Connect with us

Business

വന്‍ കുതിപ്പുമായി ഐടി ഭീമന്‍ ടിസിഎസ്; ലാഭം 9769 കോടി

മുന്‍വര്‍ഷം ഇതേ കാലത്തെ അപേക്ഷിച്ച് 12.3 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി നേടിയിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഭീമനായ ടിസിഎസിന്റെ ലാഭം കുതിച്ചുയര്‍ന്നു. ഡിസംബറില്‍ അവസാനിച്ച സാമ്പത്തിക പാദവാര്‍ഷികത്തില്‍ 9769 കോടി രൂപയുടെ അറ്റാദായമാണ് കമ്പനിക്കുണ്ടായത്. മുന്‍വര്‍ഷം ഇതേ കാലത്തെ അപേക്ഷിച്ച് 12.3 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി നേടിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 8701 കോടി രൂപയാണ് നികുതിക്ക് ശേഷമുള്ള ലാഭം നേടിയത്. സെപ്തംബര്‍ മാസത്തില്‍ അവസാനിച്ച സാമ്പത്തിക പാദവാര്‍ഷികത്തില്‍ 9624 കോടി രൂപയായിരുന്നു ലാഭം. സെപ്തംബര്‍-ഡിസംബര്‍ കാലയളവില്‍ വരുമാനം 48885 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16.4 ശതമാനമാണ് വരുമാന വളര്‍ച്ച. ഈ പാദത്തിലെ അമേരിക്കന്‍ ഡോളര്‍ വരുമാനം 14.4 ശതമാനം വര്‍ധിച്ച് 6524 ദശലക്ഷം ഡോളറായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വരുമാനം 42015 കോടി രൂപയായിരുന്നു. സെപ്തംബര്‍ പാദത്തില്‍ 46867 കോടി രൂപയുമായിരുന്നു വരുമാനം.

മേഖലകള്‍ തിരിച്ചുള്ള ടിസിഎസിന്റെ വളര്‍ച്ചയില്‍ മുന്നിലുള്ളത് വടക്കേ അമേരിക്കയാണ്. ഇവിടെ നിന്നുള്ള വരുമാനം 18 ശതമാനമാണ് ഉയര്‍ന്നത്. യൂറോപ്പ് 17.5 ശതമാനം വളര്‍ച്ച നേടി രണ്ടാം സ്ഥാനത്താണ്. യുകെയിലെ ബിസിനസ് 12.7 ശതമാനം വളര്‍ച്ച കൈവരിച്ചു. വളര്‍ന്നു വരുന്ന വിപണികളില്‍ ഇന്ത്യ 15.2 ശതമാനവും മിഡില്‍ ഈസ്റ്റും ആഫ്രിക്കയും 6.9 ശതമാനവും ഏഷ്യാ പസഫിക് 4.3 ശതമാനവും വളര്‍ച്ച നേടി.

 

 

 

 

---- facebook comment plugin here -----

Latest