Connect with us

From the print

വെടിനിർത്താൻ ഇനിയും സമയം വേണമെന്ന് ഇസ്റാഈൽ

ഇസ്റാഈലിന് സുരക്ഷ ഉറപ്പാക്കുമെന്ന് ട്രംപ്

Published

|

Last Updated

ജറൂസലം/ ഗസ്സ സിറ്റി | ഗസ്സയിൽ വെടിനിർത്തൽ യാഥാർഥ്യമാകാൻ ഇനിയും സമയമെടുക്കുമെന്ന് ഇസ്റാഈൽ. ഖത്വറിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ ഹമാസുമായുള്ള ഭിന്നത പരിഹരിക്കാനാകുമെങ്കിലും കൂടുതൽ സമയം ആവശ്യമാണെന്നാണ് ഇസ്റാഈൽ സർക്കാർ വൃത്തങ്ങൾ പറയുന്നത്. പ്രധാന വ്യവസ്ഥകളിൽ മാറ്റം വരുത്താൻ ഹമാസ് ആഗ്രഹിക്കുന്നുണ്ടെന്നും ഇതത്ര ലളിതമല്ലെന്നും നെതന്യാഹുവിന്റെ സുരക്ഷാ ക്യാബിനറ്റിലുള്ള മന്ത്രി സീവ് എൽകിൻ പറഞ്ഞു.

ദോഹയിൽ ഹമാസുമായി പരോക്ഷ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു എസിലെത്തി പ്രസിഡന്റ്ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഗസ്സയിൽ നിന്ന് പുറത്താക്കുന്ന ഫലസ്തീനികളെ മാറ്റിപ്പാർപ്പിക്കാനുള്ള രാജ്യങ്ങൾ കണ്ടെത്താൻ യു എസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കൂടിക്കാഴ്ചയിൽ നെതന്യാഹു പറഞ്ഞു. എന്നെങ്കിലും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം ഉണ്ടാകുമോയെന്ന് അറിയില്ലെങ്കിലും മേഖലയിൽ ഇസ്റാഈലിന് എന്നും പൂർണ സുരക്ഷിതത്വം ഉണ്ടാകുമെന്ന് ട്രംപ് ഉറപ്പുനൽകി.
ഈ ആഴ്ച തന്നെ വെടിനിർത്തലും ബന്ദികളുടെ കൈമാറ്റവും ഉണ്ടാകാമെന്ന് കൂടിക്കാഴ്ചക്ക് തൊട്ടുമുന്പ് ട്രംപ് പറഞ്ഞിരുന്നു. വെടിനിർത്തൽ കരട് തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അടുത്ത ദിവസം ദോഹയിലെത്തി ചർച്ചകളിൽ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
ബന്ദികളെ ഘട്ടംഘട്ടമായി മോചിപ്പിക്കുക, ഗസ്സയുടെ ചില ഭാഗങ്ങളിൽ നിന്ന് ഇസ്റാഈൽ സൈന്യത്തെ പിൻവലിക്കുക, യുദ്ധം പൂർണമായി അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തുക എന്നിവയാണ് വെടിനിർത്തൽ നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്. ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിന് മുമ്പ് ഇസ്റാഈൽ ആക്രമണം അവസാനിപ്പിക്കണമെന്നാണ് ഹമാസിന്റെ ഉറച്ച നിലപാട്. എന്നാൽ, മുഴുവൻ ബന്ദികളെയും മോചിപ്പിക്കുകയും ഹമാസിനെ തകർക്കുകയും ചെയ്യുന്നത് വരെ ആക്രമണം അവസാനിപ്പിക്കില്ലെന്ന ഇസ്റാഈലിന്റെ കടുംപിടിത്തമാണ് വെടിനിർത്തൽ വൈകിപ്പിക്കുന്നത്.

അതിനിടെ, ഗസ്സ വെടിനിർത്തൽ കരാറിനുള്ള യഥാർഥ ചർച്ചകൾ തുടങ്ങാനിരിക്കുന്നതേയുള്ളൂവെന്നും അത് വളരെ പ്രയാസമേറിയ ജോലിയാണെന്നും ഖത്വർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.
ആക്രമണത്തിൽ അയവില്ല
വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ഗസ്സയിലുടനീളം ഇന്നലെയും കനത്ത ആക്രമണമാണ് ഇസ്റാഈൽ സൈന്യം നടത്തിയത്. 24 മണിക്കൂറിനിടെ അറുപതിലേറെ പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിട്ടയക്കപ്പെട്ട ആറ് ഫലസ്തീൻ തടവുകാരെ ഇസ്റാഈൽ സൈന്യം കൊലപ്പെടുത്തിയെന്ന് ഹമാസ് വക്താവ് പറഞ്ഞു.
അതിനിടെ, ഖാൻ യൂനുസിൽ ഇസ്റാഈൽ സൈനിക കേന്ദത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഫലസ്തീനിലെ സായുധ സംഘടനയായ അൽ ഖുദ്സ് ബ്രിഗേഡ്സ് അറിയിച്ചു. ഈ സംഭവത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി ഇസ്റാഈൽ സ്ഥിരീകരിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി, സമാധാന ചർച്ചകളിൽ നിന്ന് പിന്മാറണമെന്ന് നെതന്യാഹുവിനോട് തീവ്ര വലതുപക്ഷക്കാരനായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ആവശ്യപ്പെട്ടതായി റിപോർട്ടുണ്ടായിരുന്നു.

അതേസമയം, ഇസ്റാഈലിന്റെ വംശഹത്യ തുറന്നുകാട്ടാൻ കഴിഞ്ഞതായി ഹമാസ് വൃത്തങ്ങൾ പറഞ്ഞു. ഫലസ്തീനിന്റെ ഇച്ഛാശക്തിയില്ലാതാക്കാൻ അവർക്ക് കഴിയില്ല. സയണിസ്റ്റ് പ്രചാരണത്തിന്റെ കള്ളത്തരം തുറന്നുകാട്ടി, ആയുധങ്ങൾ കൊണ്ടല്ല, അവബോധത്തിന്റെയും ഇച്ഛാശക്തിയുടെയും ക്ഷമയുടെയും പോരാട്ടമാണ് നടത്തുന്നതെന്നും ഹമാസ് വ്യക്തമാക്കി.

Latest