Kerala
കോണ്‍ഗ്രസിന്റെ യാത്രയില്‍ പങ്കെടുത്ത വാഹനങ്ങള്‍ക്ക് നേരെ ഡി സി സി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുട്ടയും കല്ലുമെറിഞ്ഞതായി ആക്ഷേപം
അക്രമം കാണിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ കെ പി സി സി പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായി ജില്ലാ നേതൃത്വവും അറിയിച്ചു

പത്തനംതിട്ട: | കോണ്‍ഗ്രസിന്റെ ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ യാത്ര നയിച്ചെത്തിയ എ ഐ സി സി സെക്രട്ടറി, കെ പി സി സി ജനറല്‍ സെക്രട്ടറി എന്നിവരുടെ വാഹനങ്ങള്‍ക്ക് നേരെ ഡി സി സി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുട്ടയും കല്ലുമെറിഞ്ഞതായി ആക്ഷേപം. പത്തനംതിട്ട വലഞ്ചുഴിയില്‍ ശനിയാഴ്ച വൈകിട്ട് നാലരയ്ക്കാണ് സംഭവം.
വലഞ്ചുഴിയിലൂടെ യാത്ര കടന്നു പോയപ്പോഴാണ് പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ കൂടിയായ ഡി സി സി ജനറല്‍ സെക്രട്ടറി എം സി ഷെരീഫിന്റെ നേതൃത്വത്തില്‍ മുട്ട എറിഞ്ഞത്. എ ഐ സി സി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍, കെ പി സി സി ജനറല്‍ സെക്രട്ടറി എം എം നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ജാഥയ്ക്ക് നേരെയായിരുന്നു ആക്രമണം. എം എം നസീറിന്റെ കാറിനു നേരെയും കല്ല് എറിഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പോലീസില്‍ പരാതി നല്‍കും. അക്രമം കാണിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ കെ പി സി സി പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായി ജില്ലാ നേതൃത്വവും അറിയിച്ചു.