Connect with us

Editorial

തടവറയിലാകുന്നത് ഭരണഘടനയാണ്

നിയമം സംരക്ഷണത്തിനായിരിക്കണം, അടിച്ചമര്‍ത്തലിനല്ല. ഇത് വിസ്മരിക്കുമ്പോള്‍ ജയിലില്‍ അടക്കപ്പെടുന്നത് വ്യക്തികള്‍ മാത്രമല്ല, ഭരണഘടന കൂടിയാണ്. ജനാധിപത്യ രാജ്യത്തിലെ നിയമവ്യവസ്ഥയുടെ ആരോഗ്യനില അളക്കുന്നത്, വിമര്‍ശകരോടും വിഭിന്നാഭിപ്രായക്കാരോടും നിയമം എങ്ങനെ പെരുമാറുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ്.

Published

|

Last Updated

നീതിന്യായ വ്യവസ്ഥയെ അപഹാസ്യമാക്കുന്നതാണ് ഉമര്‍ ഖാലിദിനും ശര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീം കോടതി നടപടി. കൊലപാതകം, ബലാത്സംഗം തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട കൊടുംകുറ്റവാളി ഗുര്‍മീത് റാമിന് എട്ട് വര്‍ഷത്തിനിടെ പതിനഞ്ച് തവണ ജാമ്യം അനുവദിച്ച കോടതി അഞ്ച് വര്‍ഷമായി വിചാരണ പോലും ആരംഭിക്കാത്ത കേസില്‍ ഉമര്‍ ഖാലിദിനും ശര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചത് ദുരൂഹമാണ്. മോദി സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ സമരം നടത്തിയതിനെച്ചൊല്ലിയാണ് ഇരുവരും അറസ്റ്റിലായത്. ഇതേ കേസില്‍ ഇവര്‍ക്കൊപ്പം അറസ്റ്റിലായ മറ്റ് അഞ്ച് പേര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.

വിചാരണ നീളുന്നത് ജാമ്യം അനുവദിക്കാന്‍ കാരണമല്ലെന്നാണ് ജാമ്യനിഷേധത്തിന് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങുന്ന ബഞ്ച് പറഞ്ഞ ന്യായം. അതേസമയം അതിവേഗ വിചാരണക്കുള്ള തടവുകാരുടെ അവകാശം നിഷേധിക്കപ്പെട്ടാല്‍ യു എ പി എ കേസിലെ തടവുകാര്‍ക്ക് പോലും ജാമ്യം അനുവദിക്കാവുന്നതാണെന്ന് 2024 ജൂലൈ 18ന് മറ്റൊരു കേസില്‍ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതാണ്. യു എ പി എ കേസ് പ്രതിയായ ശൈഖ് ജാവേദ് ഇഖ്ബാലിന് ജാമ്യം അനുവദിച്ച് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. പ്രതിയുടെ നിയമപരമായ അവകാശമാണ് അതിവേഗ വിചാരണ. ഭരണഘടനയുടെ 21ാം വകുപ്പ് ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. വിചാരണ നീണ്ടാല്‍ ജാമ്യത്തെ എതിര്‍ക്കാന്‍ പ്രോസിക്യൂഷന് അവകാശമില്ലെന്നും ബഞ്ച് ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ ഈ അവകാശം എന്തേ ഉമര്‍ ഖാലിദിനും ശര്‍ജീലിനും ഇല്ലാതെ പോയത്? കലാപത്തില്‍ നേരിട്ടുള്ള ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പലര്‍ക്കും ജാമ്യം ലഭിക്കുമ്പോഴാണ്, ആശയപരമായ പങ്കാളിത്തം മാത്രം ആരോപിക്കപ്പെടുന്ന ഈ രണ്ട് പേര്‍ക്ക് ജാമ്യം നിഷേധിക്കുന്നത്.

‘ജാമ്യമാണ് നിയമം, ജയില്‍ അപവാദമാണെ’ന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ പ്രധാന തത്ത്വമാണ്. 1977ല്‍ ജസ്റ്റിസ് കൃഷ്ണയ്യരാണ് ഒരു വിധിന്യായത്തില്‍ ഈ തത്ത്വം നിയമലോകത്തെ ഓര്‍മപ്പെടുത്തിയത്. പിന്നെ പലപ്പോഴായി സുപ്രീം കോടതി ഈ നിലപാട് ആവര്‍ത്തിച്ചു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത് ഈ തത്ത്വം എടുത്തു പറഞ്ഞാണ്. ഒരാള്‍ കുറ്റക്കാരനെന്ന് കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നതു വരെ നിരപരാധിയായി കണക്കാക്കണമെന്നും പരമോന്നത കോടതി നിരീക്ഷിച്ചതാണ്. ഇതനുസരിച്ച് വിചാരണാ തടവുകാരെ ജാമ്യം നല്‍കാതെ ജയിലില്‍ തളച്ചിടുന്നത് നീതിനിഷേധമല്ലേ? വിചാരണ വര്‍ഷങ്ങളോളം നീണ്ടുപോകുന്ന കേസുകളില്‍ വിശേഷിച്ചും.

