Connect with us

Kerala

ജലീലിന്റെ പരാമര്‍ശങ്ങള്‍ സ്വന്തം അനുഭവത്തില്‍ നിന്ന്, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടതില്ല; പിന്തുണയുമായി ഇ പി ജയരാജന്‍

Published

|

Last Updated

തിരുവനന്തപുരം | ലോകായുക്തക്കെതിരായ വിമര്‍ശനത്തില്‍ കെ ടി ജലീലിന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്റെ പിന്തുണ. ജലീലിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടതില്ലെന്ന് ജയരാജന്‍ ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു. ജലീല്‍ ഉന്നയിച്ച വിഷയങ്ങള്‍ മനസിലാക്കാതെ കോണ്‍ഗ്രസ് ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. കെ ടി ജലീലിന്റെ പരാമര്‍ശങ്ങള്‍ സ്വന്തം അനുഭവത്തില്‍ നിന്നാണെന്നും ജയരാജന്‍ വ്യക്തമാക്കി.

എഫ് ബി പോസ്റ്റിലേക്ക്:
ലോകായുക്ത വിഷയത്തില്‍ കെ ടി ജലീലിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് ഇതുവരെയും കെ ടി ജലീല്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഏതെങ്കിലും ചര്‍ച്ച നടത്തുകയോ ആ വിവരങ്ങളെ കുറിച്ച് അന്വേഷിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മറിച്ച് അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ നേതാവുള്‍പ്പടെ ഈ വിഷയത്തെ സമീപിക്കുന്നത്. ലോയേഴ്സ് കോണ്‍ഗ്രസ് നല്‍കിയ ഹരജി ഉള്‍പ്പടെ ആ ലക്ഷ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകായുക്തക്കെതിരെ കെ ടി ജലീല്‍ സംസാരിച്ചത്. ആ കാര്യങ്ങളെ വസ്തുതാപരമായി പഠിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഉത്തരവാദിത്തമുള്ള പാര്‍ട്ടി എന്ന നിലക്ക് കോണ്‍ഗ്രസ് തയാറേകേണ്ടത്. ലോകായുക്ത വിഷയവുമായി ബന്ധപ്പെട്ട് നിയമ മന്ത്രിയും സര്‍ക്കാരും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ലോകായുക്തയെ കുറിച്ച് ജലീല്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ പരിശോധിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാകണം.

രാഷ്ട്രീയമായി കെ ടി ജലീലിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇല്ലാതാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് ലോകായുക്തയോടുള്ള സ്നേഹം ജനങ്ങള്‍ തിരിച്ചറിയും. കോവിഡ് കാലത്ത് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് സംസ്ഥാന സര്‍ക്കാരും ഇടതുപക്ഷ പ്രസ്ഥാനങ്ങളും. ഒപ്പം നാടിന്റെ വികസനം ലക്ഷ്യമാക്കി ജനോപകാരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍. എന്നാല്‍ ജനങ്ങള്‍ക്കു വേണ്ടിയുള്ള ഒരു പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസിനെയോ മറ്റ് യു ഡി എഫ് സഖ്യ കക്ഷികളെയോ കാണാനില്ല. പകരം കെ ടി ജലീലിനെപ്പോലെയുള്ള ജനസമ്മതരായ വ്യക്തികളെ രാഷ്ട്രീയമായി ആക്രമിക്കാന്‍ സമയം കണ്ടെത്തി തത്പര വിഷയങ്ങളിലേക്ക് മാത്രം ചുരുങ്ങിപ്പോവുകയാണ് കോണ്‍ഗ്രസ്. ഇത് ഇപ്പോഴത്തെ കോണ്‍ഗ്രസിനെ കൂടുതല്‍ ശിഥിലമാക്കാനേ സഹായിക്കൂ.