Connect with us

siraj editorial

ഇതാണോ ഇടതു മുന്നണിയുടെ ‘മദ്യവര്‍ജനം'?

ഇടതു മുന്നണി പ്രകടനപത്രികയില്‍ പറയുന്നത് ഇങ്ങനെ: ‘മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിക്കുക.' ഈ വാഗ്ദാനവുമായി പൊരുത്തപ്പെടുന്നതാണോ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡുകളില്‍ ഷാപ്പുകള്‍ തുടങ്ങി മദ്യലഭ്യത പരമാവധി വര്‍ധിപ്പിക്കാനുള്ള തീരുമാനം.

Published

|

Last Updated

കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡുകളില്‍ മദ്യക്കടകള്‍ തുടങ്ങാനുള്ള പുറപ്പാടിലാണ് സര്‍ക്കാര്‍. ഗതാഗതമന്ത്രി ആന്റണി രാജുവാണ് കഴിഞ്ഞ ദിവസം ഈ കാര്യമറിയിച്ചത്. തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്‍പ്പെടെ കെ എസ് ആര്‍ ടി സി കോംപ്ലക്‌സുകള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ബെവ്കോക്ക് മദ്യഷാപ്പുകള്‍ തുടങ്ങാന്‍ നല്‍കിയാല്‍ കുറച്ച് മുറികള്‍ വാടകക്ക് പോകും. ഇതടിസ്ഥാനത്തില്‍ കെ എസ് ആര്‍ ടി സി മുന്നോട്ടുവെച്ച നിര്‍ദേശപ്രകാരം ബെവ്കോയുടെ വക്താക്കള്‍ വിവിധ കെ എസ് ആര്‍ ടി സി ബസ്്സ്റ്റാന്‍ഡ് കെട്ടിടങ്ങളില്‍ മദ്യഷാപ്പുകള്‍ നടത്താന്‍ പറ്റിയ മുറികള്‍ കണ്ടെത്തിവരികയാണ്. കെ എസ് ആര്‍ ടി സിക്ക് സ്വന്തം കെട്ടിടങ്ങളില്ലാത്ത പ്രദേശങ്ങളില്‍ കെട്ടിടം നിര്‍മിച്ചു നല്‍കാമെന്നും തിരക്കൊഴിവാക്കാനായി മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് കാത്തിരിപ്പിന് സ്ഥലം സജ്ജീകരിച്ചു കൊടുക്കാമെന്നും ബീവറേജ് കോര്‍പറേഷനെ അറിയിച്ചിട്ടുണ്ടെന്ന് കെ എസ് ആര്‍ ടി സി. എം ഡി ബിജുപ്രഭാകരന്‍ വെളിപ്പെടുത്തി. അതേസമയം ബസ് കയറാന്‍ കാത്തിരിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കുമടക്കം കാത്തിരിപ്പിനു മതിയായ സൗകര്യങ്ങളില്ല പല ബസ് സ്റ്റാന്‍ഡുകളിലും.
കോര്‍പറേഷന്‍ കെട്ടിട മുറികള്‍ വാടകക്ക് പോകുന്നതിനു പുറമെ കെ എസ് ആര്‍ ടി സി യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവിനും ഇത് സഹായകമാകുമെന്നാണ് ഗതാഗത വകുപ്പിന്റെ കണക്കുകൂട്ടല്‍. ബെവ്കോ ഔട്ട്്ലെറ്റുകളുടെ എണ്ണം കുറവായതിനാല്‍ പലയിടത്തും തടസ്സങ്ങളും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു. മദ്യഷാപ്പുകള്‍ക്കു മുമ്പില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കൊവിഡ് പശ്ചാത്തലത്തില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡുകളില്‍ ബെവ്കോ ഔട്ട്്ലെറ്റുകള്‍ തുടങ്ങിയാല്‍ ഈ പ്രശ്‌നം വലിയൊരളവില്‍ പരിഹരിക്കാനും തിരക്ക് കുറക്കാനും സഹായകമാകുമെന്നും ഗതാഗത മന്ത്രി പറയുന്നു. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശവും ഈ നീക്കത്തിന് ന്യായീകരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

പൊതു സമൂഹത്തില്‍ നിന്നും മത, സാംസ്‌കരിക സംഘടനകളില്‍ നിന്നും വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട് യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കടുത്ത ഭീഷണി സൃഷ്ടിക്കുന്ന ഈ തീരുമാനത്തിനെതിരെ. സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം പൊതുവെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത്. സ്ത്രീകള്‍ക്കെതിരായ അക്രമവും പീഡനങ്ങളും ലൈംഗിക പരാക്രമവും വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡുകളില്‍ മദ്യഷാപ്പ് തുടങ്ങിയാല്‍ സ്ത്രീസുരക്ഷയെ അത് കൂടുതല്‍ ബാധിക്കും. സ്ത്രീകളും കുട്ടികളുമടക്കം യാത്രക്കാര്‍ക്ക് ശല്യമുണ്ടാകാത്ത രീതിയിലായിരിക്കും മദ്യക്കടകള്‍ തുറക്കുകയെന്നാണ് ഗതാഗത മന്ത്രിയുടെ അവകാശവാദമെങ്കിലും അത് പൊയ്‌വാക്കായി തീരുമെന്ന് മദ്യഷാപ്പുകള്‍ക്ക് മുന്നിലെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.

