Kerala
ഇസ്റാഈലിൻ്റെ ഖത്വർ ആക്രമണം: 15ന് സാമ്രാജ്യത്വ വിരുദ്ധ ദിനമാചരിക്കുമെന്ന് സി പി എം
ഏരിയാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തും

തിരുവനന്തപുരം | ഇസ്റാഈലിൻ്റെ ഖത്വര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഈ മാസം 15ന് സാമ്രാജ്യത്വ വിരുദ്ധ ദിനമാചരിക്കാൻ സി പി എം തീരുമാനം. ഇസ്റാഈലിൻ്റെ ഖത്വര്‍ ആക്രമണം മലയാളികള്‍ക്ക് ഗൗരവതരമായ പ്രശ്‌നമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. നാടിൻ്റെ സമ്പദ്ഘടനയെ തകര്‍ക്കുന്നതാണ് ഗള്‍ഫ് മേഖലയിലെ ബോംബ് ആക്രമണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആക്രമണത്തെ അപലപിക്കാന്‍ പോലും തയ്യാറായില്ലെന്നും സി പി എം പ്രതികരിച്ചു.
അമേരിക്കന്‍ സാമ്രാജ്യത്വ താത്പര്യം സംരക്ഷിക്കാനാണ് ഖത്വറിനെതിരായ ഇസ്റാഈൽ ആക്രമണം. സാമ്രാജ്യത്വ വിരുദ്ധ ദിനത്തിൽ ഏരിയാ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുസമ്മേളനവും നടത്താന്‍ കീഴ് ഘടകങ്ങള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കി.
ഖത്വറിൻ്റെ തലസ്ഥാനമായ ദോഹയിലെ കത്താറയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്റാഈല്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇസ്റാഈലിനും നെതന്യാഹുവിനുമെതിരെ ലോക വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.