Connect with us

Kerala

ശബരിമല സ്വർണക്കൊള്ള കേസ്; എൻ വിജയകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു

14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്.

Published

|

Last Updated

തിരുവനന്തപുരം|ശബരിമല സ്വർണക്കൊള്ള കേസില്‍  ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. എ പത്മകുമാർ പ്രസിഡന്‍റായിരുന്ന ബോർഡിൽ അംഗമായിരുന്നു വിജയകുമാർ. ബോർഡിലെ എല്ലാ അംഗങ്ങൾക്കും നടപടികളിൽ കൂട്ടുത്തരവാദിത്വം ഉണ്ടെന്നായിരുന്നു എ പത്മകുമാറിന്‍റെ മൊഴി.

അതിനിടെ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയെ എതിർത്ത് പ്രത്യേക അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകി. എല്ലാം നടന്നത് തന്ത്രിയുടെ അറിവോടെയെന്നാണ് റിപ്പോർട്ട്. നിലവിൽ തന്ത്രിക്ക് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും എസ്ഐടി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് തന്ത്രിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത്.

അതേസമയം,ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് വിട്ടയച്ച് എസ്‌ഐടി. തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്തത്. ചില കാര്യങ്ങള്‍ അറിയാനുണ്ടെന്ന് പറഞ്ഞാണ് എസ്ഐടി വിളിപ്പിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. രണ്ടരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും മറുപടി നല്‍കിയിട്ടുണ്ട്.ഉണ്ണികൃഷ്ണന്‍ പോറ്റിയെ കുറിച്ച് ചോദിച്ചു. അതിനും മറുപടി നല്‍കി. ഞാന്‍ നല്‍കിയ മറുപടി തൃപ്തികരമാണോ എന്ന് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അന്വേഷണസംഘം ചോദിച്ചിട്ടില്ലെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. അതേസമയം, താങ്കളെ എസ്‌ഐടി വീണ്ടും വിളിപ്പിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടെ അടൂര്‍ പ്രകാശ് രോഷാകുലനായി.

അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും യുഡിഎഫിനെ ഇതില്‍ കൂട്ടിക്കെട്ടാന്‍ നോക്കണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. മറ്റുള്ളവരുടെ മേല്‍ പഴിചാരാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണിത്. വിളിച്ച ഉടന്‍ അടൂര്‍ പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായി. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്നും കെസി വേണുഗോപാല്‍ വ്യക്തമക്കി.ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ പ്രതികളുമായി അടൂര്‍ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശ് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും സമ്മാനങ്ങള്‍ സ്വീകരിച്ചതായുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. നേരത്തെ, മുന്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെയും ചോദ്യം ചെയ്തിരുന്നു.

 

 

 

Latest