International
അവശ്യവസ്തുക്കളുമായി ഗസ്സയിലേക്ക് പുറപ്പെട്ട കപ്പല്‍ തടഞ്ഞ് ഇസ്‌റാഈല്‍; കപ്പലില്‍ ഗ്രെറ്റ തുന്‍ബര്‍ഗ് ഉള്‍പ്പെടെയുള്ളവര്‍
ഗ്രെറ്റ ഉള്‍പ്പെടെ 12 സന്നദ്ധപ്രവര്‍ത്തകരെ കപ്പലില്‍ തടഞ്ഞുവച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ടെല്‍ അവീവ് | യുദ്ധം തകര്‍ത്ത ഗസ്സയിലേക്ക് അവശ്യവസ്തുക്കളുമായി യാത്ര തിരിച്ച പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് ഉള്‍പ്പെടെ സഞ്ചരിച്ച കപ്പല്‍ തടഞ്ഞ് ഇസ്‌റാഈല്‍. ഇറ്റലിയിലെ കറ്റാനിയ തീരത്തെ സിസിലി തുറമുഖത്തുനിന്ന് ജൂണ്‍ ഒന്നിന് പുറപ്പെട്ട മദ്ലീന്‍ എന്ന കപ്പലാണ് ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്തത്. ഗ്രെറ്റ ഉള്‍പ്പെടെ 12 സന്നദ്ധപ്രവര്‍ത്തകരെ കപ്പലില്‍ തടഞ്ഞുവച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗസ്സയിലെ ഇസ്‌റാഈല്‍ ഉപരോധത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സഖ്യമായ ഫ്രീഡം ഫ്ലോട്ടില്ലയുടെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ഗസ്സയിലേക്ക് തിരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇവര്‍ സഞ്ചരിച്ച കപ്പല്‍ അന്താരാഷ്ട്ര ജലപാതയില്‍ വച്ച് ഇസ്‌റാഈല്‍ സൈന്യം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കപ്പല്‍ തടയുമെന്ന് ഇസ്‌റാഈല്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. പഴച്ചാറുകള്‍, പാല്‍, അരി, ടിന്നിലടച്ച ഭക്ഷണപദാര്‍ഥങ്ങള്‍, പ്രോട്ടീന്‍ ബാറുകള്‍ തുടങ്ങിയവയാണ് കപ്പലിലുള്ളത്.