k t jaleel meet pinarayi
ഇ ഡിക്ക് മൊഴി നല്‍കാനിരിക്കെ മുഖ്യമന്ത്രിയുമായി ജലീലിന്റെ നിര്‍ണായക കൂടിക്കാഴ്ച
'എ ആര്‍ നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ; തീയണക്കാന്‍ തിരൂരങ്ങാടിയിലെ 'ഫയര്‍ എന്‍ജിന്‍' മതിയാകാതെ വരും' -ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍
തിരുവനന്തപുരം | കെ ടി ജലീല്‍ എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ രാവിലെ എത്തിയാണ് ജലീല്‍ പിണറായിയെ കണ്ടത്. ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജലീല്‍ ഇന്ന് ഇ ഡിക്ക് തെളിവ് നാല്‍കാനിരിക്കെയാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി എന്തെങ്കിലും നിര്‍ദേശം നല്‍കിയോ എന്നും വ്യക്തമല്ല.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് വ്യക്തമാക്കി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ല്‍ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടില്‍ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കില്‍ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സര്‍ക്കാറാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. ലീഗ് നേതാക്കള്‍ക്ക് എന്തും ആഗ്രഹിക്കാം. ‘ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ ഭിക്ഷാംദേഹികള്‍ പോലും സവാരി ചെയ്‌തേനെ’ എന്ന വരികള്‍ എത്ര പ്രസക്തം!
ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. എ ആര്‍ നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാന്‍ തിരൂരങ്ങാടിയിലെ ‘ഫയര്‍ എന്‍ജിന്‍’ മതിയാകാതെ വരുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇമേജായി ചേര്‍ത്തുകൊണ്ട് ജലീല്‍ പറഞ്ഞു.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ജലീല്‍ ഇ ഡിക്ക് മൊഴിക്ക് നല്‍കാനായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. വൈകിട്ട് നാല് മണിയോടെ ജലീല്‍ ഇ ഡിക്ക് മുമ്പിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഏഴ് തെളിവുകള്‍ ഇ ഡിക്ക് മുമ്പാകെ നല്‍കുമെന്ന് ജലീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചന്ദ്രികയുടെ എക്കൗണ്ട് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചതിന്റെ രേഖകള്‍, കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിന്റെ രേഖകള്‍ എന്നിവ ജലീല്‍ കൈമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എ ആര്‍ നഗര്‍ ബേങ്കുമായി ബന്ധപ്പെട്ട രേഖകള്‍ ഇതില്‍ ഇല്ലെന്നാണ് വിവരം.