തികച്ചും ന്യായവും സമാധാനപരവുമായ പ്രതിഷേധമാണ് പൗരത്വ ഭേദഗതിക്കെതിരെ ഉമര്‍ ഖാലിദും കൂട്ടാളികളും നടത്തിയത്. പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് മുസ്ലിംകളെ മാത്രം മാറ്റിനിര്‍ത്തിയ മോദി സര്‍ക്കാറിന്റെ വിവേചനത്തിനെതിരെയായിരുന്നു അവരുടെ പ്രതിഷേധം. ഈ ന്യായമായ സമരത്തെ പൊളിക്കാനും പൗരത്വ ഭേദഗതിവിരുദ്ധ സമരക്കാരെ റോഡില്‍ നിന്ന് ഒഴിപ്പിക്കാനും വടക്കന്‍ ഡല്‍ഹിയിലെ ഹിന്ദുത്വ നേതാക്കള്‍ രംഗത്തു വന്നതോടെയാണ് അവിടെ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ കൊല്ലപ്പെട്ട 54 പേരില്‍ ഭൂരിഭാഗവും മുസ്ലിംകളായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഇവ രണ്ടും കൂട്ടിക്കെട്ടി കലാപം പൗരത്വ ഭേദഗതിവിരുദ്ധ സമരക്കാരുടെ പിരടിയില്‍ കെട്ടിവെക്കുകയായിരുന്നു ഡല്‍ഹി പോലീസ.്

പൗരത്വ ഭേദഗതിവിരുദ്ധ സമരവും ഡല്‍ഹി കലാപവും ഒരേ രീതിയില്‍ കൈകാര്യം ചെയ്തത് നീതീകരിക്കാവതല്ലെന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തേ ഡല്‍ഹി പോലീസിനെ ഉണര്‍ത്തിയതാണ്. ‘പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. അത് രാജ്യദ്രോഹ പ്രവര്‍ത്തനമല്ല. വിമത ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനുള്ള വ്യഗ്രതയാണ് സമാധാനപരമായ പ്രതിഷേധങ്ങളെ രാജ്യദ്രോഹക്കുറ്റമായി കാണാന്‍ ഇടയാക്കുന്നതെ’ന്ന് ഡല്‍ഹി കലാപ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചില സി എ എവിരുദ്ധ പ്രക്ഷോഭകര്‍ക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിപ്രസ്താവത്തില്‍ കോടതി വ്യക്തമാക്കുകയും ചെയ്തു.

പ്രസംഗങ്ങളും ആശയവിനിമയങ്ങളുമാണ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കപ്പെടുന്ന പ്രധാന ‘തെളിവ്’. അക്രമത്തിനു പ്രേരണ നല്‍കുന്നതായിരുന്നു ഉമര്‍ ഖാലിദിന്റെ പ്രസംഗങ്ങളെന്നാണ് പോലീസ് ആരോപണം. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിക്ക് പുറത്തുപോയെന്നോ അക്രമത്തിന് പ്രേരിപ്പിച്ചുവെന്നോ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അദ്ദേഹം ഭരണകൂടത്തെ വിമര്‍ശിച്ചിരിക്കാം. ജനാധിപത്യത്തില്‍ ഇത് കുറ്റകരമല്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാറിനെതിരായ വിമര്‍ശവും ഉള്‍പ്പെടുമെന്ന് കോടതികള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

നിയമം സംരക്ഷണത്തിനായിരിക്കണം, അടിച്ചമര്‍ത്തലിനല്ല. ഇത് വിസ്മരിക്കുമ്പോള്‍ ജയിലില്‍ അടക്കപ്പെടുന്നത് വ്യക്തികള്‍ മാത്രമല്ല, ഭരണഘടന കൂടിയാണ്. ഒരു ജനാധിപത്യ രാജ്യത്തിലെ നിയമവ്യവസ്ഥയുടെ ആരോഗ്യനില അളക്കുന്നത്, വിമര്‍ശകരോടും വിഭിന്നാഭിപ്രായക്കാരോടും നിയമം എങ്ങനെ പെരുമാറുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ്. ഉമര്‍ ഖാലിദിനും ശര്‍ജീലിനും തുടര്‍ച്ചയായി ജാമ്യം നിഷേധിക്കുന്ന കോടതി നിലപാട് ഇന്ത്യന്‍ നീതിവ്യവസ്ഥക്ക് ഈ അടിസ്ഥാന മാനദണ്ഡം ബാധകമല്ലേ എന്ന ചോദ്യമുയര്‍ത്തുന്നു.