നിയമപരമായ തടസ്സങ്ങളും ഏറെയുണ്ട് കെ എസ് ആര്‍ ടി സിയുടെ ഈ നീക്കത്തിന്. കെ എസ് ആര്‍ ടി സി ബസില്‍ എന്തൊക്കെ സാധനങ്ങള്‍ കൊണ്ടുപോകാമെന്നും കൊണ്ടുപോകരുതെന്നും അതിന്റെ മാനുവലില്‍ കൃത്യമായ നിര്‍ദേശമുണ്ട്. ഇതനുസരിച്ച് മദ്യവും മറ്റു ലഹരി വസ്തുക്കളുമായി യാത്ര ചെയ്യുന്നതിന് കെ എസ് ആര്‍ ടി സി ബസില്‍ വിലക്കുണ്ട്. ബസ് സ്റ്റാന്‍ഡിലെ കടയിൽ നിന്ന് വാങ്ങിയ മദ്യം അവിടെ നിന്ന് കുടിക്കാമെന്നു വെച്ചാലും പ്രശ്‌നമുണ്ട്. പൊതുസ്ഥലത്ത് മദ്യപിക്കുന്നത് നിയമവിരുദ്ധമാണ്. മദ്യപിച്ച് ബസില്‍ കയറി ബഹളമുണ്ടാക്കിയാല്‍ പൊതു ഇടങ്ങളില്‍ പ്രശ്‌നമുണ്ടാക്കിയതിന് കേസ് ചാര്‍ജ് ചെയ്യാം. മദ്യപന്മാര്‍ ബസ് സ്റ്റാന്‍ഡില്‍ ഇരുന്ന് പരസ്യമായി കുടിക്കാന്‍ തുടങ്ങിയാല്‍ കുടുംബ സമേതം യാത്ര ചെയ്യുന്നവരെ കെ എസ് ആര്‍ ടി സിയുമായി അകറ്റുകയും ചെയ്യും. ബസ് സ്റ്റാന്‍ഡില്‍ മദ്യം ലഭ്യമാകുന്നതോടെ ഡ്രൈവര്‍മാര്‍ക്കിടയില്‍ മദ്യപാനവും അതുവഴി വാഹനാപകടങ്ങളും വര്‍ധിക്കാനും വഴിയൊരുങ്ങും.

ഒറ്റയടിക്കുള്ള മദ്യ നിരോധത്തെ അനുകൂലിക്കുന്നില്ലെങ്കിലും മദ്യലഭ്യത കുറച്ച് വര്‍ജനത്തിലൂടെ ഘട്ടം ഘട്ടമായി മദ്യനിരോധം സാധ്യമാക്കുമെന്ന വാഗ്ദാനവുമായാണ് എല്‍ ഡി എഫ് അധികാരത്തിലേറിയത്. ഇടതു മുന്നണിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറയുന്നത് ഇങ്ങനെ: ‘മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിക്കുക.’ ഈ വാഗ്ദാനവുമായി പൊരുത്തപ്പെടുന്നതാണോ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡുകളില്‍ ഷാപ്പുകള്‍ തുടങ്ങി മദ്യലഭ്യത പരമാവധി വര്‍ധിപ്പിക്കാനുള്ള തീരുമാനം. മദ്യലഭ്യത കുറക്കാതെ കേവല ബോധവത്കരണം കൊണ്ട് മദ്യവര്‍ജനം നടപ്പാക്കാമെന്ന് ഇടതു മുന്നണിയും പിണറായി സര്‍ക്കാറും വിശ്വസിക്കുന്നുണ്ടോ? നേരത്തേ പുകവലിയുടെ കാര്യത്തില്‍ ഇത് നടപ്പാക്കി പരാജയപ്പെട്ടതാണ് സര്‍ക്കാര്‍. കേവല ബോധവത്കരണം കൊണ്ട് പുകവലിയില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കാനാകില്ലെന്ന് ബോധ്യമായപ്പോഴാണല്ലോ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ട് നിയമം പാസ്സാക്കുകയും പരസ്യമായി പുകവലിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയും ചെയ്തത്. നിരോധത്തിലൂടെയല്ലാതെ മദ്യപാനം തടയാന്‍ സാധിക്കില്ലെന്ന് ഭരണ തലപ്പത്തുള്ളവര്‍ക്ക് നന്നായറിയാം. മദ്യവില്‍പ്പന വഴി പൊതുഖജനാവിനു ലഭിക്കുന്ന വന്‍ വരുമാനം വേണ്ടെന്നു വെക്കാനുള്ള സാമൂഹിക നന്മയിലധിഷ്ഠിതമായ ബോധവും ധാര്‍മിക ചിന്തയും സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കില്ലാതെപോയി. മദ്യ നിരോധത്തിനു പകരം മദ്യവര്‍ജനം എന്നുപയോഗിച്ചത് കേവല രാഷ്ട്രീയ കൗശലം മാത്രമാണ്. മദ്യ നിരോധമെന്ന പോലെ മദ്യ വര്‍ജനവും രാഷ്ട്രീയ നേതൃത്വങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. ജനങ്ങള്‍ ദുരിതമനുഭവിച്ചാലും മദ്യത്തിലൂടെ പൊതുഖജനാവിലേക്ക് വരുന്ന വരുമാനം മുടങ്ങരുതെന്ന് മാത്രമേയുള്ളൂ അവര്‍ക്ക്. വര്‍ധിതമായ ആരോഗ്യ പ്രശ്നങ്ങളുടെയും അധാര്‍മികതയുടെയും ക്രിമിനലിസത്തിന്റെയും കുടുംബ ശൈഥില്യത്തിന്റെയും വാഹനാപകടങ്ങളുടെയുമൊക്കെ രൂപത്തില്‍ കേരളം മദ്യ വ്യാപനത്തിന് വന്‍വില നല്‍കിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് മദ്യ നിരോധത്തിന്, ചുരുങ്ങിയപക്ഷം മദ്യലഭ്യത കുറക്കാനുള്ള നടപടികള്‍ക്കെങ്കിലും സര്‍ക്കാര്‍ സന്നദ്ധമാകേണ്ടിയിരിക്കുന്നു.

Latest