Editorial
ഇ ഡിയുടെ അമിതാധികാര പ്രയോഗത്തിനെതിരെ ജുഡീഷ്യറി
രാഷ്ട്രീയ എതിരാളികളോട് പകപോക്കാനും അവരെ നിശബ്ദരാക്കാനും അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നത് അധികാര ദുര്‍വിനിയോഗവും രാഷ്ട്രീയ മാന്യതക്ക് നിരക്കാത്തതുമാണ്.

തുടരെത്തുടരെ ജുഡീഷ്യറിയുടെ വിമര്‍ശത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേന്ദ്ര സര്‍ക്കാര്‍ ഇ ഡിയെ രാഷ്ട്രീയ ആയുധമാക്കുന്ന പ്രവണതയെ തിങ്കളാഴ്ച സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ‘എന്തിനാണ് ഇ ഡിയെ രാഷ്ട്രീയ ആയുധമാക്കുന്നത്? രാഷ്ട്രീയ പോരാട്ടങ്ങള്‍ വോട്ടര്‍മാര്‍ക്കിടയിലല്ലേ നടക്കേണ്ടത്’ എന്നായിരുന്നു ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ ചോദ്യം. അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്കെതിരെയുള്ള സമന്‍സ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ഇ ഡി സമര്‍പ്പിച്ച അപ്പീലില്‍ വാദം കേള്‍ക്കുകയായിരുന്നു അദ്ദേഹം. കോടതിയെക്കൊണ്ട് ഇനിയും കൂടുതല്‍ പറയിക്കാന്‍ ഇടവരുത്തരുതെന്നും ജസ്റ്റിസ് ബി ആര്‍ ഗവായ് മുന്നറിയിപ്പ് നല്‍കി. രണ്ട് മാസം മുമ്പാണ് തമിഴ്നാട്ടില്‍ മദ്യവില്‍പ്പന നടത്തുന്ന സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പറേഷനെതിരെയുള്ള കേസില്‍ സുപ്രീംകോടതി ഇ ഡിയുടെ അന്വേഷണവും റെയ്ഡുകളും തടഞ്ഞതും ഇ ഡി എല്ലാ സീമകളും ലംഘിക്കുകയും ഫെഡറല്‍ തത്ത്വങ്ങള്‍ കാറ്റില്‍ പറത്തുകയും ചെയ്യുന്നുവെന്ന് കുറ്റപ്പെടുത്തിയതും.
തെളിവില്ലാതെ ആരോപണം ഉന്നയിക്കുന്ന ഇ ഡിയുടെ നിലപാടിനെ മേയ് അഞ്ചിന് ജസ്റ്റിസ് അഭയ് എസ് ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് വിമര്‍ശിച്ചിരുന്നു. ‘തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പതിവാക്കിയിരിക്കുകയാണ് ഇ ഡി. പല കേസുകളിലും ഇത് കണ്ടുവരുന്നു. ഈ നിലയില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നിലനില്‍ക്കില്ല’ എന്നാണ് ഛത്തീസ്ഗഢിലെ മദ്യ അഴിമതിക്കേസില്‍ ജാമ്യം തേടി അരവിന്ദ് സിംഗ് സമര്‍പ്പിച്ച ഹരജിയുടെ പരിഗണനാ വേളയില്‍ കോടതിയുടെ പരാമര്‍ശം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇ ഡി രജിസ്റ്റര്‍ ചെയ്ത 7,000ത്തിലധികം കേസുകളില്‍ 43 എണ്ണത്തില്‍ മാത്രമേ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്ന വസ്തുത കോടതിയുടെ മേല്‍നിരീക്ഷണത്തെ സാധൂകരിക്കുന്നു. ബഹുഭൂരിപക്ഷം കേസുകളും തെളിവിന്റെ അഭാവത്തില്‍ തള്ളിപ്പോകുകയാണ്.
എല്ലാ കേസുകളിലും കൈകടത്തുന്ന ഇ ഡിയുടെ നിലപാടിനെ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയും കുറ്റപ്പെടുത്തി. ‘മുന്നിലുള്ള എല്ലാം അന്വേഷിക്കാന്‍ സൂപര്‍ പോലീസല്ല ഇ ഡി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള ക്രിമിനല്‍ പ്രവര്‍ത്തനം, അതുമായി ബന്ധപ്പെട്ട സ്വത്ത് സമ്പാദനം തുടങ്ങിയ വിഷയങ്ങള്‍ മാത്രമേ ഇ ഡിയുടെ അധികാര പരിധിയില്‍ വരികയുള്ളൂ’ എന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ‘ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിന് അതിന്റേതായ രീതികളുണ്ട്. ആ വഴിക്ക് നീങ്ങണം. ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഇഷ്ടാനുസാരം ഇടപെടാന്‍, അലഞ്ഞു തിരിയുന്ന ഡ്രോണ്‍ ആയുധമല്ല ഇ ഡി’ എന്ന് ജസ്റ്റിസുമാരായ എം എസ് രമേശ്, വി ലക്ഷ്മി നാരായണന്‍ എന്നിവരടങ്ങിയ ഹൈക്കോടതി ബഞ്ച് ഓര്‍മിപ്പിച്ചു. ഛത്തീസ്ഗഢിലെ താപവൈദ്യുത നിലയവുമായി ബന്ധപ്പെട്ട 2006ലെ കല്‍ക്കരി ഇടപാടാണ് കേസിന് ആധാരം. ഇതുമായി ബന്ധപ്പെട്ട് 2014ല്‍ സി ബി ഐ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ അടിസ്ഥാനമാക്കി ഇ ഡിയും കേസെടുത്തിരുന്നു.
