Connect with us

From the print

ഗസ്സയിൽ ഇസ്റാഈൽ വംശഹത്യ: ഒട്ടിയ വയറുമായി കാത്തുനിന്നവരെ വീണ്ടും ആക്രമിച്ചു; 70 മരണം

വിശപ്പ് സഹിക്കാനാകാതെ ഭക്ഷണവിതരണ കേന്ദ്രം തുറക്കുന്നതിന് മുന്പ് തന്നെ ഫലസ്തീനികൾ കാത്തുനിൽക്കാറുണ്ടെന്നും കേന്ദ്രം തുറക്കുന്നതിന് മുന്പാണ് സൈന്യം വെടിയുതിർക്കുന്നതെന്നും ഗസ്സാ ആരോഗ്യമന്ത്രാലയം

Published

|

Last Updated

ഗസ്സ | ഗസ്സയിൽ ഇസ്റാഈൽ ഇന്നലെ നടത്തിയ ആക്രണത്തിൽ 70 പേർ കൊല്ലപ്പെട്ടു. ജി എച്ച് എഫിൽ ഭക്ഷണത്തിനായി കാത്തുനിന്നവർക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് 30 പേർ കൊല്ലപ്പെട്ടത്. തെക്കൻ ഗസ്സയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ഗസ്സാ ആരോഗ്യമന്ത്രാലയം പറഞ്ഞു. ഗസ്സാ നഗരത്തിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വിശക്കുന്ന ഫലസ്തീനികൾക്ക് ഭക്ഷണം വിതരണം ചെയ്തതായി ജി എച്ച് എഫ് അവകാശപ്പെടുന്നതിനിടെയാണ് ഇസ്റാഈൽ സൈന്യം അവരെ വെടിവെച്ചു കൊല്ലുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.

വിശപ്പ് സഹിക്കാനാകാതെ ഭക്ഷണവിതരണ കേന്ദ്രം തുറക്കുന്നതിന് മുന്പ് തന്നെ ഫലസ്തീനികൾ കാത്തുനിൽക്കാറുണ്ടെന്നും കേന്ദ്രം തുറക്കുന്നതിന് മുന്പാണ് സൈന്യം വെടിയുതിർക്കുന്നതെന്നും ഗസ്സാ ആരോഗ്യമന്ത്രാലയം ആരോപിച്ചു. ഇന്നലെ നേരിട്ട ജീവഹാനികളിൽ കൂടുതലും ഖാൻ യൂനുസ് നഗരത്തിന് കിഴക്കുള്ള സഹായ വിതരണ കേന്ദ്രത്തിലായിരുന്നു. “ഭക്ഷണ കേന്ദ്രത്തിലേക്ക് ജനക്കൂട്ടത്തോടൊപ്പം താൻ നടന്നു പോകുകയായിരുന്നു. ജനക്കൂട്ടം മുന്നോട്ട് നീങ്ങിയപ്പോൾ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന്’ ദൃക്സാക്ഷിയായ മഹ്‌മൂദ് ഖൈമർ പറഞ്ഞു. അവർ ഞങ്ങളെ വളഞ്ഞു, ഞങ്ങൾക്ക് നേരെ വെടിവെക്കാൻ തുടങ്ങി. നിരവധി പേർ നിലത്ത് കിടക്കുന്നത് കണ്ടതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ഖാൻ യൂനുസിലെ നാസർ ആശുപത്രിയിൽ 25 മൃതദേഹങ്ങൾ എത്തിയതായി ആശുപത്രി അധികൃതർ പറഞ്ഞു. നിരവധി പേരാണ് പരുക്കേറ്റ് ചികിത്സക്കായി എത്തിയതെന്നും അവർ അറിയിച്ചു. റഫക്ക് സമീപവും ഇസ്റാഈൽ സൈന്യം ആക്രമണം നടത്തിയതായി അൽ ജസീറ റിപോർട്ട് ചെയ്തു. റഫ നഗരത്തിന് വടക്ക് നടത്തിയ വ്യോമാക്രണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. 70 പേർക്ക് പരുക്കേറ്റതായും നാസർ ആശുപത്രി നഴ്സിംഗ് വിഭാഗം മേധാവി ഡോ. മുഹമ്മദ് സാക്കർ പറഞ്ഞു.

മരിച്ചവരിൽ ഭൂരിഭാഗം പേർക്കും തലയിലും നെഞ്ചിലുമാണ് വെടിയേറ്റതെന്നും അദ്ദേഹം അസ്സോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. സ്ഥിതി ദുഷ്‌കരവും ദാരുണവുമാണ്. ദിവസേനയുള്ള അപകടങ്ങൾക്ക് ചികിത്സ നൽകാൻ ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കൻ ഗസ്സയിൽ അഭയാർഥി ക്യാന്പിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഗസ്സയിലെ രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികൾ കടുത്ത മാനുഷിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഭക്ഷ്യ സുരക്ഷാ വിദഗ്ധർ പറയുന്നു.

അതിനിടെ ഇസ്റാഈൽ ഉപരോധം മൂലം പട്ടിണിയിൽ വലയുന്ന ഗസ്സയിലെ കുട്ടികൾ ഭക്ഷണത്തിനായി മാലിന്യങ്ങൾ അരിച്ചുപെറുക്കുന്ന വീഡിയോ അൽ ജസീറ പുറത്തുവിട്ടു. ഒരു വീഡിയോയിൽ മൂന്ന് ആൺകുട്ടികൾ തെരുവിലെ മാലിന്യക്കൂമ്പാരത്തിനിടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും മാലിന്യത്തിൽ നിന്ന് അവശിഷ്ടങ്ങൾ എടുക്കുന്നതും വീഡിയോയിൽ കാണിക്കുന്നു. പ്രദേശത്തെ ആശുപത്രി അടിയന്തര വാർഡുകളിൽ പട്ടിണി കിടക്കുന്നവരുടെ എണ്ണം വർധിച്ചുവെന്നും പലരും പട്ടിണി കിടന്ന് മരിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Latest