്തില്‍ പ്രകൃതിവിരുദ്ധം.
ഇന്ത്യയില്‍ ബഹുഭാര്യത്വം അനുവദനീയമല്ലാത്ത ഹൈന്ദവ, ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ പലരും ഒരേ സമയം ഒന്നിലധികം വിവാഹം കഴിച്ചിരുന്നു. എം പിയും ബിഹാര്‍ എം എല്‍ എയുമൊക്കെയായിരുന്ന ബാഗുണ്‍ സുംഭ്‌റായ് 67ാമത്തെ വയസ്സില്‍ 25കാരിയെ 58ാം ഭാര്യയായി വിവാഹം ചെയ്തത് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതാണ്.
കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ ഹുക്കും ദേവ് നാരായണന്‍ യാദവ് ബഹുഭാര്യത്വം സ്വീകരിച്ചിരുന്നു. സംബന്ധം എന്ന പേരില്‍ നായര്‍ സ്ത്രീകളെ നമ്പൂതിരിമാര്‍ക്ക് കാമം തീര്‍ക്കാന്‍ വിട്ടുകൊടുക്കുന്ന ഒരു ആചാരമുണ്ടായിരുന്നു മുന്‍കാലത്ത് കേരളത്തില്‍. ഇതുപ്രകാരം നമ്പൂതിരിമാര്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ എത്ര നായര്‍ സ്ത്രീകളുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമായിരുന്നു.
മുസ്‌ലിം സമൂഹത്തെ അപേക്ഷിച്ചു ഇതര സമുദായങ്ങളിലാണ് ബഹുഭാര്യത്വം കൂടുതലെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. കാന്തിപ്രകാശ് വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയനുസരിച്ചു ഹിന്ദു പുരുഷന്മാര്‍ക്കിടയില്‍ ആയിരത്തില്‍ 75 പേര്‍ ഏകഭാര്യത്വം ലംഘിച്ചവരാണ്. എന്നാല്‍, മുസ്‌ലിംകളില്‍ ആയിരത്തില്‍ 15 പേര്‍ മാത്രമാണ് ബഹുഭാര്യത്വം സ്വീകരിച്ചവര്‍. ഹിന്ദു മാരേജ് ആക്ടനുസരിച്ച് ആദ്യ ഭാര്യയുടെ അനുവാദമുണ്ടെങ്കില്‍ രണ്ടാമതും മൂന്നാമതുമൊക്കെ വിവാഹം കഴിക്കാകുന്നതാണ്. അവര്‍ക്കു ഭാര്യമാര്‍ക്കുള്ള നിയമപരമായ അവകാശങ്ങളൊന്നും ലഭിക്കുകയില്ലെന്നു മാത്രം.
വിധവകളുടെയും അനാഥകളുടെയും സംരക്ഷണം, പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ അധികരിക്കുക തുടങ്ങി ബഹുഭാര്യത്വം അനിവാര്യമായി വരുന്ന ചില ഘട്ടങ്ങളുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ 50 ലക്ഷം പുരുഷന്‍മാരാണ് മരിച്ചത്. തുടര്‍ന്നു ഭര്‍ത്താക്കന്മാരെ നല്‍കണമെന്നാവശ്യപ്പെട്ടു ജപ്പാനിലെയും ജര്‍മനിയിലെയും സ്ത്രീകള്‍ പ്രകടനം നടത്തുകയും അവരുടെ വീടുകള്‍ക്ക് മുമ്പില്‍ ഒരു “സായാഹ്ന അതിഥി’യെ ആവശ്യമുണ്ട് എന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇത്തരം വേളകളില്‍ ബഹുഭാര്യത്വം സ്ത്രീകള്‍ക്കു വലിയൊരു അനുഗ്രഹമാണ്.
ഒന്നിലധികം സ്ത്രീകളുമായി ശാരീരികബന്ധത്തിലേര്‍പ്പെടല്‍ അനിവാര്യമായ സാഹചര്യം ഉണ്ടെങ്കില്‍ അത് വിവാഹത്തിലൂടെ മാത്രമേ ആകാവു എന്നും നാലിലധികം പേരെ വിവാഹം ചെയ്യാന്‍ പാടില്ലെന്നും വ്യവസ്ഥ വെക്കുകയാണ് ഇസ്‌ലാം ചെയ്തത്. നിബന്ധനകള്‍ക്ക് വിധേയമാക്കുന്നതിലൂടെ ബഹുഭാര്യത്വം ദുരുപയോഗം ചെയ്യുന്നത് തടയുകയാണ്. ഇസ്‌ലാമിലെ ബഹുഭാര്യത്വത്തില്‍ സ്ത്രീകള്‍ക്കു നിലയും വിലയുമുണ്ട്. ഒന്നിലധികം ഭാര്യമാരെ വിവാഹം ചെയ്യുമ്പോള്‍ അവര്‍ക്കെല്ലാം ചെലവിനു കൊടുക്കുകയും സന്താനങ്ങള്‍ ജനിച്ചാല്‍ പിതാവെന്ന നിലയിലുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും വേണം. അതേസമയം അവിഹിത ബന്ധങ്ങളില്‍ സ്ത്രീകള്‍ കേവല ഉപഭോഗ വസ്തുക്കള്‍ മാത്രമാണ്. വേശ്യയെന്നതിലപ്പുറം അവര്‍ക്കൊരു സ്ഥാനവും മാന്യതയും കല്‍പ്പിക്കുന്നില്ല.