Connect with us

Kerala

മന്ത്രി വീണാ ജോര്‍ജിനെ താക്കീത് ചെയ്തുവെന്നത് തെറ്റ്: സ്പീക്കര്‍ എം ബി രാജേഷ്

മാധ്യമ വാര്‍ത്തകളില്‍ കാണുന്നത് പോലെ താക്കീത്, ശാസന എന്ന പദപ്രയോഗം താന്‍ നല്‍കിയ കത്തില്‍ ഉള്‍പ്പെട്ടിട്ടില്ല

Published

|

Last Updated

തിരുവനന്തപുരം | കഴിഞ്ഞ ദിവസം നിയമസഭയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സഭയില്‍ താന്‍ ശാസിച്ചു എന്ന തരത്തില്‍ മാധ്യമങ്ങളിലുണ്ടായ വാര്‍ത്ത തെറ്റാണെന്ന് സ്പീക്കര്‍ എം ബി രാജേഷ്. മന്ത്രിയെ ശാസിക്കൂകയോ, താക്കീത് ചെയ്യുകയോ ഉണ്ടായിട്ടില്ല. സോഫ്റ്റ് വെയര്‍ തകരാറ് മൂലമാണ് മന്ത്രിയുടെ മറുപടി ഒരുപോലെ ആയതെന്നും സ്പീക്കര്‍ പറഞ്ഞു.

മന്ത്രിക്ക് ചെയറിന്റെ സംരക്ഷണം ലഭിക്കും. മന്ത്രിയുടേതല്ലാത്ത ഉത്തരവാദിത്തത്തിന്റെ പേരില്‍ സ്പീക്കര്‍ ശാസിച്ചു എന്നത് തെറ്റായ വാര്‍ത്തയാണ്. മാധ്യമ വാര്‍ത്തകളില്‍ കാണുന്നത് പോലെ താക്കീത്, ശാസന എന്ന പദപ്രയോഗം നല്‍കിയ കത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
ഫെബ്രുവരി 22ന് പരിഗണിച്ച ചോദ്യത്തിന്റെ പിരിവുകള്‍ക്ക് ആരോഗ്യമന്ത്രി നല്‍കിയ മറുപടി ഒരേ രൂപത്തിലുള്ളതാണെന്നും അവകാശലംഘനമാണെന്നും കാണിച്ച് കോണ്‍ഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി എ പി അനില്‍കുമാര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് താന്‍ ആരോഗ്യമന്ത്രിയോട് പ്രതികരണം തേടിയത്.

സര്‍ക്കാറിന് ലഭ്യമായ മറുപടിയാണ് നല്‍കുന്നത്. ചോദ്യങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് വരുന്നതിനാലാണ് സംയോജിത മറുപടി ലഭ്യമാക്കിയത്. നിയമസഭാ ചോദ്യങ്ങളില്‍ നിന്ന് മനഃപൂര്‍വ്വം ഒഴിഞ്ഞുമാറുന്ന സമീപനം സ്വീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി മറുപടി നല്‍കി. ഇതിന് ശേഷം, ഒരേ മറുപടി നല്‍കിയത് ശരിയായ പ്രവണതയല്ല, ഭാവിയില്‍ ഇക്കാര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രിയെ അറിയിക്കാന്‍ ഉത്തരവിറക്കിയിട്ടുണ്ടെന്നും അനില്‍ കുമാറിന്റെ പരാതിക്ക് മറുപടി നല്‍കുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷമാണ് താന്‍ ഇക്കാര്യം വിശദമായി പരിശോധിച്ചതെന്നും സ്പീക്കറുടെ വിശദീകരണത്തില്‍ പറയുന്നു.

Latest