Connect with us

National

ഐ എസ് ആർ ഒ പണം ചെലവഴിക്കുന്നില്ല; ചന്ദ്രയാൻ, ശുക്രൻ ദൗത്യങ്ങൾ വൈകും; ആശങ്ക അറിയിച്ച് പാർലമെന്ററി സമിതി

2027 ഒക്ടോബറിൽ വിക്ഷേപണം നിശ്ചയിച്ചിട്ടുള്ള ചന്ദ്രയാൻ 4 ദൗത്യത്തിന് 2025-26 ബജറ്റിൽ 150 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഡിസംബറിലെ പുതുക്കിയ കണക്കനുസരിച്ച് ഇത് 21 കോടി രൂപയായി കുറഞ്ഞു

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യയുടെ വരാനിരിക്കുന്ന നിർണ്ണായക ബഹിരാകാശ ദൗത്യങ്ങളായ ചന്ദ്രയാൻ 4, ചന്ദ്രയാൻ 5, ശുക്രൻ ദൗത്യം എന്നിവ വൈകാൻ സാധ്യതയുണ്ടെന്ന് പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വിക്ഷേപണം നിശ്ചയിച്ചിട്ടുള്ള ഈ ദൗത്യങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നത് വെല്ലുവിളിയായേക്കുമെന്ന് എം പി മാർ അടങ്ങുന്ന സമിതി ആശങ്ക പ്രകടിപ്പിച്ചു.

പദ്ധതികൾക്കായി അനുവദിച്ച തുക ചെലവഴിക്കുന്നതിൽ ഐ എസ് ആർ ഒ വരുത്തിയ കുറവാണ് പ്രധാനമായും സമിതി ചൂണ്ടിക്കാട്ടുന്നത്. 2027 ഒക്ടോബറിൽ വിക്ഷേപണം നിശ്ചയിച്ചിട്ടുള്ള ചന്ദ്രയാൻ 4 ദൗത്യത്തിന് 2025-26 ബജറ്റിൽ 150 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഡിസംബറിലെ പുതുക്കിയ കണക്കനുസരിച്ച് ഇത് 21 കോടി രൂപയായി കുറഞ്ഞു. ജനുവരി 31 വരെ വെറും 34 കോടി രൂപ മാത്രമാണ് ഈ പദ്ധതിക്കായി ചെലവഴിച്ചത്. മിഷൻ ഡിസൈൻ പൂർത്തിയാക്കുന്നതിലെ താമസം, ഹാർഡ്‌വെയർ നിർമ്മാണത്തിനാവശ്യമായ ഘടകങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് തുക കുറയാൻ കാരണമായി അധികൃതർ വിശദീകരിക്കുന്നത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് മണ്ണ് ശേഖരിച്ച് ഭൂമിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2104 കോടി രൂപയുടെ ചന്ദ്രയാൻ 4 വിഭാവനം ചെയ്തിരിക്കുന്നത്. 2040 ഓടെ ചന്ദ്രനിൽ ഇന്ത്യക്കാരനെ ഇറക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്. എന്നാൽ ഇതിനാവശ്യമായ പ്രൊപ്പൽഷൻ ഘടകങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും സംഭരണം അടുത്ത സാമ്പത്തിക വർഷത്തേക്ക് നീണ്ടുപോയിരിക്കുകയാണ്.

ജപ്പാൻ ബഹിരാകാശ ഏജൻസിയുമായി സഹകരിച്ച് നടത്തുന്ന 982 കോടി രൂപയുടെ ചന്ദ്രയാൻ 5 ദൗത്യത്തിലും പണം വിനിയോഗിക്കുന്നത് കുറവാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2028 മാർച്ചിൽ നിശ്ചയിച്ചിട്ടുള്ള ശുക്രൻ ദൗത്യത്തിനായി (വീനസ് ഓർബിറ്റർ മിഷൻ) അനുവദിച്ച തുകയിൽ 5.12 കോടി രൂപ മാത്രമാണ് ജനുവരി വരെ ചെലവാക്കിയത്. ബഹിരാകാശ ദൗത്യങ്ങളുടെ തന്ത്രപരമായ പ്രാധാന്യം പരിഗണിച്ച് ഫണ്ട് വിനിയോഗവും പദ്ധതി നടത്തിപ്പും വേഗത്തിലാക്കാൻ സമിതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Summary

A Parliamentary Standing Committee has raised concerns over the potential delays in India’s upcoming lunar and interplanetary missions, including Chandrayaan 4 and the Venus Orbiter. The report highlights significant underutilization of allocated funds and delays in finalizing mission designs and procuring essential hardware. These setbacks could challenge the timely execution of India’s strategic space goals, including the ambitious plan to land an Indian on the moon by 2040.

---- facebook comment plugin here -----

Latest