Kerala
ആന്റോ ആന്റണി രണ്ടുകോടി വാങ്ങി, 20 ലക്ഷം മാത്രം തിരികെ നല്‍കി: ആരോപണവുമായി എന്‍ എം രാജു
വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയത്ത് തന്റെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആന്റോ ആന്റണിയുടെ വീട്ടിലെത്തി അപേക്ഷിച്ചിട്ടും വായ്പ തിരികെ നല്‍കാന്‍ അദ്ദേഹം തയാറായില്ലെന്നും എന്‍ എം. രാജു ആരോപിച്ചു.
കൊച്ചി | ശബരിമല തന്ത്രി കണ്ഠരര് രാജീവര്‍ രണ്ടര കോടി രൂപ നിക്ഷേപിച്ചെന്ന ആരോപണം നിഷേധിച്ച് നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു. തന്ത്രി കണ്ഠരര് രാജീവറുടെ പേരില്‍ രണ്ടര കോടി രൂപ നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചിട്ടില്ലെന്നും ആരോപണം പൂര്‍ണമായും വ്യാജമാണെന്നും എന്‍ എം രാജു വ്യക്തമാക്കി. തന്ത്രിയെ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പത്തനംതിട്ട എം പി ആന്റോ ആന്റണിക്കെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണവും എന്‍ എം രാജു ഉന്നയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങള്‍ക്കായി രണ്ടുമാസത്തിനകം തിരികെ നല്‍കാമെന്ന ഉറപ്പില്‍ ആന്റോ ആന്റണി രണ്ടുകോടി രൂപ വാങ്ങിയെന്നും, എന്നാല്‍ ഏഴുവര്‍ഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം ക്രൈംബ്രാഞ്ചിനോടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടും (ഇ.ഡി) അറിയിച്ചിട്ടുണ്ടെന്നും എന്‍ എം രാജു പറഞ്ഞു.
വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയത്ത് തന്റെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആന്റോ ആന്റണിയുടെ വീട്ടിലെത്തി അപേക്ഷിച്ചിട്ടും വായ്പ തിരികെ നല്‍കാന്‍ അദ്ദേഹം തയാറായില്ലെന്നും എന്‍ എം. രാജു ആരോപിച്ചു. രണ്ട് ഘട്ടങ്ങളിലായി 10 ലക്ഷം രൂപ വീതം ആകെ 20 ലക്ഷം രൂപ മാത്രമാണ് ഇതുവരെ ലഭിച്ചതെന്നും, ബാക്കി തുക ഇന്നുവരെയും നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


