International
ഇസ്ലാമാബാദ് ചാവേര്‍ ആക്രമണം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്
ചാവേര്‍ ആക്രമണം നടത്തിയ വ്യക്തി സെയ്ഫുള്ള അന്‍സാരിയാണെന്ന് സംഘടന അറിയിച്ചു.
ഇസ്ലാമാബാദ് | ഇസ്ലാമാബാദില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ചാവേര്‍ ആക്രമണം നടത്തിയ വ്യക്തി സെയ്ഫുള്ള അന്‍സാരിയാണെന്ന് സംഘടന അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ അമാഖ് വഴിയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തത്. പ്രത്യയശാസ്ത്രപരമായ എതിരാളികള്‍ക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് സംഘടന വ്യക്തമാക്കി.
ഇസ്ലാമാബാദിലെ ഷിയ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 69 പേര്‍ കൊല്ലപ്പെടുകയും 169 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്താന്റെ ആരോപണം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി തള്ളി. സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ മറ്റ് രാജ്യങ്ങളെ കുറ്റപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഇന്ത്യ പ്രതികരിച്ചു.
അതേസമയം, ആക്രമണത്തെ ഹീനമായ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അറിയിച്ചു.
ഇതോടൊപ്പം, ആക്രമണം നടത്തിയ വ്യക്തി അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നതായും സംഭവത്തില്‍ അഫ്ഗാനിസ്ഥാനു പങ്കുണ്ടെന്നുമുള്ള ആരോപണം പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ അഫ്ഗാനിസ്ഥാന്‍ നിഷേധിച്ചു.
ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനില്‍ കഴിയുന്ന അമേരിക്കക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പാകിസ്താനിലെ യു.എസ്. എംബസി നിര്‍ദേശം നല്‍കി.