ഇ ഡിയെയും മറ്റ് അന്വേഷണ ഏജന്‍സികളെയും കേന്ദ്രഭരണകൂടം രാഷ്ട്രീയ ആയുധമാക്കുന്ന പ്രവണത നേരത്തേയുണ്ട്. എന്നാല്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് ഈ പ്രവണത വര്‍ധിച്ചത്. 2014-2024 കാലത്ത് രാജ്യത്ത് ഇ ഡി 193 രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കേസെടുത്തതില്‍ ഒരൊറ്റ ബി ജെ പി നേതാവ് പോലുമില്ല എന്നത് ശ്രദ്ധേയമാണ്. ഇതില്‍ കോടതിയില്‍ തെളിയിക്കാനായത് രണ്ട് കേസുകള്‍ മാത്രവും. രാഷ്ട്രീയ എതിരാളികളോട് പകപോക്കാനും അവരെ നിശബ്ദരാക്കാനും അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നത് അധികാര ദുര്‍വിനിയോഗവും രാഷ്ട്രീയ മാന്യതക്ക് നിരക്കാത്തതുമാണ്.
ഇ ഡിക്കെതിരെയുള്ള ജുഡീഷ്യറിയുടെ നിരന്തര വിമര്‍ശനത്തിന് പിന്നില്‍, പ്രതിപക്ഷ കക്ഷികളും മറ്റും ഇ ഡിക്കെതിരെ ഉന്നയിക്കുന്ന തെറ്റായ ആരോപണങ്ങളുടെയും അപവാദ പ്രചാരണങ്ങളുടെയും സ്വാധീനമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പുറത്തുനിന്നുള്ള സ്വാധീനത്തിന്റെ ഫലമായി കോടതി തീരുമാനമെടുത്ത ഏതെങ്കിലും ഒരു സംഭവമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ തുഷാര്‍ മേത്തയെ വെല്ലുവിളിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഇതിനോട് പ്രതികരിച്ചത്.
കേന്ദ്രത്തിന്റെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കുന്നതിന് പുറമെ, അഴിമതിക്കുള്ള അവസരമായി പി എം എല്‍ എ (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) കേസുകളെ ഉപയോഗപ്പെടുത്തുന്നവരുമുണ്ട് ഇ ഡി ഉദ്യോഗസ്ഥരില്‍. ഏതെങ്കിലും വ്യവസായിക്കോ രാഷ്ട്രീയ നേതാവിനോ എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം, കേസ് ഒതുക്കിത്തീര്‍ക്കാന്‍ പണം ചോദിക്കുന്ന സംഭവങ്ങള്‍ സമീപകാലത്തായി നിരവധി റിപോര്‍ട്ട് ചെയ്യപ്പെട്ടു. മേയ് 30നാണ് ഒഡിഷയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ചിന്തന്‍ രഘുവന്‍ഷി അറസ്റ്റിലായത്. ഖനി വ്യവസായി രതികാന്ത് റൗട്ടിനോട് 50 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട ചിന്തന്‍ രഘുവന്‍ഷ് ആദ്യ ഗഡുവായി 20 ലക്ഷം കൈപ്പറ്റുന്നതിനിടെയാണ് സി ബി ഐ അറസ്റ്റ് ചെയ്തത്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന കൊട്ടാരക്കരയിലെ ഒരു കശുവണ്ടി വ്യവസായിയുടെ പരാതിയില്‍ കൊച്ചിയില്‍ സംസ്ഥാന വിജിലന്‍സ് ഇ ഡി അസ്സി. ഡയറക്ടര്‍ ശേഖര്‍കുമാറിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത് മൂന്ന് മാസം മുമ്പാണ്. ഇ ഡിയുടെ കൊച്ചി യൂനിറ്റ് പി എം എല്‍ എ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ സഹായവാഗ്ദാനങ്ങളുമായി പ്രതികള്‍ക്ക് ഫോണ്‍കോള്‍ വരിക സാധാരണമാണ്. ഇ ഡി ഉദ്യോഗസ്ഥരാണ് ഫോണ്‍ ചെയ്യുന്നത്. ഇത്തരം പരാതികള്‍ വര്‍ധിച്ച സാഹചര്യത്തില്‍, കൊച്ചി ഇ ഡി യൂനിറ്റിലെ ഉദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ചും സി ബി ഐ അന്വേഷണം നടത്തി വരികയാണ്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സി ബി ഐ കളത്തിലിറങ്ങിയത്. ഇ ഡിയെ ശുദ്ധീകരിക്കാനും സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ച് സ്വതന്ത്രമായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനും നടപടികള്‍ ആവശ്യമാണ്.